-->
ചെന്നൈ: നമീബിയയെ 31 റണ്ണിനു തോല്‍പ്പിച്ച് യു.എസ്.എ. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ട് സാധ്യതകള്‍ സജീവമാക്കി.
ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത യു.എസ്‌്.എ. നാല് വിക്കറ്റിന് 199 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത നമീബിയയ്‌ക്ക് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 168 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. നാല് കളികളില്‍നിന്ന് നാല് പോയിന്റുള്ള യു.എസ്.എ. മൂന്നാം സ്‌ഥാനത്താണ്. മൂന്ന് കളികളും തോറ്റ നമീബിയയ്‌ക്ക് അക്കൗണ്ട് തുറക്കാനായില്ല. ടോസ് നേടിയ യു.എസ്. നായകന്‍ മോനാങ്ക് പട്ടേല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സഞ്‌ജയ് കൃഷ്‌ണമൂര്‍ത്തി (33 പന്തില്‍ ആറ് സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 68), ഓപ്പണര്‍ കൂടിയായ മോനാങ്ക് പട്ടേല്‍ (30 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ടീമിനെ 200 ന് അടുത്തെത്തിച്ചത്. ഷായന്‍ ജഹാംഗീര്‍ (18 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 22), മിലിന്ദ് കുമാര്‍ (20 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 28), സായ്‌തേജ മുക്കമല (18 പന്തില്‍ 17) എന്നിവരും വെടിക്കെട്ടായി.
നമീബിയയ്‌ക്കായി വിലം മൈബ്രോ, നായകന്‍ ജെറാഡ് ഇറാസ്‌മസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ഓപ്പണര്‍ ലോറന്‍ സ്‌റ്റീന്‍കാംബ് (39 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം 58), ജെജെ സ്‌മിറ്റ് (23 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 31), യാന്‍ നികോള്‍ ലോഫ്‌റ്റി ഈറ്റന്‍ (17 പന്തില്‍ 28) എന്നിവര്‍ പൊരുതിയെങ്കിലും ജയത്തിലെത്താനായില്ല. യു.എസിനായി ഷാഡ്‌ലി വാന്‍ സ്‌കൂവിക് രണ്ട് വിക്കറ്റും അലി ഖാന്‍, സൗരഭ് നേത്രാവല്‍കര്‍, ശുഭം രഞ്‌ജാനെ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. സാനെ ഗ്രീന്‍ 13 പന്തില്‍ 18 റണ്ണുമായി റിട്ടയേഡ് ഔട്ടായി.