Saturday, March 14, 2026 Last Updated 52 Min 19 Sec ago English Edition
Todays E paper
Ads by Google
എസ്. നാരായണ്‍
Tuesday 17 Feb 2026 11.39 PM

അയ്യപ്പ സംഗമം: സര്‍വ്വം മായ ! കണക്കിനു പഴി ; സ്​പോണ്‍സര്‍മാര്‍ മുങ്ങി, ബോര്‍ഡ്‌ വെട്ടിലായി, നാണക്കേട്‌ മറയ്‌ക്കാന്‍ കുറ്റം സ്വയം ഏറ്റെടുത്തു

ഹൈക്കോടതിയുടെ കര്‍ശന നിലപാടിന്‌ പിന്നാലെയാണ്‌ നാണക്കേട്‌ മറയ്‌ക്കാന്‍ ബോര്‍ഡ്‌ ഇപ്പോള്‍ കുറ്റം സ്വയം ഏറ്റെടുത്തിരിക്കുന്നത്‌.
uploads/news/2026/02/825930/tdb.jpg

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ നടന്ന ധൂര്‍ത്തും അഴിമതിയും ഓഡിറ്റ്‌ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതോടെ പിഴവ്‌ സമ്മതിച്ച്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌. റിപ്പോര്‍ട്ടിലെ ഗുരുതരമായ പിഴവുകള്‍ ബോര്‍ഡിന്റെ തന്നെ വീഴ്‌ചയാണെന്ന്‌ പ്രസിഡന്റ്‌ കെ. ജയകുമാര്‍ തുറന്നു സമ്മതിച്ചു. ഹൈക്കോടതിയുടെ കര്‍ശന നിലപാടിന്‌ പിന്നാലെയാണ്‌ നാണക്കേട്‌ മറയ്‌ക്കാന്‍ ബോര്‍ഡ്‌ ഇപ്പോള്‍ കുറ്റം സ്വയം ഏറ്റെടുത്തിരിക്കുന്നത്‌. 4.99 കോടി രൂപയില്‍ ഒരു പൈസ പോലും അധികം ചെലവാക്കില്ലെന്നും ഏജന്‍സിക്ക്‌ അധികതുക നല്‍കില്ലെന്നും ബോര്‍ഡ്‌ ഉറപ്പിച്ചു പറഞ്ഞു.

ഓഡിറ്റ്‌ റിപ്പോര്‍ട്ടില്ലെന്ന്‌ ആദ്യം പറഞ്ഞ ബോര്‍ഡ്‌, ഒടുവില്‍ റിപ്പോര്‍ട്ട്‌ ഉണ്ടെന്നും എന്നാല്‍ അതില്‍ പിശകുണ്ടെന്നും സമ്മതിച്ചു. ഈ പിശകുകള്‍ക്ക്‌ കാരണം ഓഡിറ്ററല്ല, മറിച്ച്‌ ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്‌ഥതയാണ്‌. ബില്ലുകള്‍ കൃത്യമായി പരിശോധിക്കുന്നതിലും അസറ്റ്‌ രജിസ്‌റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലും വന്ന പിഴവാണ്‌ കണക്കുകള്‍ തെറ്റാന്‍ കാരണം. പങ്കെടുക്കാത്ത നന്ദഗോവിന്ദം ഭജന സംഘത്തിന്‌ ലക്ഷങ്ങള്‍ നല്‍കിയതും ഇല്ലാത്ത പ്രഭാതഭക്ഷണം വിളമ്പിയതുമെല്ലാം ബോര്‍ഡിന്റെ അനാസ്‌ഥയാണെന്ന്‌ ഇതോടെ വ്യക്‌തമായി.

അയ്യപ്പസംഗമത്തിന്റെ പേരില്‍ 7.11 കോടി രൂപയുടെ ഫൈനല്‍ ബില്ലാണ്‌ ഐ.ഐ.ഐ.സി. സമര്‍പ്പിച്ചത്‌. എന്നാല്‍ മുന്‍ ബോര്‍ഡ്‌ നിശ്‌ചയിച്ച 4.99 കോടിയില്‍ കൂടുതല്‍ ഒരു നയാപൈസ നല്‍കില്ലെന്നാണ്‌ ഇപ്പോഴത്തെ കര്‍ശന തീരുമാനം. അധിക ബില്ലുകള്‍ ബോര്‍ഡ്‌ തള്ളിയേക്കും. നേരത്തെ ദേവസ്വം ബോര്‍ഡ്‌ അഡ്വാന്‍സ്‌ നല്‍കിയ മൂന്നു കോടി രൂപ അക്കൗണ്ടിലേക്ക്‌ തിരിച്ചെത്തിയിട്ടുണ്ട്‌. അദാനി ഗ്രൂപ്പ്‌ നല്‍കുമെന്ന്‌ പറഞ്ഞ ഒരു കോടി ഉള്‍പ്പെടെ വെറും 3.85 കോടി രൂപ മാത്രമാണ്‌ നിലവില്‍ സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ചിട്ടുള്ളത്‌.

