-->
അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഡി ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന് 175 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക കളി തീരാന്‍ 17 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
നായകനും ഓപ്പണറുമായ എയ്‌ദീന്‍ മാര്‍ക്രവും (44 പന്തില്‍ നാല് സിക്‌സറും എട്ട് ഫോറുമടക്കം 86) ഡേവിഡ് മില്ലറും (17 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 24) ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ട് ഉറപ്പാക്കി. 19 പന്തിലാണു മാര്‍ക്രം അര്‍ധ സെഞ്ചുറിയടിച്ചത്. ക്വിന്റണ്‍ ഡി കോക്ക് (14 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 20), റയാന്‍ റികല്‍ടണ്‍ (11 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 21), ഡെവാള്‍ഡ് ബ്രെവിസ് (17 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 21) എന്നിവരാണു പുറത്തായത്. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്‌ദീന്‍ മാര്‍ക്രം ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മാര്‍ക് ചാപ്‌മാന്‍ (26 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറുമടക്കം 48), ഡാരില്‍ മിച്ചല്‍ (24 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 32), ജെയിംസ് നീഷാം (15 പന്തില്‍ പുറത്താകാതെ 23), ഫിന്‍ അലന്‍ (17 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 31) എന്നിവരാണു വിക്കറ്റ് വീഴ്‌ചയ്‌ക്കിടെ ന്യൂസിലന്‍ഡിനെ തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കായി മാര്‍കോ യാന്‍സന്‍ നാല് വിക്കറ്റെടുത്തിരുന്നു. സ്‌കോട്ട്‌ലന്‍ഡിനെതിരേ നടന്ന സി ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിനു ജയിച്ചു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്‌ത സ്‌കോട്ട്‌ലന്‍ഡ് 152 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് കളി തീരാന്‍ 10 പന്തുകള്‍ ശേഷിക്കേ ലക്ഷ്യത്തിലെത്തി. 41 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 63 റണ്ണുമായി പുറത്താകാതെനിന്ന ടോം ബാന്റണാണ് ഇംഗ്ലണ്ടിന്റെ വിജയ ശില്‍പ്പി. ജേക്കബ് ബെതല്‍ (28 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 32), സാം കുറാന്‍ (20 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 28), വില്‍ ജാക്‌സ് (10 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 16) എന്നിവരും ബാന്റണിനു പിന്തുണ നല്‍കി. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക് സ്‌കോട്ട്‌ലന്‍ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. 32 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 49 റണ്ണെടുത്ത നായകന്‍ റിച്ചി ബെറിങ്‌ടണ്‍ സ്‌കോട്ടിഷ് ടോപ് സ്‌കോററായി. മൈക്കിള്‍ ജോണ്‍സ് 20 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 33 റണ്ണെടുത്തു.
രാവിലെ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ അയര്‍ലന്‍ഡ് ഒമാനെ 96 റണ്ണിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത അയര്‍ലന്‍ഡ് അഞ്ച് വിക്കറ്റിന് 235 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഒമാന്‍ 139 റണ്ണിന് ഓള്‍ഔട്ടായി. 51 പന്തില്‍ നാല് സിക്‌സറും 10 ഫോറുമടക്കം 94 റണ്ണുമായി പുറത്താകാതെനിന്ന നായകന്‍ ലോര്‍കാന്‍ ടക്കറാണ് അയര്‍ലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.