-->
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഈസ്‌റ്റ് ബംഗാളിനു തകര്‍പ്പന്‍ വിജയത്തുടക്കം. സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈസ്‌റ്റ് ബംഗാള്‍ 3-0 ത്തിന് നോര്‍ത്ത്‌ഈസ്‌റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചു.
സ്‌പാനിഷ് താരം യൂസഫ് ഇസെജാനി ഇരട്ട ഗോളുകളും മിഗ്വേല്‍ ഫിഗുരിയ ഒരു ഗോളുമടിച്ചു. പന്തടക്കത്തില്‍ നോര്‍ത്ത് ഈസ്‌റ്റും ഈസ്‌റ്റ് ബംഗാളും ഒപ്പമായിരുന്നു. ഈസ്‌റ്റ് ബംഗാള്‍ കോച്ച് ബ്രൂസോണ്‍ 4-3-3 ഫോര്‍മേഷനും നോര്‍ത്ത് ഈസ്‌റ്റ് കോച്ച് ബെനാലി 4-2-3-1 ഫോര്‍മേഷനും താല്‍പര്യപ്പെട്ടു.
65-ാം മിനിറ്റിലും 70-ാം മിനിറ്റിലുമായാണ് യൂസഫ് ഇസെജാനിയുടെ ഗോളുകളെത്തിയത്. ജീക്‌സണ്‍ സിങ്ങിന്റെ മുന്നേറ്റമാണു ഗോളില്‍ കലാശിച്ചത്. ബിപിനിലൂടെ പന്ത് ബോക്‌സിലേക്ക്. ബിപിന്റെ ക്രോസിനു തലവച്ച ഇസെജാനിക്കു പിഴച്ചില്ല. താരത്തിന്റെ ഐ.എസ്.എല്ലിനെ കന്നി മത്സരമായിരുന്നു അത്.
എഡ്‌മുണ്ടിന്റെ മുന്നേറ്റമാണു രണ്ടാം ഗോളിനു വഴിയായത്. താഴ്‌ന്നു വന്ന ക്രോസിനെ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഇസെജാനി ഗോളാക്കി. 77-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം മുതലാക്കാന്‍ വിഷ്‌ണുവിനായില്ല. ഇഞ്ചുറി ടൈമില്‍ ജയ് ഗുപ്‌തയും മിഗ്വേലും ചേര്‍ന്ന മുന്നേറ്റം ഗോളിലെത്തി.