Saturday, March 14, 2026 Last Updated 21 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.10 AM

ശബരിമല യുവതീ പ്രവേശനം; സത്യവാങ്ങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷ: ജി സുകുമാരന്‍ നായര്‍

sabarimala, women, entry, affidavit, G-Sukumaran-Nair

കോട്ടയം: ശബരിമല യുവതീ പ്രവേശനക്കേസില്‍ യുവതി പ്രവേശന സമയത്തെ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ്. കോടതിയില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയില്ല. അക്കാര്യത്തെക്കുറിച്ച് എന്‍എസ്എസ് അന്വേഷിച്ചിട്ടില്ല. സര്‍ക്കാര്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് തനിക്ക് പറയാന്‍ പറ്റില്ലല്ലോ എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല കേസിലെ സര്‍ക്കാര്‍ നിലപാടില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും പറയാനാകില്ല. സത്യവാങ്മൂലം തിരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമനടപടി ആലോചിച്ച് ചെയ്യട്ടെ. ഇക്കാര്യത്തില്‍ എന്‍എസ്എസ് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാടില്‍ ഒരു മാറ്റവുമില്ല എന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല കേസില്‍ ഭരണഘടനാബെഞ്ച് സംബന്ധിച്ച് വാദം കേട്ട് തീരുമാനിക്കുന്നതിനുള്ള തീയതി നിശ്ചയിക്കുക എന്നതാണ് കോടതിയുടെ നാളത്തെ ഉദ്ദേശമെന്നാണ് അറിയാന്‍ കഴിഞ്ഞത്. കോടതിയില്‍ തീരുമാനം ആകാതിരിക്കെ തന്നെ സര്‍ക്കാര്‍ യുവതീ പ്രവേശനം തടഞ്ഞു. പഴയ ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും പറഞ്ഞു. എന്‍എസ്എസിന്റെ ഉദ്ദേശവും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നു തന്നെയാണ്. അത് അലിഖിതമാക്കിക്കൊണ്ടുള്ള നടപടിക്രമമാണ് സര്‍ക്കാര്‍ കഴിഞ്ഞ കുറേ കാലങ്ങളായി പാലിക്കുന്നത്. ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല കേസ് വിധിയില്‍ എന്‍എസ്എസ് മാത്രമാണ് കേസ് കൊടുത്തത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇടപെട്ടിട്ടില്ല. സര്‍ക്കാരും ഇടപെട്ടില്ല. സമുദായസംഘനകളുടെ വാദം എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എല്ലാ സംഘടനകളേയും കോടതി വിളിക്കുമോ എന്നൊന്നും അറിയില്ല. എന്തായാലും എന്‍എസ്എസിനെ വിളിക്കും. ഞങ്ങള്‍ പൂര്‍ണ സജ്ജമാണ്. പഴയ വാശിയോടെ തന്നെ കേസില്‍ എസ്എസ്എസ് മുന്നോട്ടു പോകുകയാണ്. ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണമെന്ന തരത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് അന്നു തോന്നിയില്ല. പിന്നെ തോന്നിയപ്പോഴാണ് പഴയ പടി പോകട്ടെ എന്ന് തീരുമാനിച്ചത്. വിശ്വാസികളുടെ എണ്ണം സര്‍ക്കാരിന് ബോധ്യപ്പെട്ടു എന്നു വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍. അതുകൊണ്ടാണ് നിലപാടില്‍ മാറ്റം വരുത്തിയത്. യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ഒന്നും ചെയ്തില്ല. എന്തുകൊണ്ട് ചെയ്തില്ല എന്നു തനിക്കു പറയാന്‍ പറ്റില്ലല്ലോ. ആ ആക്ഷേപം എന്‍എസ്എസിനുണ്ട്. സുകുമാരന്‍ നായര്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കണം. ഇക്കാര്യം സര്‍ക്കാരും കോടതിയും അന്വേഷിക്കുന്നുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരും കോടതിയും തീരുമാനിക്കട്ടെ. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ. എല്ലാത്തിനും സുതാര്യത ആവശ്യമാണ്. അതില്‍ ഒരു സംശയവുമില്ല. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സമദൂര നിലപാടു തന്നെയാണ്. ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ടു ചെയ്യാം. ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW