-->
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരേ പോലീസ് കേസ് ഫയല്‍ ചെയ്യാനും പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണത്തിന് ഉത്തരവിടാനുമുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആദ്യം ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ആദ്യ ഇടമായി സുപ്രീം കോടതിയെ കാണുന്ന പ്രവണതയില്‍ കോടതി അനിഷ്‌ടം രേഖപ്പെടുത്തി.
ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചി, ജസ്‌റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
മുസ്ലിംകളുടെ ഫോട്ടോയ്‌ക്ക് നേരെ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ വെടിയുതിര്‍ക്കുന്നതായുള്ള വീഡിയോ ദൃശ്യങ്ങളാണ് കേസിന് ആധാരം. ബി.ജെ.പി അസം യൂണിറ്റാണ് ഈ വിവാദ ചിത്രം പുറത്തിറക്കിയത്. പ്രതിഷേധം ശക്‌തമായതും പിന്നീട് പിന്‍വലിച്ചു. ഫോട്ടോയില്‍ മിയാ പരാമര്‍ശമുണ്ടായിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ 'അനധികൃത നുഴഞ്ഞുകയറ്റക്കാര്‍' എന്ന അര്‍ഥത്തില്‍ ബി.ജെ.പി. വിളിക്കുന്ന വാക്കാണിത്.
ഇത്തരം സംഭവങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നും ഭരണഘടനാ ധാര്‍മ്മികതയുടെ അതിരുകള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പക്ഷേ, ഇത്തരം കേസുമായി സുപ്രീം കോടതിയെ നേരിട്ട് സമീപിക്കുന്നത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പ്രവണതയായി മാറുകയാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്‌തു.
ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് കത്തെഴുതിയതാണെന്നും സ്വമേധയാ നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. കത്ത് എഴുതുന്നതും ഔപചാരികമായി ഹര്‍ജി സമര്‍പ്പിക്കുന്നതും രണ്ടാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
'നമ്മുടെ ഹൈക്കോടതികളുടെ സാധുതയെ ദുര്‍ബലപ്പെടുത്തരുത്. നിങ്ങള്‍ (ഗുവാഹത്തി) ഹൈക്കോടതിയുടെ മനോവീര്യം കെടുത്തുകയാണ്',- ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് പറഞ്ഞു.
സുപ്രീം കോടതിക്ക് ഈ വിഷയം ഏറ്റെടുക്കാന്‍ അതിന്റെ വിവേചനാധികാരം ഉപയോഗിക്കാമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി പ്രതികരിച്ചു.
അസം മുഖ്യമന്ത്രി 'ഭരണഘടനയെയും മുഴുവന്‍ സമൂഹത്തെയും നിരാശപ്പെടുത്തുന്നു. ഇത് കേട്ടില്ലെങ്കില്‍ ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാകും. ഭൂമി നല്‍കരുതെന്ന് ആവശ്യപ്പെടുന്നത് ഈ മുഖ്യമന്ത്രിയാണ്. അസമില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്‌തിട്ടു കാര്യമില്ല. മറ്റൊരു ഹൈക്കോടതിയിലേക്ക് അയയ്‌ക്കുകയാകും ഉചിതമെന്നും സിങ്‌വി പറഞ്ഞു.
നേരിട്ട് കേസ് എടുക്കുന്നില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 32 പ്രകാരം (മൗലികാവകാശങ്ങള്‍ നടപ്പിലാക്കുന്നതിനായി നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം) കേസ് പരിഗണിക്കണം. അസം മുഖ്യനെതിരേ അസമില്‍ ഒരു എസ്.ഐ.ടിക്ക് എന്തുചെയ്യാന്‍ കഴിയും എന്ന ചോദ്യവും സിങ്‌വി ഉയര്‍ത്തി.
മറ്റൊരു ഹൈക്കോടതിയെ സമീപിക്കാന്‍ അനുവദിച്ച 17 കേസുകള്‍ ഉണ്ടെന്നും സിങ്‌വി ചൂണ്ടിക്കാട്ടിയെങ്കിയും സുപ്രീം കോടതി നിലപാടില്‍ ഉറച്ചുനിന്നു.