-->
ന്യൂഡല്‍ഹി: ജമ്മു കശ്‌മീരില്‍ സുരക്ഷാ ഏജന്‍സികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 8,000-ത്തിലധികം 'മ്യൂള്‍ അക്കൗണ്ടുകള്‍' കണ്ടെത്തി മരവിപ്പിച്ചു.
സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പലൂടെ ലഭിക്കുന്ന പണം കൈമാറാനോ വെളുപ്പിക്കാനോ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട് വാടകയ്‌ക്ക് എടുത്തോ അല്ലാതെയോ ഉപയോഗിക്കുന്ന രീതിയാണു മ്യൂള്‍ അക്കൗണ്ട്. ആഗോള തട്ടിപ്പ് ശൃംഖലകളുടെ സാമ്പത്തിക നട്ടെല്ലാണ് മ്യൂള്‍ അക്കൗണ്ടുകളെന്നും ഇവയിലൂടെ കൈമാറുന്ന പണം വിഘടനവാദ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
സൈബര്‍ കുറ്റകൃത്യ ശൃംഖലയിലെ നിര്‍ണായക കണ്ണിയാണിത്. മാഷ്‌ടിച്ച പണം കണ്ടെത്താനാകാത്ത ക്രിപ്‌റ്റോകറന്‍സിയാക്കി മാറ്റുന്നതു മ്യൂള്‍ അക്കൗണ്ടുകള്‍ വഴിയാണ്. മ്യൂള്‍ അക്കൗണ്ടുകളുടെ വര്‍ധന തടയാന്‍ ബാങ്കുകളുമായി കൂടിയാലോചിച്ച് കര്‍ശനനടപടി സ്വീകരിക്കണമെന്നു കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ ജമ്മു കശ്‌മീര്‍ പോലീസിനോടും മറ്റ് നിയമ നിര്‍വഹണ ഏജന്‍സികളോടും ആവശ്യപ്പെട്ടു. 2017-ല്‍ ദേശീയ അന്വേഷണ ഏജന്‍സി ഈ മേഖലയിലേക്കുള്ള കള്ളപ്പണം ഒഴുക്കിനെതിരേ നടപടി സ്വീകരിച്ചതിനുശേഷം, ദേശവിരുദ്ധ ഘടകങ്ങള്‍ 'ഡിജിറ്റല്‍ ഹവാല' രീതിയിലേക്കു മാറിയതെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
എളുപ്പത്തില്‍, ഉയര്‍ന്ന കമ്മീഷന്‍ വാഗ്‌ദാനംചെയ്‌ത് ആളുകളെ വലയില്‍വീഴ്‌ത്തിയാണ് മ്യൂള്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നത്. ഒരു തട്ടിപ്പുകാരന് ഒരേസമയം 10 മുതല്‍ 30 വരെ മ്യൂള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായും അന്വേഷകര്‍ കണ്ടെത്തി. പല കേസുകളിലും, വ്യാജ കമ്പനികളുടെ പേരുകളില്‍ അക്കൗണ്ടുകള്‍ തുറക്കുന്നു. അക്കൗണ്ടുകള്‍ വാടകയ്‌ക്കു നല്‍കുന്നവര്‍ ഇരകള്‍ മാത്രമല്ല, കുറ്റകൃത്യത്തിന്റെ പ്രധാനകണ്ണിയും അവരാണെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ചൈന, മലേഷ്യ, മ്യാന്‍മര്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ ഈ രീതിയില്‍ ജമ്മു കശ്‌മീരില്‍ മ്യൂള്‍ അക്കൗണ്ടുകളിലൂടെ പണം കൈമാറുന്നുണ്ട്.