-->
പലേകലെ: ഓസ്‌ട്രേലിയെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് ശ്രീലങ്ക ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ എട്ടിലേക്കുള്ള കുതിപ്പ് യുടങ്ങി. ബി ഗ്രൂപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 181 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത ശ്രീലങ്ക കളി തീരാന്‍ രണ്ടോവര്‍ ശേഷിക്കേ ലക്ഷ്യം കടന്നു.
ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ച ഓപ്പണര്‍ പാതും നിസങ്കയാണ് (52 പന്തില്‍ അഞ്ച് സിക്‌സറും 10 ഫോറുമടക്കം പുറത്താകാതെ 100) വിജയ ശില്‍പ്പി. കുശല്‍ മെന്‍ഡിസ് (38 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം 51) അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. പവന്‍ പത്നായകെ 15 പന്തില്‍ 28 റണ്ണുമായി പാതുമിനു കൂട്ടായി. ഓപ്പണര്‍ കുശല്‍ മെന്‍ഡിസിനെ (ഒന്ന്) ആദ്യമേ നഷ്‌ടപ്പെട്ടെങ്കിലും പാതുമിന്റെ സെഞ്ചുറി അവര്‍ക്കു കൂട്ടായി.
ബി ഗ്രൂപ്പിലെ രണ്ട് മത്സരങ്ങള്‍ തോറ്റ ഓസ്‌ട്രേലിയ സൂപ്പര്‍ എട്ട് കാണാതെ മടങ്ങേണ്ട അവസ്‌ഥയിലാണ്. മൂന്ന് കളികളും ജയിച്ച ലങ്ക ആറ് പോയിന്റുമായി ഒന്നാമതാണ്. രണ്ട് കളികളില്‍നിന്ന് നാല് പോയിന്റുള്ള സിംബാബ്‌വേയാണ് രണ്ടാമത്. മൂന്ന് കളികളില്‍നിന്ന് രണ്ടു പോയിന്റാണ് ഓസീസിന്റെ നേട്ടം ഇന്നലെ ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ ശനക ഓസീസിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മികച്ച തുടക്കം ലഭിച്ച ഓസീസ് പിന്നീട് തകര്‍ന്നടിയുകയായിരുന്നു. നായകന്‍ മിച്ചല്‍ മാര്‍ഷും (27 പന്തില്‍ രണ്ട് സിക്‌സറും എട്ട് ഫോറുമടക്കം 54) ട്രാവിസ് ഹെഡും (29 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 56) ചേര്‍ന്ന് ടീമിന് മികച്ച അടിത്തറ നല്‍കി. ഒന്‍പതാം ഓവറില്‍ ഹെഡിനെ ദുഷാന്‍ ഹേമന്ത കാമിന്ദു മെന്‍ഡിസിന്റെ കൈയിലെത്തിച്ചതോടെ തകര്‍ച്ച തുടങ്ങി. ഒരു വിക്കറ്റിന് 104 എന്ന നിലയിലായിരുന്ന കങ്കാരുപ്പടയ്‌ക്ക് അവസാന ഏഴ് റണ്‍ ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് നഷ്‌ടമായത്.
വണ്‍ ഡൗണായി എത്തിയ കാമറൂണ്‍ ഗ്രീന്‍ (മൂന്ന്), ടിം ഡേവിഡ് (ആറ്) എന്നിവര്‍ വലിയ പ്രകടനം നടത്താതെ പെട്ടെന്ന് മടങ്ങി. മാര്‍ഷും ഹേമന്തയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ജോഷ് ഇംഗ്ലിഷും (22 പന്തില്‍ 27) ഗ്ലെന്‍ മാക്‌സ് വെല്ലും (15 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 22) ചേര്‍ന്നതോടെ ഓസീസ് തകര്‍ച്ചയില്‍നിന്നു കരകയറി. ഇരുവരും 30 റണ്‍ ചേര്‍ത്തു. വൈകാതെ കൂപ്പര്‍ കനോലിയും (മൂന്ന്) വന്നത് പോലെ മടങ്ങി. അവസാന ഓവറിലെ മൂന്നാം പന്തില്‍ മാര്‍കസ് സ്‌റ്റോനിസ് (നാല്) മടങ്ങി. അഞ്ചാം പന്തില്‍ സാവിയര്‍ ബാര്‍ട്ട്‌ലെറ്റും (0)അവസാന പന്തില്‍ ആഡം സാംപയും (ഒന്ന്) റണ്ണൗട്ടായി. ലങ്കയ്‌ക്കായി ദുഷന്‍ ഹേമന്ത മൂന്ന് വിക്കറ്റും ദുഷ്‌മന്ത ചമീര രണ്ട് വിക്കറ്റുമെടുത്തു. ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷ്‌ണ, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.