Thursday, March 12, 2026 Last Updated 59 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.36 PM

ബി.ജെ.പി. നേതാവിന്റേത്‌ തരംതാഴ്‌ന്ന പരാമര്‍ശം: തൃഷ

ചെന്നൈ: തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവും നടനുമായ വിജയിയുമായി ബന്ധപ്പെടുത്തി തമിഴ്‌നാട്‌ ബി.ജെ.പി. അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി നടി തൃഷ. രാഷ്‌ട്രീയ രംഗത്ത്‌ ഉന്നതപദവിയിലിരിക്കുന്ന ഒരാളില്‍നിന്ന്‌ ഇത്രയും തരംതാഴ്‌ന്നതും അനുചിതവുമായ പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ലെന്നു നടിയുടെ അഭിഭാഷകന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്‌തമാക്കുന്നു.
സംഭവത്തെക്കുറിച്ച്‌ അഭിഭാഷകന്‍ നിത്യേഷ്‌ നടരാജ്‌ പുറത്തിറക്കിയ പ്രസ്‌താവന നടി തൃഷ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്‌. അനാദരവ്‌ ആരു നടത്തിയാലും വച്ചുപൊറുപ്പിക്കില്ലെന്നും തൃഷ വ്യക്‌തമാക്കി. അനാദരവ്‌ എപ്പോഴും ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. രാഷ്‌ട്രീയ രംഗത്ത്‌ ഉന്നത പദവിയിലിരിക്കുന്ന ഒരാളില്‍നിന്ന്‌ ഇത്രയും തരംതാഴ്‌ന്നതും അനുചിതവുമായ ഒരു പരാമര്‍ശം തന്റെ കക്ഷി ഒട്ടുംപ്രതീക്ഷിച്ചിരുന്നില്ല.
തൃഷയ്‌ക്ക് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും രാഷ്‌ട്രീയത്തില്‍ നിഷ്‌പക്ഷ നിലപാടാണു താരം സ്വീകരിക്കുന്നതെന്നും പ്രസ്‌താവനയില്‍ പറയുന്നു. തന്റെ കരിയറിലൂടെ മാത്രം അറിയപ്പെടാനാണ്‌ താരം ആഗ്രഹിക്കുന്നത്‌. ഒരാളുടെ സ്വകാര്യ ജീവിതം പൊതുവേദിയിലേക്ക്‌ വലിച്ചിഴയ്‌ക്കരുതെന്നും പൊതുചര്‍ച്ചകള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ വിഷയമാക്കരുതെന്നും പ്രസ്‌താവനയിലുണ്ട്‌. ഉന്നത സ്‌ഥാനങ്ങളിലിരിക്കുന്നവര്‍ പൊതു സംവാദങ്ങളില്‍ ഉത്തരവാദിത്വവും മിതത്വവും പാലിക്കണം. തൃഷയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക്‌ താരത്തിന്റെ പേര്‍ വലിച്ചിഴയ്‌ക്കരുതെന്ന്‌ അഭിഭാഷകന്‍ നിത്യേഷ്‌ നടരാജ്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു. വിജയിയുടെ രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ച നൈനാര്‍ നാഗേന്ദ്രന്റെ പ്രസ്‌താവനയാണ്‌ വിവാദമായത്‌. വിജയ്‌ രാഷ്‌ട്രീയത്തില്‍ സജീവമാകണമെങ്കില്‍ തൃഷയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും വീട്ടില്‍നിന്ന്‌ പുറത്തിറങ്ങണമെന്നുമായിരുന്നു നാഗേന്ദ്രന്റെ പ്രതികരണം. ഇതിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ്‌ ഉയര്‍ന്നത്‌.

Ads by Google
Monday 16 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW