-->
മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ കരുത്തനായ ബാഴ്‌സലോണയ്‌ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ജിറോണയ്‌ക്കെതിരേ ഇന്നലെ നടന്ന എവേ മത്സരത്തില്‍ 2-1 നാണു ബാഴ്‌സ തോറ്റത്.
സ്വന്തം തട്ടകമായ ഡി മോണ്ടിലിവി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജിറോണയ്‌ക്കായി ലെമാറും ഫ്രാന്‍ ബെല്‍ട്രാനും ഗോളടിച്ചു. പീര്‍ കുബ്രാസിയാസിയാണു ബാഴ്‌സയ്‌ക്കായി ഗോളടിച്ചത്‌്. ബാഴ്‌സ കഴിഞ്ഞ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് 4-0 ത്തിനു തോറ്റിരുന്നു. 24 കളിളില്‍നിന്ന് 58 പോയിന്റ് നേടിയ ബാഴ്‌സ രണ്ടാം സ്‌ഥാനത്തു തുടര്‍ന്നു. അത്രയും കളികളില്‍നിന്ന് 29 പോയിന്റുള്ള ജിറോണ 12-ാം സ്‌ഥാനത്തായി. ബാഴ്‌സ കോച്ച് ഹാന്‍സി ഫ്‌ളിക് ജിറോണയ്‌ക്കെതിരെ 4-3-3 ഫോര്‍മേഷനാണ് അവലംബിച്ചത്. ജിറോണ കോച്ച് മിഗ്വേല്‍ സാഞ്ചസ് 4-2-3-1 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കാന്‍ ബാഴ്‌സയുടെ ലാമിനെ യമാലിനു കഴിഞ്ഞില്ല.
ഡെയ്‌ലി ബ്ലിന്‍ഡ് ബോക്‌സില്‍ ഡാനി ഒല്‍മോയെ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി. യമാലിന്റെ സ്‌പോട്ട് കിക്ക് പോസ്‌റ്റില്‍ തട്ടി പുറത്തേക്കു പോയി. 59-ാം മിനിറ്റില്‍ യൂള്‍സ് കൗണ്ടേയുടെ അസിസ്‌റ്റില്‍ പൗ ക്യൂബാസി ബാഴ്‌സയെ മുന്നിലെത്തിച്ചു. 62-ാം മിനിറ്റില്‍ തോമസ് ലെമാര്‍ ജിറോണയെ ഒപ്പമെത്തിച്ചു. 86-ാം മിനിട്ടില്‍ ഫ്രാന്‍ ബെല്‍ട്രണ്‍ ജിറോണയ്‌ക്കായി രണ്ടാം ഗോളുമടിച്ചതോടെ സ്‌റ്റേഡിയം ആവേശത്തിലായി. ഇഞ്ചുറി ടൈമില്‍ യമാലിനെ അപകടകരമായി ഫൗള്‍ ചെയ്‌ത് റോക ചുവപ്പ് കാര്‍ഡ് കണ്ടതോടെ ജിറോണ പത്തു പേരുമായാണു മത്സരം അവസാനിപ്പിച്ചത്.