-->
കൊല്‍ക്കത്ത: ഇറ്റലിയെ 24 റണ്ണിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ കടന്നു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സി ഗ്രൂപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് 202 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇറ്റലി 178 റണ്ണിന് ഓള്‍ഔട്ടായി. നാല് കളികളില്‍നിന്ന് ആറ് പോയിന്റുമായി രണ്ടാം സ്‌ഥാനത്തു ഫിനിഷ് ചെയ്യാന്‍ ഇംഗ്ലണ്ടിനായി. മൂന്ന് കളികളില്‍നിന്ന് ആറ് പോയിന്റുള്ള വെസ്‌റ്റിന്‍ഡീസ് നേരത്തെ തന്നെ സൂപ്പര്‍ എട്ട് ഉറപ്പാക്കിയിരുന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 22 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറുമടക്കം 53 റണ്ണുമായി പുറത്താകാതെനിന്ന വില്‍ ജാക്‌സാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. ടോം ബാന്റണ്‍ (21 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 30), ഓപ്പണര്‍ ഫില്‍ സാള്‍ട്ട് (15 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 28), ജേക്കബ് ബെതാല്‍ (20 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 23), സാം കുറാന്‍ (19 പന്തില്‍ രണ്ട് സിക്‌സറടക്കം 25) എന്നിവരും വെടിക്കെട്ടായി. ജോസ് ബട്ട്‌ലര്‍ (രണ്ട്), ഹാരി ബ്രൂക് (14), ജാമി ഓവര്‍ടണ്‍ (15) എന്നിവര്‍ നിരാശപ്പെടുത്തി.
ഇറ്റലിക്കായി ഗ്രാന്റ് സ്‌റ്റുവര്‍ട്ടും ക്രിഷാന്‍ കാലുഗമാഗെയും രണ്ട് വിക്കറ്റ് വീതമെടുത്തു. ജെജെ സ്‌മറ്റ്‌സ്, അലി ഹസന്‍, ബെന്‍ മെനേറ്റി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ഇറ്റലിക്കായി ബെന്‍ മാനേറ്റി (25 പന്തില്‍ ആറ് സിക്‌സറും നാല് ഫോറുമടക്കം 60), ഗ്രാന്റ് സ്‌റ്റുവര്‍ട്ട് (23 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ഫോറുമടക്കം 45), ജസ്‌റ്റിന്‍ മോസ്‌കാ (34 പന്തില്‍ 43) എന്നിവര്‍ മികച്ച പോരാട്ടം പുറത്തെടുത്തു.
ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ആന്റണി മോസ്‌ക (0), ജെജെ സ്‌മറ്റ്‌സ് (0) എന്നിവര്‍ പുറത്തായി. നായകന്‍ ഹാരി മാനേറ്റി (11 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 12) ജാമി ഓവര്‍ടണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ തകര്‍പ്പന്‍ ക്യാച്ചെടുത്തു പുറത്തായി. ഇംഗ്ലണ്ടിനായി ജാമി ഓവര്‍ടണും സാം കുറാനും മൂന്ന് വിക്കറ്റ് വീതമെടുത്തു. ആര്‍ച്ചര്‍ രണ്ട് വിക്കറ്റും വില്‍ ജാക്‌സും ആദില്‍ റഷീദും ഒരു വിക്കറ്റ് വീതവുമെടുത്തു. അര്‍ധ സെഞ്ചുറിയും ഒരു വിക്കറ്റും കുറിച്ച വില്‍ ജാക്‌സാണു മത്സരത്തിലെ താരം.