-->
ന്യൂഡല്‍ഹി: അന്തരിച്ച കോടീശ്വരന്‍ ജെഫ്രി എപ്‌സ്‌റ്റീന്റെ കുപ്രസിദ്ധ ലൈംഗിക കടത്ത് ശൃംഖലയില്‍ പീഡിപ്പിക്കപ്പെട്ടവരില്‍ ഇന്ത്യക്കാരിയും. പുതുതായി തുറന്ന എപ്‌സ്‌റ്റീന്‍ ഫയലിലാണു വെളിപ്പെടുത്തല്‍. ആദ്യമായാണ് എപ്‌സ്‌റ്റീന്റെ കുപ്രസിദ്ധ ലൈംഗിക കടത്ത് ശൃംഖലയില്‍ ഒരു 'ഇന്ത്യന്‍ ഇര'യുടെ സാന്നിധ്യം സ്‌ഥിരീകരിക്കുന്നത്. ഇന്ത്യയിലുള്ള സ്‌ത്രീയെ കണ്ടെത്തി നഷ്‌ടപരിഹാരം നല്‍കാന്‍ അമേരിക്കന്‍ അധികൃതര്‍ ശ്രമം തുടരുകയാണെന്നു 2026 ജനുവരി അവസാനം യു.എസ്. നീതിന്യായ വകുപ്പ് (ഡി.ഒ.ജെ) പുറത്തിറക്കിയ രേഖകളില്‍ പറയുന്നു. മാനസികാരോഗ്യത്തിനും പിന്തുണ നല്‍കും.2020 ജനുവരി 13-ന് ലഭിച്ച ഒരു ഇമെയില്‍ സന്ദേശത്തില്‍നിന്നാണ് ഇന്ത്യക്കാരിയും ഇരയായതായി സൂചന ലഭിച്ചത്. എപ്‌സ്‌റ്റീന്‍ കേസുകളിലെ അതിജീവിതമാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷക ബ്രിട്ടാനി ഹെന്‍ഡേഴ്‌സണ്‍ വിവരം യു.എസ്. ഉദ്യോഗസ്‌ഥര്‍ക്കു കൈമാറി.ഇരകള്‍ക്കുള്ള നഷ്‌ടപരിഹാരത്തിനായി അപേക്ഷിക്കാന്‍ സ്‌ത്രീയെ സഹായിക്കാന്‍ ഇന്ത്യയിലെ യു.എസ്. എംബസിയുമായി ബന്ധപ്പെടുമെന്നും യു.എസ്. ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. അതേ സമയം, വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.