-->
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നവജാത ശിശുമരിച്ച സംഭവത്തില്‍ ഡോക്ടര്‍ ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവം അന്വേഷിക്കാന്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘം ഇന്ന് ജില്ലാ ആശുപത്രിയിലെത്തും.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ലേബര്‍ റൂമിലേക്ക് മാറ്റിയ നിരഞ്ജനയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സിസേറിയന് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുഞ്ഞ് മരിച്ച വിവരം അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്തല്ലാതെ കുട്ടിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് കുടുംബം.
അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ആശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്ന നിലപാടിലാണ് കുടുംബം. സംഭവത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ, ആരോപണ വിധേയയായ ഡോക്ടര്‍ ബിന്ദു സുന്ദറിന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. നിരഞ്ജനയെ കഴിഞ്ഞദിവസമാണ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഉടന്‍ തന്നെ അഡ്മിറ്റ് ചെയ്തു.
ഡോക്ടര്‍ക്കെതിരെ മുന്‍പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ റീന പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പ്രതികരിച്ചു.