-->
ഇന്ത്യയിലെ ബജറ്റ് മള്‍ട്ടി പര്‍പ്പസ് വാഹന വിപണിയിലേക്ക് നിസാന്‍ ഗ്രാവൈറ്റ് (Nissan Gravite) എന്ന 7 സീറ്റര്‍ എംപിവിയും. റെനോ ട്രൈബറിന്റെ അതേ സിഎംഎഫ്-എ (CMF-A) പ്ലാറ്റ്‌ഫോമിലാണ് ഗ്രാവൈറ്റും നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ എക്സ്റ്റീരിയര്‍ സ്റ്റൈലിംഗില്‍ നിസാന്‍ തങ്ങളുടേതായ സിഗ്നേച്ചര്‍ ശൈലി പിന്തുടരുന്നു. നിസാന്‍-റെനോ സഖ്യത്തിന് കീഴില്‍ മുമ്പ് പുറത്തിറക്കിയ മറ്റ് മോഡലുകളില്‍ കണ്ടതിന് സമാനമായ മാറ്റങ്ങളാണ് ട്രൈബറിനെയും ഗ്രാവൈറ്റിനെയും വേര്‍തിരിച്ചറിയാന്‍ വേണ്ടി നല്‍കുക. C-ആകൃതിയിലുള്ള എല്‍ഇഡി ലൈറ്റുകള്‍, വീതിയേറിയ ഗ്രില്‍, മസ്‌കുലര്‍ ലുക്കുള്ള ബമ്പര്‍ എന്നിവ ഗ്രാവൈറ്റിന് സ്പോര്‍ട്ടി ലുക്ക് നല്‍കുന്നു.
ഗ്രില്ലില്‍ ക്രോം സ്ലാറ്റുകളും ബോണറ്റില്‍ വലിയ അക്ഷരങ്ങളില്‍ 'GRAVITE' ലെറ്ററിംഗും നല്‍കിയിട്ടുണ്ട്. സ്പ്ലിറ്റ് ടെയില്‍ ലാമ്പുകളും കണക്റ്റഡ് ട്രിമ്മും പിന്‍വശത്തിന് മോഡേണ്‍ വൈബ് തരുന്നു. എംപിവിയുടെ മൊഞ്ച് കൂട്ടാനായി റൂഫ് റെയിലുകളും അലോയ് വീലുകളും നല്‍കിയിട്ടുണ്ട്. ടീല്‍, വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്രേ എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ഗ്രാവൈറ്റ് ലഭ്യമാകുമെന്ന് നേരത്തെ പുറത്തുവിട്ട ടീസറിലൂടെ നിസാന്‍ വ്യക്തമാക്കിയിരുന്നു. അകത്ത് മതിയായ ഇടം ലഭ്യമാക്കുന്ന രീതിയിലാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫ്‌ലാറ്റ് ഫ്‌ലോര്‍ ലേഔട്ടില്‍ വരുന്ന 7 സീറ്റര്‍ കോണ്‍ഫിഗറേഷനാണ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. രണ്ടാം നിര സീറ്റുകള്‍ സ്ലൈഡ് ചെയ്യാനും ചാരിയിരിക്കാനും സാധിക്കും. മൂന്നാം നിര സീറ്റുകള്‍ മടക്കി വെച്ചാല്‍ ലഗേജ് സ്‌പെയ്‌സും വര്‍ദ്ധിപ്പിക്കാം. ആധുനിക കാര്‍ മോഡലുകളില്‍ കാണപ്പെടുന്ന നൂതന സവിശേഷതകളില്‍ ചിലതും ഗ്രാവൈറ്റില്‍ കാണാം.
മോഡേണ്‍ ഡാഷ്‌ബോര്‍ഡും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി ലഭ്യമാണ്. ടോപ് ട്രിമ്മുകളില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എല്ലാ നിരകളിലും എസി വെന്റുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാകും.
യാത്രക്കാരുടെ സുരക്ഷക്ക് പ്രാധാന്യം കൊടുക്കുന്ന നിസാന്‍ ഗ്രാവൈറ്റിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട്.
ഇബിഡിയുളള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും വാഹനത്തിലുണ്ട്. ഉയര്‍ന്ന വേരിയന്റുകളില്‍ 360 ഡിഗ്രി ക്യാമറയും വയര്‍ലെസ് ചാര്‍ജിംഗും സജ്ജീകരിച്ചേക്കാം. നിസാന്‍ ഗ്രാവൈറ്റ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യാനാണ് സാധ്യത. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും, കൂടുതല്‍ കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായിരിക്കും എംപിവിക്ക് തുടിപ്പേകാനെത്തുക. മാഗ്നൈറ്റിലെ ടര്‍ബോ എഞ്ചിന്‍ ഒരുപക്ഷേ റിട്യൂണ്‍ ചെയ്തായിരിക്കും ഗ്രാവൈറ്റില്‍ ഘടിപ്പിക്കുക. ട്രൈബറിനെ പോലെ തന്നെ 5 സ്പീഡ് മാനുവലിന് പുറമെ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനും വാഹനത്തില്‍ ലഭ്യമാകും.