-->
മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ കടക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയുമായി മുന്‍ ചാമ്പ്യന്‍മാരായ വെസ്‌റ്റിന്‍ഡീസ്. നേപ്പാളിനെതിരേ നടന്ന സി ഗ്രൂപ്പിലെ മൂന്നാമത്തെ മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണു വിന്‍ഡീസ് ജയിച്ചത്‌്.
വാങ്കഡെ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത നേപ്പാള്‍ എട്ട് വിക്കറ്റിന് 133 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത വിന്‍ഡീസ് കളി തീരാന്‍ 28 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
നായകനും ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഷായ് ഹോപ്പ് (44 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 61), 32 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കഗ 46 റണ്ണുമായിനിന്ന ഷിംറോണ്‍ ഹിറ്റ്‌മീര്‍ എന്നിവര്‍ ചേര്‍ന്നാണു ടീമിനെ ജയത്തിലെത്തിച്ചത്. ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ് 17 പന്തില്‍ 22 റണ്ണുമായി പുറത്തായി. വിന്‍ഡീസ് തുടരെ മൂന്ന് ജയം കുറിച്ചപ്പോള്‍ നേപ്പാളിന് ഇതുവരെ ജയിക്കാനായില്ല.
ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഹോപ്പ് നേപ്പാളിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നാല് ഓവറില്‍ 27 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ജാസണ്‍ ഹോള്‍ഡറാണ് നേപ്പാളിനെ ഒതുക്കിയത്. അകീല്‍ ഹുസൈന്‍, മാത്യു ഫോര്‍ഡെ, ഷാമാര്‍ ജോസഫ്, റോസ്‌റ്റണ്‍ ചേസ് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ദിപേന്ദ്ര സിങ് എയ്‌റീ (47 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 58), സോംപാല്‍ കാമി (15 പന്തില്‍ പുറത്താകാതെ 26) എന്നിവരുടെ പോരാട്ടമാണു ടീമിനെ 100 കടത്തിയത്. കുശല്‍ ഭൂറേല്‍ (ഒന്ന്), നായകന്‍ രോഹിത് പൗഡേല്‍ (അഞ്ച്), ആരിഫ് ഷെയ്‌ക് (രണ്ട്), ലോകേഷ് ബാം (13), ആസിഫ് ഷെയ്‌ക് (11) എന്നിവര്‍ നിരാശപ്പെടുത്തി. മത്സരത്തിന്റെ ആദ്യ പന്ത് മുതല്‍ കളി വിന്‍ഡീസിന്റെ നിയന്ത്രണത്തിലായിരുന്നു.