-->
ന്യൂഡല്‍ഹി: ചൈനീസ് നിര്‍മിത റോബോട്ട് നായയെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ച ഉത്തര്‍പ്രദേശിലെ ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയെ എ.ഐ. ഉച്ചകോടിയില്‍നിന്ന് പുറത്താക്കി.
എ.ഐ. ഇംപാക്‌ട് സമ്മിറ്റിലെ എക്‌സ്‌പോ മേഖലയില്‍നിന്ന് പുറത്തുപോകാന്‍ സര്‍വകലാശാലയോട് ഉച്ചകോടി സംഘാടകര്‍ ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ മാപ്പുപറഞ്ഞ് ഗല്‍ഗോട്ടിയാസ് സര്‍വകലാശാല അധികൃതര്‍ രംഗത്തെത്തി. സ്വന്തമായി വികസിപ്പിച്ചതാണെന്ന് അവകാശപ്പെട്ട് ചൈനീസ് നിര്‍മിത റോബോട്ടിക് നായയെ ഗല്‍ഗോട്ടിയാസ് സര്‍വകലാശാല ഉച്ചകോടതിയില്‍ അവതരിപ്പിച്ചതാണ് വിവാദമായത്. നിരീക്ഷണത്തിനായുള്ള റോബോട്ടിക് നായ എന്ന നിലയിലാണ് ഇതിനെ സ്വകാര്യ സര്‍വകലാശാല അവതരിപ്പിച്ചത്.
സര്‍വകലാശാലയുടെ 350 കോടി രൂപയുടെ എ.ഐ. പദ്ധതിയുടെ ഭാഗമായാണ് 'ഒറിയോണ്‍' എന്ന നായയെ വികസിപ്പിച്ചതെന്ന വിശദീകരണത്തോടെയാണ് റോബോട്ടിക് നായയെ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്. സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് വികസിപ്പിച്ച നായയെക്കുറിച്ച് പ്രഫ. നേഹ സിങ്ങ് വിശദീകരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. നായയ്‌ക്ക് ക്യാമ്പസിലൂടെ സ്വയം സഞ്ചരിക്കാനും നിരീക്ഷണം നടത്താനും കഴിവുണ്ടെന്നാണ് സര്‍വകലാശാലയുടെ അവകാശവാദം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് ഈ റോബോട്ടിക് നായയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു.
എന്നാല്‍, ചൈനീസ് റോബോട്ടിക് കമ്പനിയായ യൂണിട്രീയുടെ 'ഗോ2' എന്ന റോബോട്ടിക് നായയാണ് ഇതെന്ന വിവരം പുറത്തുവന്നതോടെ സര്‍വകലാശാലയുടെ വ്യാജ അവകാശവാദം രാജ്യത്തിനുതന്നെ നാണക്കേടായി. ഏകദേശം രണ്ടരലക്ഷം രൂപ മുടക്കിയാല്‍ ആര്‍ക്കും ഈ റോബോട്ടിക് നായയെ ഓണ്‍ലൈനായി വാങ്ങാമെന്ന വിവരവും പുറത്തുവന്നു. സംഭവം വിവാദമായതോടെ സര്‍വകലാശാലയോട് എ.ഐ. ഉച്ചകോടിയില്‍നിന്നു പുറത്തുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
ഇതോടെയാണ് മാപ്പപേക്ഷയുമായി സര്‍വകലാശാല രംഗത്തെത്തിയത്. റോബോട്ടിക് നായയെ തങ്ങള്‍ നിര്‍മിച്ചതാണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി ചൈനീസ് കമ്പനിയില്‍നിന്ന് വാങ്ങിയതാണെന്നും സര്‍വകലാശാല അറിയിച്ചു.
റോബോട്ടിനെക്കുറിച്ച് വിശദീകരിച്ച പ്രഫ. നേഹ സിങ്ങിനു സംഭവിച്ച പിഴവാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. റോബോട്ടിനെക്കുറിച്ച് നേഹ സിങ്ങിന് ധാരണയുണ്ടായിരുന്നില്ലെന്നും അവര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ അധികാരമില്ലായിരുന്നുവെന്നും സര്‍വകലാശാല അറിയിച്ചു.