വാഗ്‌ദാനം നല്‍കിയ പലരും മുങ്ങിയതോടെ ബോര്‍ഡ്‌ വെട്ടിലായി. എങ്കിലും ഈ കുറവ്‌ നികത്താന്‍ ഭക്‌തരുടെ പണമോ ദേവസ്വം ഫണ്ടോ ഉപയോഗിക്കില്ലെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ തന്നെ പണം കണ്ടെത്തുമെന്നും പ്രസിഡന്റ്‌ ഹൈക്കോടതിയില്‍ നല്‍കിയ വാക്ക്‌ ആവര്‍ത്തിച്ചു. റിപ്പോര്‍ട്ടിലെ പിശകുകള്‍ തിരുത്താന്‍ ദേവസ്വം കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക്‌ ഫോഴ്‌സിനെ നിയോഗിച്ചു. ഈ മാസം 26നകം തിരുത്തിയ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കാനാണ്‌ തീരുമാനം. ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങള്‍ക്കും കാരണം ഓഡിറ്ററുടെ പിഴവല്ലെന്നും, മറിച്ച്‌ ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണെന്നും ദേവസ്വം പ്രസിഡന്റ്‌ വ്യക്‌തമാക്കി.

''ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം നടന്നില്ല. പത്ത്‌ ദിവസത്തിനകം വ്യക്‌തത വരുത്തി ഓഡിറ്ററെ അറിയിക്കും. ഓഡിറ്ററുടെ കുറ്റമാണെന്ന്‌ പറയാന്‍ കഴിയില്ല. പക്ഷേ വസ്‌തുതപരമായ പിശകുകള്‍ ഉണ്ടായിട്ടുണ്ട്‌. ബില്ലുകള്‍ ഫിസിക്കല്‍ ആയി വെരിഫൈ ചെയ്യുന്നതിലും അസറ്റ്‌ രജിസ്‌റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി വാലിഡേറ്റ്‌ ചെയ്യുന്നതിലും ഉണ്ടായ കാലതാമസമാണ്‌ റിപ്പോര്‍ട്ടില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടാന്‍ കാരണമായത്‌. ഓഡിറ്റര്‍ക്ക്‌ സമയോചിതമായ മറുപടി നല്‍കുന്നതില്‍ വീഴ്‌ച സംഭവിച്ചുവെന്നും അത്തരത്തില്‍ റിപ്പോര്‍ട്ടില്‍ പിശകുകള്‍ സംഭവിച്ചുവെന്നും ദേവസ്വം ബോര്‍ഡ്‌ സമ്മതിച്ചു.
'' റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ടാസ്‌ക്‌ ഫോഴ്‌സിനെ ബോര്‍ഡ്‌ നിയോഗിച്ചിട്ടുണ്ട്‌. ദേവസ്വം കമ്മിഷണര്‍, അക്കൗണ്ട്‌സ്‌ ഓഫീസര്‍, ചീഫ്‌ എന്‍ജിനീയര്‍ എന്നിവരടങ്ങുന്ന ഈ സംഘം പത്തു ദിവസത്തിനുള്ളില്‍ ഓഡിറ്ററുമായി ചര്‍ച്ച നടത്തി കാര്യങ്ങളില്‍ വ്യക്‌തത വരുത്തും. പരിപാടിയില്‍ പങ്കെടുക്കാത്ത നന്ദഗോവിന്ദം ഭജന്‍സിന്‌ ലക്ഷക്കണക്കിന്‌ രൂപ നല്‍കിയതായും 4,000 പേര്‍ പ്രഭാതഭക്ഷണം കഴിച്ചതായുമുള്ള കണക്കുകള്‍ തെറ്റായ രേഖകളുടെ അടിസ്‌ഥാനത്തില്‍ വന്നതാണ്‌. ലഭ്യമായ മെറ്റീരിയലുകള്‍ വച്ച്‌ ഓഡിറ്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഇത്തരം അപാകതകള്‍ ടാസ്‌ക്‌ ഫോഴ്‌സ്‌ വിശദമായി പഠിക്കും. എന്നാല്‍, ഐഐഐസി പോലുള്ള ഏജന്‍സികള്‍ സമര്‍പ്പിച്ച ഫൈനല്‍ ബില്ലുകള്‍ ഏകദേശം 7.11 കോടി രൂപയോളം വരുന്നുണ്ട്‌. തങ്ങള്‍ നിശ്‌ചയിച്ച തുകയില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന്‌ ബോര്‍ഡ്‌ ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്‌.

എസ്‌. നാരായണന്‍

Ads by Google
Ads by Google
TRENDING NOW