Thursday, March 12, 2026 Last Updated 38 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

ശബരിമല യുവതീപ്രവേശനം : 'കോടതിയില്‍ നിലപാട്‌ മാറ്റം'

uploads/news/2026/02/825739/k1.jpg

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്‌ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ചിരുന്ന സംസ്‌ഥാന സര്‍ക്കാര്‍ നിലപാട്‌ മാറ്റിയേക്കുമെന്നു സൂചന. സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധനയെ എതിര്‍ക്കുന്ന നിലപാടാണ്‌ തങ്ങള്‍ ഇതുവരെ സ്വീകരിച്ചതെന്നും എന്നാല്‍ ഈ നിലപാട്‌ മാറാന്‍ സാധ്യതയുണ്ടെന്നും സംസ്‌ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്‌ദീപ്‌ ഗുപ്‌ത കോടതിയെ അറിയിച്ചു. ഇന്നലെ നോഡല്‍ ഓഫീസര്‍ നിയമനവുമായി ബന്ധപ്പെട്ട്‌ നടന്ന വാദത്തിനിടെയാണു ജയ്‌ദീപ്‌ ഗുപ്‌ത ഇക്കാര്യം പറഞ്ഞത്‌. കേസില്‍ ഏപ്രില്‍ ഏഴിനു വാദം തുടങ്ങും. ഏപ്രില്‍ 22-നുള്ളില്‍ വാദം പൂര്‍ത്തിയാക്കും.
ഒന്‍പതംഗ ബെഞ്ചിന്‌ മുമ്പാകെയുള്ള നടപടികള്‍ സുഗമമായി കൊണ്ടുപോകാന്‍ രണ്ട്‌ അഭിഭാഷകരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ നിര്‍ദേശിച്ചിരുന്നു. ഇരുവിഭാഗങ്ങളില്‍നിന്ന്‌ ഓരോ പേരുകള്‍ മുന്നോട്ട്‌ വയ്‌ക്കാനും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു സീനിയര്‍ അഭിഭാഷകരില്‍ ഒരാള്‍ സംസ്‌ഥാന സര്‍ക്കാരിന്റെ സ്‌റ്റാന്‍ഡിങ്‌ കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറിന്റെ പേര്‌ നിര്‍ദേശിച്ചു. എന്നാല്‍, സംസ്‌ഥാന സര്‍ക്കാരിന്റെ അഭിഭാഷകനായ ജയ്‌ദീപ്‌ ഗുപ്‌ത ഇതിനെ എതിര്‍ത്തു. പുനഃപരിശോധന ഹര്‍ജിയെ എതിര്‍ത്തിരുന്ന കേരളത്തിന്റെ നിലപാട്‌ മാറാന്‍ സാധ്യതയുള്ളതിനാല്‍, നിഷേ രാജന്‍ ഷൊങ്കറിനെ പുനഃപരിശോധനയെ എതിര്‍ക്കുന്നവരുടെ നോഡല്‍ ഓഫീസര്‍ ആക്കരുതെന്നായിരുന്നു ജയ്‌ദീപ്‌ ഗുപ്‌തയുടെ നിലപാട്‌.
അതേ സമയം ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രായഭേദമില്ലാതെ പ്രവേശനം അനുവദിക്കണമെന്ന 2018 ലെ സുപ്രിം കോടതി ഉത്തരവ്‌ വിധി പുനഃപരിശോധിക്കുന്നതിനെ പിന്തുണയ്‌ക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്‌ വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ഒന്‍പതംഗ ബെഞ്ചിലെ അംഗങ്ങള്‍ ആരൊക്കെയെന്നു ചീഫ്‌ ജസ്‌റ്റിസ്‌ പിന്നീട്‌ ഉത്തരവിറക്കും. ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വിപുല്‍ എം. പഞ്ചൗലി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ്‌ തീരുമാനം. കേസില്‍ നേരത്തെ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചില്‍ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ മാത്രമാണ്‌ സുപ്രിംകോടതിയില്‍ അവശേഷിക്കുന്നത്‌.
പുനഃപരിശോധനാ ഹര്‍ജിക്കാരുടെയും അവരെ പിന്തുണയ്‌ക്കുന്ന കക്ഷികളുടെയും വാദം ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 9 വരെ കേള്‍ക്കും. എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ കേള്‍ക്കും. ഏപ്രില്‍ 21ന്‌ മറുപടി സത്യവാങ്‌മൂലങ്ങള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 22ന്‌ വാദം അവസാനിപ്പിക്കും.
ശബരിമല വിധി പുനഃപരിശോധിക്കാന്‍ സുപ്രിം കോടതി 2020 ജനുവരിയില്‍ ഒന്‍പതംഗ ബെഞ്ച്‌ രൂപീകരിച്ചിരുന്നു. മതത്തിന്റെ അനിവാര്യ ആചാരങ്ങളില്‍ കോടതിക്ക്‌ ഇടപെടാന്‍ കഴിയുമോ എന്ന വിഷയം പരിഗണിക്കാനാണു തീരുമാനിച്ചത്‌. പരിഗണനയ്‌ക്കായി ഏഴു വിഷയങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്‌. ഇതേ കാര്യങ്ങള്‍ തന്നെയാകും പുതിയ ബെഞ്ചും പരിഗണിക്കുക.യുവതീപ്രവേശനത്തെ അനുകൂലിച്ച സംസ്‌ഥാന സര്‍ക്കാറിന്‌ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയേറ്റതോടെയാണ്‌ നിലപാട്‌ മാറ്റത്തിനൊരുങ്ങുന്നത്‌.

