-->
തൊണ്ണൂറുകളില്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ തമിഴ് സിനിമയിലെ സജീവ സാന്നിധ്യമാണ് തൃഷ കൃഷ്ണന്‍. നാല്‍പ്പതുകളിലും നായികയായി തുടരുന്ന ചുരുക്കം ചില നടിമാരില്‍ ഒരാള്‍ കൂടിയാണ് തൃഷ. കരിയറിന്റെ തുടക്കത്തില്‍, ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ഗില്ലി’ക്ക് ശേഷം തൃഷയുടെ പേര് നടന്‍ ദളപതി വിജയുമായി ചേര്‍ത്ത് വാര്‍ത്തകള്‍ വന്നിരുന്നു.
ഇരുവരുടെയും ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി നിരവധി സിനിമകളിലേക്ക് നയിച്ചു. അധികം വൈകാതെ, ഗോസിപ്പ് കോളങ്ങളില്‍ ഇരുവരുടെയും പേരും നിറഞ്ഞു. ഇപ്പോഴും തൃഷ-വിജയ് പ്രണയ അഭ്യൂഹങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ തനിക്കും രാഷ്ട്രീയ നേതാവുമായ വിജയ്‌യ്ക്കും എതിരെ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിയമപരമായ നിലപാട് വ്യക്തമാക്കുകയാണ് തൃഷ കൃഷ്ണന്‍. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും തന്നെ സംബന്ധിക്കാത്ത വിഷയങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും താരം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അനാദരവിനെതിരെ എപ്പോഴും ശബ്ദമുയർത്തും എന്നും തൃഷ കുറിച്ചു. രാഷ്ട്രീയ ചായ്‌വുകളുടെ പേരിലല്ല, മറിച്ച് തന്റെ കലയിലൂടെയും പ്രകടനത്തിലൂടെയും മാത്രം അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് തൃഷ വ്യക്തമാക്കി. വ്യക്തിജീവിതത്തെ പൊതുമധ്യത്തിൽ ചർച്ചാവിഷയമാക്കരുതെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സംസാരിക്കുമ്പോൾ മാന്യതയും പക്വതയും പാലിക്കണമെന്നും താരം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ ഉയർന്ന രാഷ്ട്രീയ പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും തരംതാഴ്ന്നതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തൃഷയുടെ നിയമോപദേശകന്റെ നിത്യേഷ് നടരാജിന്റെ ഔദ്യോഗിക പ്രസ്താവനയിലുണ്ട്.
‘‘പ്രശസ്ത നടി തൃഷ കൃഷ്ണന്റെ നിർദ്ദേശപ്രകാരം താഴെ പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്താനായി ഞാൻ ഈ ഔദ്യോഗിക കുറിപ്പ് പുറപ്പെടുവിക്കുന്നു:
മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന എന്റെ കക്ഷിക്കെതിരെയുള്ള അങ്ങേയറ്റം അശ്ലീലവും അധിക്ഷേപകരവുമായ പരാമർശത്തെ സംബന്ധിച്ചാണ് ഈ കുറിപ്പ്. സംസ്ഥാനത്തെ ഉയർന്ന രാഷ്ട്രീയ പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശവും അനുചിതവുമായ ഒരു പരാമർശം ഉണ്ടാകുമെന്ന് എന്റെ കക്ഷി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ടിട്ടില്ലെന്നും, ഭാവിയിൽ അതിന് ഉദ്ദേശിക്കുന്നില്ലെന്നും എന്റെ കക്ഷി വ്യക്തമാക്കുന്നു. കൂടാതെ, കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി സ്വീകരിച്ചിട്ടുള്ളതുപോലെ, രാഷ്ട്രീയ കാര്യങ്ങളിൽ എന്നും ഒരു നിഷ്പക്ഷ നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും അവർ ആവർത്തിക്കുന്നു.
തന്റെ രാഷ്ട്രീയ ചായ്‌വുകളെപ്പറ്റിയുള്ള ആരോപണങ്ങളിലൂടെയല്ല, മറിച്ച് തന്റെ കലയിലൂടെയും പ്രവൃത്തിയിലൂടെയും മാത്രം താൻ അറിയപ്പെടാനാണ് എന്റെ കക്ഷി ആഗ്രഹിക്കുന്നത്. കൂടാതെ, ഏറ്റവും പ്രധാനമായി, വ്യക്തിജീവിതം ഒരിക്കലും പൊതുജനമധ്യത്തിലെ ചർച്ചാവിഷയമാക്കരുത് എന്നത് ഒരു സാമാന്യ തത്വമാണ്. ഉയർന്ന പദവിയിലിരിക്കുന്ന വ്യക്തികൾ പൊതുവേദികളിൽ സംസാരിക്കുമ്പോൾ ഉത്തരവാദിത്തവും പക്വതയും പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തന്നെ സംബന്ധിക്കാത്ത വിഷയങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് എന്റെ കക്ഷി അഭ്യർഥിക്കുന്നു.
വിശ്വസ്തതയോടെ,
നിത്യേഷ് നടരാജ്...’’ എന്നാണ് തൃഷ പങ്കിട്ട പ്രസ്താവനയില്‍ കുറിച്ചിരിക്കുന്നത്.
വിജയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള തർക്കങ്ങൾക്കിടയിലേക്ക് നൈനാർ നാഗേന്ദ്രൻ തൃഷയുടെ പേര് അനാവശ്യമായി പരാമർശിച്ചതാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ഈ പരാമർശങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിൽ സജീവമാകണമെങ്കിൽ തൃഷയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങണമെന്നുമുള്ള ബിജെപി നേതാവിന്റെ അധിക്ഷേപം വ്യക്തിപരമായ ആക്രമണമായാണ് പറയപ്പെടുന്നത്. ഏറെ കാലമായി സോഷ്യൽ മീഡിയയിൽ ഇരുവരെയും കുറിച്ച് അടിസ്ഥാനരഹിതമായ ഗോസിപ്പുകൾ പ്രചരിക്കാറുണ്ടെങ്കിലും, ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് പരസ്യമായി ഇത്തരമൊരു പരാമർശം നടത്തിയത് സിനിമാ-രാഷ്ട്രീയ മേഖലകളിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.