-->
ഗുവാഹത്തി: ഇന്നലെ രാവിലെ കോണ്‍ഗ്രസില്‍നിന്നു രാജിപ്രഖ്യാപിച്ച അസം പി.സി.സി. മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറയ്‌ക്ക് മണിക്കൂറുകള്‍ക്കുശേഷം മനസുമാറ്റം. ആത്മാഭിമാനം സംരക്ഷിക്കാനാണു താന്‍ പാര്‍ട്ടി വിടുന്നതെന്നായിരുന്നു രാവിലത്തെ പ്രഖ്യാപനം. 32 വര്‍ഷത്തെ ബന്ധത്തിനാണ് വിരാമമിടുന്നതെന്ന് രാവിലെ എട്ടിന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വൈകാതെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുണ്ടായി. രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാവ് ഗൗരവ് ഗോഗോയിയും ബോറയുമായി ചര്‍ച്ച നടത്തി. അതോടെ അദ്ദേഹം നിലപാട് മാറ്റി. തീരുമാനം പുനഃപരിശോധിക്കാന്‍ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു.
'അസം ഘടകത്തില്‍ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അറിയില്ലായിരുന്നു. ഞാന്‍ അവര്‍ക്ക് കത്ത് നല്‍കേണ്ടി വന്നു... എന്റെ പാര്‍ട്ടി നേതാക്കള്‍ എന്നെ വന്നു കണ്ടു, അതിനാല്‍ ഞാന്‍ അവരുമായി സംസാരിച്ചു.
എന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്, ചൊവ്ാഴ്‌ച ഞാന്‍ ജിതേന്ദ്ര സിങ്ങിനെ വീണ്ടും കണ്ട് തീരുമാനം അറിയിക്കും.'- അദ്ദേഹം പറഞ്ഞു. സംസ്‌ഥാന കോണ്‍ഗ്രസിന്റെ ചുമതല ജിതേന്ദ്ര സിങ്ങിനാണ്.
'ഭൂപന്‍ ബോറ ഞങ്ങളുടെ വളരെ മുതിര്‍ന്ന നേതാവാണ്... ചിലപ്പോള്‍ കുടുംബത്തിനകത്ത് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ ഞങ്ങളുടെ പാര്‍ട്ടി ജനാധിപത്യ പാര്‍ട്ടിയാണ്... മറ്റുള്ള പാര്‍ട്ടികളെയല്ല, അവിടെ ആളുകള്‍ക്ക് നിശബ്‌ദരായി ഇരിക്കേണ്ടി വരുന്നില്ല'- ജിതേന്ദ്ര സിങ് പറഞ്ഞു. കേന്ദ്ര നേതൃത്വം ബോറയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് ഗൗരവ് ഗോഗോയ് മാധ്യമങ്ങളെ അറിയിച്ചു. കേരളത്തിനൊപ്പമാണ് അസമിലെ തെരഞ്ഞെടുപ്പ്. പാര്‍ട്ടി നേതാവ് പ്രിയങ്ക ഗാന്ധി വാധ്‌ര നാളെ സന്ദര്‍ശിക്കാനിരിക്കെയാണു ബോറയുടെ രാജി. ബോറയെ പാര്‍ട്ടിയിലെത്തിക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും നീക്കം തുടങ്ങിയിട്ടുണ്ട്.