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്‌ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നതിനെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കണം. സംസ്‌ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമലയില്‍ യുവതി പ്രവേശനമാകാമെന്ന മുന്‍ നിലപാട്‌ തിരുത്തണം. എന്‍.എസ്‌.എസ്‌. വിശ്വാസ സംരക്ഷണത്തില്‍ ഉറച്ചു നില്‍ക്കും. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരപരാധികളായവര്‍ക്ക്‌ നേരെയുള്ള കേസുകള്‍ ഒഴിവാക്കണം.

-ജി. സുകുമാരന്‍ നായര്‍

എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ നിലപാട്‌ സ്‌ത്രീ പ്രവേശനത്തിന്‌ എതിരാണ്‌. യോഗം കേസില്‍ കക്ഷി ചേരില്ല. സ്‌ത്രീ പ്രവേശനം നടപ്പാക്കാന്‍ ശ്രമിക്കുന്നത്‌ ശരിയല്ല. ശബരിമലയിലെ ആചാരങ്ങള്‍ മാറ്റപ്പെടേണ്ടതല്ല, അനാചാരങ്ങള്‍ ഇല്ലാതാക്കണം. കേരളത്തിലെ പ്രബുദ്ധരായ സ്‌ത്രീകള്‍ ശബരിമലയിലേക്ക്‌ പോകില്ല. ജനവികാരം കണക്കിലെടുത്ത്‌ സര്‍ക്കാര്‍ തിരുത്തേണ്ടത്‌ തിരുത്തണം മുന്‍പ്‌ വിധിയെ അനുകൂലിച്ച പലരും ഇപ്പോള്‍ എതിര്‍ത്തുതുടങ്ങി.

-വെള്ളാപ്പള്ളി നടേശന്‍

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ്‌. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലം തിരുത്തണം. വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിക്കാനാണ്‌ ഇടതു സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്‌. മുമ്പ്‌ മാപ്പു പറഞ്ഞ സര്‍ക്കാര്‍, ഇപ്പോള്‍ നിലപാട്‌ വ്യക്‌തമാക്കാതെ ഒളിച്ചുകളിക്കുകയാണ്‌. സി.പി.എമ്മിന്‌ നിലപാടുമില്ല, ഉറപ്പുമില്ല. അയ്യപ്പഭക്‌തരുടെ വോട്ട്‌ വേണം താനും യു.ഡി.എഫ്‌ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ ആചാരങ്ങളെ അനുകൂലിച്ച്‌ പുതിയ സത്യവാങ്‌മൂലം നല്‍കും.

- വി.ഡി. സതീശന്‍.

ശബരിമല യുവതീപ്രവേശന വിഷയം പാര്‍ട്ടിയും സര്‍ക്കാരും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. സി.പി.എമ്മിന്റെ നിലപാട്‌ പറയേണ്ട സമയത്തു പറയും. ഇപ്പോള്‍ അതില്‍ ധൃതി പിടിക്കേണ്ടതില്ല.

- എം.വി. ഗോവിന്ദന്‍.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW