Saturday, March 14, 2026 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 12.28 PM

ശത്രുക്കളെ തടയാന്‍ സ്വന്തം തല കവചമാക്കുന്ന 'പടയാളി' ഉറുമ്പുകള്‍: അല്പം വ്യത്യസ്തരാണ് ആമയുറുമ്പുകള്‍

turtle, ants, defense, mechanism
Photo. The Daily Ant

ഉറുമ്പ് ലോകത്തെ വ്യത്യസ്തരായ പോരാളികളാണ് സെഫലോട്ടസ് (Cephalotes) വിഭാഗത്തില്‍പ്പെട്ട 'ആമയുറുമ്പുകള്‍'. ഇവയുടെ പ്രതിരോധ തന്ത്രങ്ങളും ശാരീരിക ഘടനയും പരിണാമത്തിന്റെ വിസ്മയിപ്പിക്കുന്ന ഉദാഹരണങ്ങളാണ്. സ്വന്തം ശരീരഭാഗം ഉപയോഗിച്ച് കൂടിന്റെ വാതില്‍ അടച്ചു ശത്രുക്കളില്‍നിന്ന് രക്ഷനേടുന്ന 'ഫ്രാഗ്മോസിസ്' പ്രതിരോധ തന്ത്രമാണ് ഇവ അവലംബിക്കുന്നത്.

മധ്യദക്ഷിണ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ഉണങ്ങിയ ചില്ലകളിലെ ദ്വാരങ്ങള്‍, വണ്ടുകള്‍ ഉപേക്ഷിച്ചുപോയ പൊത്തുകള്‍ തുടങ്ങിയ ഇടുങ്ങിയ കവാടങ്ങളുള്ള സ്ഥലങ്ങളാണ് ഇവ കൂടുകളാക്കുക. പടയാളി ഉറുമ്പുകളുടെ തളിക പോലുള്ള തല ഈ കൂടിന്റെ വാതിലിന് കൃത്യമായി പാകമാകുന്ന ഒന്നാണ്. ഒറ്റനോട്ടത്തില്‍ ഒരു മാന്‍ഹോള്‍ അടപ്പുപോലെയോ, കോര്‍ക്കുപോലെയോ ഇതു തോന്നും.

ഇരപിടിയന്‍ ഉറുമ്പുകള്‍, ചിലന്തികള്‍, വണ്ടുകള്‍ തുടങ്ങിയ ശത്രുക്കള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ പടയാളി ഉറുമ്പ് തല ആദ്യം പുറത്തേക്കിട്ട് കൂടിന്റെ വാതില്‍ ഭദ്രമായി അടയ്ക്കും. ശത്രുക്കള്‍ക്ക് കടക്കാനാവാത്ത ഈ കവചം, കൂട്ടത്തിലുള്ള മറ്റുറുമ്പുകള്‍ക്ക് അകത്തേക്കും പുറത്തേക്കും പോകാനായി ഉള്ളിലോട്ടു വലിച്ച് വഴിയൊരുക്കുകയും ചെയ്യും. ഈ തലയുടെ അരിക് കവചംപോലെ ഉറപ്പുള്ളതാണ്. ചുറ്റുമുള്ള മരത്തൊലിയുടെ നിറവുമായി ഇഴുകിച്ചേരുന്ന ഘടനയും നിറവും ഇവയ്ക്ക് സ്വാഭാവികമായ സംരക്ഷണം നല്‍കും.

കൂടിന്റെ വാതിലിനു വലുപ്പം കൂടുതലാണെങ്കില്‍, പുരാതന കാലത്തെ പടയാളികള്‍ പരിചകള്‍ ചേര്‍ത്തുവെച്ച് പ്രതിരോധം തീര്‍ക്കുന്നതുപോലെ, ഒന്നിലധികം ഉറുമ്പുകള്‍ ചേര്‍ന്ന് തലകള്‍കൊണ്ട് അടപ്പ് തീര്‍ക്കും. ഈ സ്വഭാവ വിശേഷം മറ്റുചില ഉറുമ്പു ഗണങ്ങളിലും (ഉദാഹരണത്തിന്, ആഫ്രിക്കയിലെ കരേബറ, സ്‌റ്റെനാമ, കൊളോബോപ്‌സിസ്) സമാന്തര പരിണാമത്തിലൂടെ രൂപപ്പെട്ടിട്ടുണ്ടെങ്കിലും സെഫലോട്ടസ് ഗണത്തിലാണ് ഇതിന് ഏറ്റവും പൂര്‍ണത.

പ്രതിരോധത്തിനു പുറമേ മറ്റു പല കൗതുകകരമായ സ്വഭാവങ്ങളും ആമയുറുമ്പുകള്‍ക്കുണ്ട്. കൂട്ടത്തിലെ സാധാരണ ജോലിക്കാരിയുറുമ്പുകള്‍ക്ക് മരത്തില്‍നിന്നു വീണാല്‍ പാരച്യൂട്ടിലെന്നപോലെ വായുവിലൂടെ തെന്നിനീങ്ങി മരത്തിന്റെ തടിയില്‍ത്തന്നെ തിരിച്ചെത്താന്‍ കഴിയും. പ്രാണികള്‍, പൂന്തേന്‍, പൂപ്പലുകള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW