-->
തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് മികച്ച ഗായികയ്ക്കുളള പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് ഗായിക ശക്തിശ്രീ ഗോപാലന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗായിക സന്തോഷം പങ്കിട്ടത്. 2017 ലെ മികച്ച ഗായികയ്ക്കുളള പുരസ്‌കാരം ലഭിച്ചതില്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ശക്തിശ്രീ കുറിച്ചു.
വിക്രംവേദ എന്ന ചിത്രത്തില്‍ യാഞ്ചി എന്നുതുടങ്ങുന്ന ഗാനത്തിനാണ് ശക്തിശ്രീക്ക് പുരസ്‌കാരം ലഭിച്ചത്. തമിഴ്‌നാട്ടിലേക്കുളള വരവിനെക്കുറിച്ചും പിന്നണിഗാനരംഗത്തേക്ക് കടന്നതിനെക്കുറിച്ചുമൊക്കെ ശക്തിശ്രീ കുറിച്ചിട്ടുണ്ട്.
നിറയെ സ്വപ്‌നങ്ങളും എ ആര്‍ റഹ്മാന്റെ സംഗീതത്തോട് അടങ്ങാത്ത ആരാധനയുമുളള കൊച്ചിക്കാരി പെണ്‍കുട്ടിയായ താന്‍ 2006 ഓഗസ്റ്റിലാണ് ചെന്നൈയിലേക്ക് വരുന്നത്. അണ്ണാസര്‍വകലാശാലയിലെ ആര്‍കിടെക്ചര്‍ സ്‌കൂളില്‍ ഡിസൈന്‍ പഠിക്കാനായാണ് കേരളത്തില്‍ നിന്നുവന്നത്.
ഫ്രഷേഴ്‌സ് ഡേയില്‍ വെളൈള പൂക്കള്‍ എന്നഗാനം പാടിയതിനു പിന്നാശല പ്രൊഫസര്‍ ഇളങ്കോ പിന്നണിഗാനരംത്തേക്ക് ശ്രമിക്കണമെന്നു പറഞ്ഞിരുന്നുവെന്നും ശക്തിശ്രീ പറയുന്നു. എന്നാല്‍ റെക്കോഡിങ് ഇന്‍ഡസ്ട്രിയിലേക്കും തമിഴ് സിനിമാ ലോകത്തേക്കുമുളള വാതിലുകള്‍ എവിടെ കണ്ടെത്തണമെന്ന് തനിക്കറിയില്ലായിരുന്നു. അവിടെ തുടങ്ങിയ കഥ പല സാഹസികലോകത്തേക്കും തന്നെ പിന്നീട് കൊണ്ടുപോയി.
തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നുളള ഈ പുരസ്‌കാരം തനിക്ക് സ്‌പെഷലാണെന്നും കാരണം തനിക്കുവേണ്ടി അമ്മയാണ് പുരസ്‌കാരം വാങ്ങിയതെന്നും ശക്തിശ്രീകുറിക്കുന്നു. മട്ടാഞ്ചേരിയില്‍ നിന്നുളള ആ കൊച്ചുപെണ്‍കുട്ടി കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കടല്‍ സിനമയില്‍ എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ശക്തിശ്രീ ആലപിച്ച ‘നെഞ്ചുക്കുളേള ’എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മരിയാനിലെ ‘എങ്ക പോന രാസാ’, മദ്രാസിലെ ‘നാന്‍ നീ ’, ചെക്ക ചെവന്ത വാനത്തിലെ‘ ഭുമി ഭൂമി’, പത്തു തലൈയിലെ ‘നിനവിറുക്കാ’, പൊന്നിയിന്‍ സെല്‍വനിലെ ‘അഗനഗ ’എന്നു തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ ശക്തിശ്രീ ആലപിച്ചിട്ടുണ്ട്. മലയാളത്തില്‍ തല്ലുമാല, സര്‍വംമായ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലും ശക്തിശ്രീ ആലപിച്ചിട്ടുണ്ട്.