Wednesday, March 11, 2026 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.37 PM

പാകിസ്‌താനിലേക്കുള്ള അധിക വെള്ളം ഇന്ത്യ നിര്‍ത്തലാക്കും

ശ്രീനഗര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്‌ തിരിച്ചടിയെന്നോണം രവി നദിയില്‍നിന്നു പാകിസ്‌താനിലേക്കുള്ള അധിക ജലം തടയുമെന്ന്‌ ജമ്മു കശ്‌മീര്‍ ജലവിഭവ മന്ത്രി ജാവേദ്‌ അഹമ്മദ്‌ റാണ. പഞ്ചാബ്‌-ജമ്മു കശ്‌മീര്‍ അതിര്‍ത്തിയിലെ ഷാപൂര്‍ കന്‍ഡി അണക്കെട്ടിന്റെ നിര്‍മാണം മാര്‍ച്ച്‌ 31ന്‌ പൂര്‍ത്തിയാകും.
രവി നദിയില്‍നിന്ന്‌ ഇന്ത്യയുടെ ആവശ്യം കഴിഞ്ഞുള്ള അധികജലം പാകിസ്‌താനിലേക്ക്‌ ഒഴുക്കിയിരുന്നു. സമ്പദ്‌വ്യവസ്‌ഥയുടെ മുന്തിയപങ്കും കൃഷിയെ ആശ്രയിക്കുന്ന പാകിസ്‌താന്‌ ഇതു വലിയ ആശ്വാസവുമായിരുന്നു. വേനല്‍ക്കാലത്ത്‌ കത്വ, സാംബ ജില്ലകള്‍ക്ക്‌ വെള്ളം ഉറപ്പാക്കാനാണ്‌ പാകിസ്‌താനിലേക്ക്‌ ഒഴുക്കിയിരുന്ന അധികജലം തടയുന്നതെന്ന്‌ മന്ത്രി പറഞ്ഞു. അധിക വെള്ളം പഞ്ചാബിലും ജമ്മു കാശ്‌മീരിലും ഉപയോഗിക്കാനാണ്‌ പദ്ധതി ലക്ഷ്യമിടുന്നതെന്ന്‌ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു.2025 ഏപ്രില്‍ 22 ന്‌ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ വെള്ളവും രക്‌തവും ഒന്നിച്ചൊഴുകില്ലെന്ന്‌ ഇന്ത്യ നേരത്തേ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
ഇന്ത്യ പാകിസ്‌താനെതിരേ തുടക്കമിട്ട 'ഓപ്പറേഷന്‍ സിന്ദൂര്‍' തുടര്‍ച്ചയായി 1960 ലെ സിന്ധു ജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതുള്‍പ്പെടെ നിരവധി കടുത്ത നടപടികള്‍ ഇന്ത്യ പാകിസ്‌താനെതിരേ സ്വീകരിച്ചിട്ടുണ്ട്‌. ഇന്ത്യ ജമ്മു കശ്‌മീരിലെ ചെനാബ്‌ നദിയില്‍ വമ്പന്‍ ജലവൈദ്യുതി പദ്ധതി ആവിഷ്‌കരിച്ചത്‌ പാകിസ്‌താന്‌ കൂടുതല്‍ ആഘാതവുമായിരുന്നു. വേനല്‍ തുടങ്ങുംമുന്‍പേ രവി നദിയിലെ വെള്ളംകൂടി തടയാനുള്ള തീരുമാനത്തിലാണ്‌ ഇന്ത്യ.
നേരത്തേ സിന്ധൂനദീജല കരാറില്‍നിന്ന്‌ പിന്‍വാങ്ങിയ ഇന്ത്യയുടെ തീരുമാനത്തിനെതിരേ പാകിസ്‌താന്‍ രാജ്യാന്തര വേദികളില്‍ പരാതികള്‍ ഉന്നയിച്ചിരുന്നെങ്കിലും ഇന്ത്യ വഴങ്ങിയിട്ടില്ല.ഭീകര്‍ക്ക്‌ സര്‍വപിന്തുണയും നല്‍കുകയെന്ന നിലപാടില്‍നിന്ന്‌ പാകിസ്‌താന്‍ പൂര്‍ണമായും പിന്തിരിയുംവരെ ഇനി ഒരു ബന്ധവുമുണ്ടാകില്ലെന്ന്‌ ഇന്ത്യ വ്യക്‌തമാക്കിയിട്ടുണ്ട്‌. ചെനാബ്‌ നദിയിലെ ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കണമെന്ന്‌ ഇതിനിടെ പാകിസ്‌താന്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ തള്ളി.പാകിസ്‌താന്റെ ജി.ഡി.പിയുടെ 25% പങ്കുവഹിക്കുന്നത്‌ കാര്‍ഷിക മേഖലയാണ്‌. പാകിസ്‌താന്‍ കാര്‍ഷിക മേഖലയ്‌ക്കുള്ള 80% വെള്ളവും എത്തുന്നത്‌ സിന്ധു നദിയില്‍നിന്നാണ്‌. ഇന്ത്യയുടെ നടപടി പാകിസ്‌താന്‌ വരുത്തുന്ന ആഘാതം വ്യക്‌തമാണ്‌. ചെനാബ്‌, രവി നദികളിലെ വെള്ളവും കൂടി ലഭിക്കാതാവുന്നത്‌ പാകിസ്‌താന്‌ വന്‍ തിരിച്ചടിയാകും. 1960 ല്‍ ഇന്ത്യയും പാകിസ്‌താനും തമ്മില്‍ ഒപ്പുവച്ച സിന്ധു ജല ഉടമ്പടി പ്രകാരം, കിഴക്കന്‍ നദികളായ രവി, ബിയാസ്‌, സത്‌ലജ്‌ എന്നിവയുടെ ജലം ഉപയോഗിക്കാനുള്ള പൂര്‍ണ അവകാശം ഇന്ത്യക്കാണ്‌. നദികളായ സിന്ധു, ചെനാബ്‌, ഝലം എന്നിവയിലെ വെള്ളത്തിന്‌ ഇതേ അധികാരം പാകിസ്‌താനുമുണ്ട്‌. സിന്ധു ജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചത്‌ ജമ്മു കശ്‌മീരിലെ വൈദ്യുതി, അണക്കെട്ട്‌ പദ്ധതികളെ ത്വരിതപ്പെടുത്തിയെന്നും റാണ ചൂണ്ടിക്കാട്ടി.2018 ഡിസംബറിലാണ്‌ പഞ്ചാബിലെ പത്താന്‍കോട്ടിലെ രവി നദിയില്‍ ഷാപൂര്‍ കന്‍ഡി അണക്കെട്ട്‌ പദ്ധതിക്ക്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്‌.

Ads by Google
Tuesday 17 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW