-->
മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച് ടെലിവിഷന്‍ സ്ക്രീനില്‍ കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച്, ബിഗ് സ്ക്രീനില്‍ അഭിനേതാവായും സംവിധായകനായും കൈയടി നേടിയിട്ടുള്ള താരമാണ് രമേഷ് പിഷാരടി. അഭിനേതാവായും സംവിധായകനായും തിളങ്ങുമ്പോഴും സ്റ്റേജ് ഷോകളിലും ടിവി ഷോകളിലും അവതാരകനായും അതിഥിയായുമൊക്കെയെത്തി രസകരമായ അനുഭവങ്ങൾ പറഞ്ഞ് പിഷാരടി കാണികളെ പിടിച്ചിരുത്താറുണ്ട്.
തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ കാര്യങ്ങള്‍ രസകരമായി അവതരിപ്പിച്ച് സദസ്സിന്റെ കൈയടിയും പ്രശംസയും രമേഷ് പിഷാരടി നേടാറുണ്ട്. ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് പിഷാരടി പറയാറുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കിടുന്ന ചിത്രങ്ങള്‍ക്കും പോസ്റ്റുകൾക്കും താരം നൽകുന്ന ക്യാപ്ഷനുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. ക്യാപ്ഷന്‍ സിംഹം എന്നൊരു ചെല്ലപ്പേരു പോലും സോഷ്യല്‍ മീഡിയ പിഷാരടിക്ക് നല്‍കിയിട്ടുണ്ട്.
ഇപ്പോഴിതാ എഐ കാലത്തെ കുറിച്ചും ഡിജിറ്റല്‍ സാക്ഷരതയെക്കുറിച്ചും രമേഷ് പിഷാരടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഡിജിറ്റല്‍ സാക്ഷരത ആളുകള്‍ക്ക് നല്ലോണം കൊടുക്കണമെന്നും പ്രബുദ്ധ മലയാളി എന്നത് ഒന്ന് റീഡിഫൈന്‍ ചെയ്യുകയോ റീവര്‍ക്ക് ചെയ്യുകയോ വേണമെന്നുമാണ് രമേഷ് പിഷാരടി പറയുന്നത്.
‘‘മലയാളിയുടെ ഒരു ഫേക്ക് ഐഡിയാണ് ഈ പ്രബുദ്ധ മലയാളി എന്നു പറയുന്നത്. നമ്മളുടെ മെയിന്‍ ഐഡി മലയാളി, നമ്മള്‍ ഉണ്ടാക്കിയിരിക്കുന്ന ഫേക്ക് ഐഡിയാണ് പ്രബുദ്ധ മലയാളി. മറ്റുള്ള എല്ലാവരെയും കൊണ്ട് പ്രബുദ്ധരാണെന്ന് പറയിക്കാന്‍ മാത്രമുള്ള പ്രബുദ്ധത നമുക്കുണ്ട്. സാക്ഷരതയൊക്കെ വന്ന കാലത്ത് എഴുത്തും വായനയുമൊക്കെ എല്ലാവരിലും ഉണ്ടാവുകയും അന്ന് അച്ചടി മാധ്യമങ്ങള്‍ കൂടുതലുണ്ടായിരുന്ന കാലത്ത് വായിച്ച ആളുകള്‍ അറിവു നേടുകയും ചെയ്ത സ്ഥലത്തു നിന്നാണ് അന്ന് പ്രബുദ്ധ മലയാളി ഉണ്ടായത്. ഇനിയിപ്പോള്‍ എനിക്ക് തോന്നുന്നത് അതൊന്ന് റീഡിഫൈന്‍ ചെയ്യുകയോ റീവര്‍ക്ക് ചെയ്യുകയോ വേണം.
ഡിജിറ്റല്‍ സാക്ഷരത ആളുകള്‍ക്ക് നല്ലോണം കൊടുക്കേണ്ടതായിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈയടുത്ത് ഒരു ദിവസം ഞാന്‍ ഫേസ് ബുക്ക് ഇങ്ങനെ തട്ടിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഞാന്‍ തട്ടിയപ്പോള്‍ എം എ യുസഫലിയുടെ പടം ഇട്ടിട്ടുണ്ട്. എന്നിട്ട് അതിന് മുകളിലുള്ള ക്യാപ്ഷന്‍ ഇങ്ങനെയാണ്...‘ഞാന്‍ വലിയ സിനിമാ നടന്‍ ഒന്നുമല്ലാത്തതുകൊണ്ട് എനിക്ക് ആരും ലൈക്ക് തരില്ലല്ലോ അല്ലേ...’ എന്ന്. ഒരു 3000 കമന്‍റുണ്ട്. ‘സാറ് എന്തിനാ സാറെ സിനിമയില്‍ അഭിനയിക്കുന്നത്. സാറിന് കട നടത്തിയാല്‍ പോരെ, സാറ് അഭിനയിക്ക് ഞങ്ങള് കണ്ടോളാം...’ എന്നൊക്കെയാണ് കമന്റുകൾ. ഒരുത്തന്‍ എഴുതിയേക്കുവാ ‘സാറിന് പറ്റിയ കഥയുണ്ടെന്ന്’. വേറൊരാള്‍ ഇട്ടിരിക്കുന്ന കമന്റ്, ‘നിങ്ങളുടെ വലിയ കൂട്ടല്ലേ മമ്മൂക്ക, മമ്മൂക്കയോട് പറഞ്ഞാല്‍ നിങ്ങള്‍ക്കൊരു വേഷം കിട്ടാനിത്ര പാടുണ്ടോ...’എന്ന്.
ഈ 3000 പേരും നമ്മള്‍ ഈ പറയുന്ന പ്രബുദ്ധരില്‍ പെട്ടവരാണെന്നുള്ളത് നിങ്ങള്‍ ആലോചിക്കണം.
വേറൊരു ദിവസം ഒരു എഐ ചേച്ചി. ഒരു നല്ല ചേച്ചി. എന്നിട്ട് ക്യാപ്ഷന്‍ ഇങ്ങനെ... ‘എന്റെ പേര് ഇന്നതാണ്. ഞാന്‍ കോട്ടയത്താണ് താമസിക്കുന്നത്. എനിക്ക് 42 വയസായി. എനിക്ക് സന്ധ്യ കഴിഞ്ഞാല്‍ മിണ്ടാന്‍ ആളില്ല...’ എന്ന്. 5000 പേരുടെ കമന്റ് വിത്ത് ഫോണ്‍ നമ്പര്‍. ചിലരുടെ ഒക്കെ പ്രഫൈല്‍ നോക്കിയിട്ട് എനിക്ക് സങ്കടം തോന്നി. ഞാനയാളെ ഫോണ്‍ വിളിച്ചിട്ട് ‘ചേട്ടാ.. ഇത് എഐ ആണ്, നിങ്ങളിങ്ങനെ പറയല്ലേന്ന് പറഞ്ഞ് ബോധവത്കരിച്ചാലോ’ന്ന് ആദ്യം തോന്നി. പക്ഷേ പിന്നീട് ഓര്‍ത്തു വേണ്ട. ഇന്നല്ലെങ്കില്‍ നാളെ, വരുണ്‍ തിരിച്ചു വരുമെന്ന് ദൃശ്യത്തില്‍ ആശാ ശരത്ത് കാത്തിരിക്കുന്നത് പോലെ അയാള് കാത്തിരുന്നോട്ടെ. അതൊരു ചാരിറ്റി അല്ലേന്ന് ഓര്‍ത്തു...
അതും ഈ പ്രബുദ്ധരില്‍ പെടുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞതാ. അപ്പോ ഈ പ്രബുദ്ധത ഇല്ലെന്നല്ല, ഞാനുള്‍പ്പെടുന്ന സമൂഹം ആ കാര്യത്തില്‍ പല സന്ദര്‍ഭത്തിലും നമ്മള്‍ അവകാശപ്പെടുന്നതത്രയും ഉയരെ ചിന്തിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട് എനിക്ക്. പ്രബുദ്ധ മലയാളി എന്നത് ഫിക്സ് ചെയ്ത് വച്ചിട്ടുണ്ടെങ്കിലും അത് കാലോചിതമായി ഒന്നു കൂടി അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യകത എല്ലാ പ്രബുദ്ധര്‍ക്കും ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്...’’ രമേഷ് പിഷാരടി പറയുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026 ല്‍ സംസാരിച്ചപ്പോഴാണ് രമേഷ് പിഷാരടി ഇക്കാര്യങ്ങള്‍ സംസാരിച്ചത്.