Thursday, March 12, 2026 Last Updated 42 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.36 PM

എ.ഐ. ഉച്ചകോടിക്ക്‌ തുടക്കം

ന്യൂഡല്‍ഹി: സുപ്രധാനമായ എ.ഐ (ഇന്ത്യ എ.ഐ ഇംപാക്‌റ്റ് സമ്മിറ്റ്‌ 2026) ഉച്ചകോടിക്ക്‌ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്‌തതോടെ മഹാസംഗമം ഔദ്യോഗികമായി ആരംഭിച്ചു.
ഗേ്ലാബല്‍ സൗത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ പ്രധാന എ.ഐ ഒത്തുചേരല്‍ എന്ന നിലയില്‍ ഈ ഉച്ചകോടിക്ക്‌ വലിയ പ്രാധാന്യമാണ്‌ രാജ്യാന്തര തലത്തില്‍ ലഭിക്കുന്നത്‌. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഈ പരിപാടിയില്‍ 500-ലേറെ സെഷനുകളിലായി 3,250-ഓളം പ്രമുഖര്‍ പങ്കെടുക്കും.
70,000 ചതുരശ്ര മീറ്ററില്‍ ഒരുക്കിയിട്ടുള്ള വിപുലമായ പ്രദര്‍ശനത്തില്‍ ഓസ്‌ട്രേലിയ, ജപ്പാന്‍, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മ്മനി, ഇറ്റലി തുടങ്ങി 13 രാജ്യങ്ങളുടെ പവിലിയനുകള്‍ ഉള്‍പ്പെടെ മുന്നൂറിലേറെ സ്‌റ്റാളുകള്‍ സജ്‌ജീകരിച്ചിട്ടുണ്ട്‌.
ലോക നേതാക്കള്‍, ടെക്‌ ഭീമന്‍മാര്‍, എ.ഐ സ്‌ഥാപകര്‍, നിക്ഷേപകര്‍ തുടങ്ങി രണ്ട്‌ ലക്ഷത്തിലേറെപ്പേര്‍ 20 ാം തീയതി വരെ നീളുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും.
വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പട്ടിക പ്രകാരം 20 രാഷ്‌ട്രത്തലവന്മാരാണ്‌ വരും ദിവസങ്ങളില്‍ ഉച്ചകോടിക്കായി ഡല്‍ഹിയിലെത്തുന്നത്‌. ബ്രസീല്‍ പ്രസിഡന്റ്‌ ലൂയിസ്‌ ഇനാസിയോ ലുല ഡ സില്‍വ, ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണ്‍, സ്‌പാനിഷ്‌ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്‌, ശ്രീലങ്കന്‍ പ്രസിഡന്റ്‌ അനുര കുമാര ദിസാനായകെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ്‌ തോബ്‌ഗേ, നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി ഡിക്ക്‌ ഷൂഫ്‌, അബുദാബി കിരീടാവകാശി ഷെയ്‌ഖ് ഖാലിദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ സായിദ്‌ തുടങ്ങി നിരവധി പ്രമുഖ നേതാക്കള്‍ ഈ പട്ടികയിലുണ്ട്‌.
ഇതിനുപുറമെ 45-ല്‍ അധികം രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിതല പ്രതിനിധികളും യു.എന്‍ സെക്രട്ടറി ജനറലും മറ്റ്‌ രാജ്യാന്തര സംഘടനകളിലെ ഉന്നത ഉദ്യോഗസ്‌ഥരും ചര്‍ച്ചകളില്‍ പങ്കുചേരും. സുന്ദര്‍ പിച്ചായ്‌ (ആല്‍ഫബെറ്റ്‌), സാം ആള്‍ട്ട്‌മാന്‍ (ഓപ്പണ്‍ എഐ), ഡാരിയോ അമോഡി (ആന്ത്രോപിക്‌ പിബിസി), അലക്‌സാണ്ടര്‍ വാങ്‌ (മെറ്റാ പ്ലാറ്റ്‌ഫോംസ്‌), ഗവേഷകരായ യാന്‍ ലെകണ്‍, ആര്‍തര്‍ മെന്‍ഷ്‌ തുടങ്ങിയവരും ഉച്ചകോടിയുടെ ഭാഗമാകും.
19-നാണ്‌ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്‌ നിശ്‌ചയിച്ചിരിക്കുന്നത്‌.
സ്‌റ്റാന്‍ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയുടെ പഠനമനസുരിച്ച്‌ എഐ മത്സരക്ഷമതയില്‍, യു.എസിനും ചൈനയ്‌ക്കും പിന്നിലായി ഇന്ത്യ ആഗോളതലത്തില്‍ മൂന്നാം സ്‌ഥാനത്താണ്‌. ചൈനയിലെ ഹൈ-എന്‍ഡ്‌ ചിപ്പുകളുടെ കയറ്റുമതിയില്‍ യു.എസ്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ഞെരുക്കത്തിലായ എന്‍വിഡിയ കോര്‍പ്പറേഷന്‍ ഇതിന്‌ പ്രതിവിധിയെന്ന നിലയില്‍ പരിഗണിച്ചിരുന്നത്‌ ഇന്ത്യയെയായിരുന്നു. എന്നാല്‍, എന്‍വിഡിയ മേധാവി അവസാന മണിക്കൂറില്‍ 'അപ്രതീക്ഷിത സാഹചര്യങ്ങള്‍' ചൂണ്ടിക്കാട്ടി ഉച്ചകോടിയില്‍നിന്ന്‌ പിന്മാറി.
സാങ്കേതിക ഗവേഷണത്തിലും വികസനത്തിലും വര്‍ഷങ്ങളായി നിക്ഷേപം നടത്താത്തത്‌ ഇന്ത്യയുടെ എ.ഐ. വളര്‍ച്ചയെ തടസപ്പെടുത്തിയേക്കാമെന്ന്‌ വ്യവസായ വിശകലന വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

Ads by Google
Monday 16 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW