-->
കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള മത്സരം ഇന്നു നടക്കും. കൊളംബോയിലെ റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം.
ട്വന്റി20 ലോകകപ്പിലെ കണക്കെടുത്താല്‍ ഇന്ത്യക്കാണു മുന്‍തൂക്കം. ഇതുവരെ നടന്ന എട്ട് കളികളില്‍ ഒന്നില്‍ മാത്രമാണു പാകിസ്‌താന്‍ ജയിച്ചത്. ഇന്ത്യക്കെതിരേ കളിക്കില്ലെന്ന് പാകിസ്‌താന്‍ ഭീഷണി മുഴക്കിയിരുന്നെങ്കിലും അനുനയ ചര്‍ച്ചകള്‍ക്കു ശേഷം അവര്‍ നിലപാട് മാറ്റി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം മത്സരത്തിനു ഭീഷണിയായേക്കുമെന്ന് ആശങ്ക. പ്രേമദാസ സ്‌റ്റേഡിയം സ്‌ഥിതി ചെയ്യുന്ന ഖേതാരാമയില്‍ വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 70 ശതമാനം വരെയാണ്. ഉച്ചയ്‌ക്ക് ശേഷം ശക്‌തമായ ഇടിമിന്നലാണ് കാലാവസ്‌ഥാ പ്രവചനത്തിലുള്ളത്. മത്സരം തുടങ്ങുന്ന വൈകിട്ട് ഏഴ് മണി സമയത്ത് ശക്‌തമായ ഇടിമിന്നലാണ് പ്രതീക്ഷിക്കുന്നത്. രാത്രി എട്ടിന് ശേഷം മേഘങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ട്. മഴയെ നേരിടാന്‍ ശക്‌തമായ സന്നാഹങ്ങളാണ് സേ്‌റ്റഡിയത്തിലുള്ളത്.
ഒരു ട്വന്റി മത്സരത്തിനു ഫലമുണ്ടാകണമെങ്കില്‍ കുറഞ്ഞത് അഞ്ച് ഓവര്‍ വീതമുള്ള മത്സരം ആവശ്യമാണ്. സാധിച്ചില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കും.
ഓപ്പണര്‍ അഭിഷേക് ശര്‍മ കായികക്ഷമത വീണ്ടെടുത്തതോടെ ഇന്നു കളിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ അതോടെ പുറത്തിരിക്കും. ട്വന്റി20 യില്‍ 194.45 സ്‌ട്രൈക്ക് റേറ്റുള്ള അഭിഷേകിന്റെ സാന്നിധ്യം പാക് ബൗളര്‍മാരുടെ ഉറക്കം കെടുത്തും.
ട്വന്റി20 യിലെ ആദ്യ ഓവറുകളില്‍ തന്നെ വിക്കറ്റെടുക്കുന്നതു ശീലമാക്കിയ ഷഹീന്‍ ഷാ അഫ്രീഡിയാണു പാക് ബൗളിങ്ങിന്റെ കുന്തമുന. പാകിസ്‌താനെതിരേ എറിഞ്ഞ എട്ട് മത്സരങ്ങളിലും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിക്കറ്റെടുക്കാനായി. മുന്‍ നായകന്‍ ബാബര്‍ അസം പാക് ടീമില്‍ തുടരുമെന്നാണു സൂചന. വിക്കറ്റ് കീപ്പര്‍ ഉസ്‌മാന്‍ ഖാനു പകരം ഫഖര്‍ സമാന്‍ കളിച്ചേക്കും. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ മികച്ച ബാറ്റിങ് പുറത്തെടുത്ത സാഹിബ്‌സാദ ഫര്‍ഹാനും വിചിത്രമായ ബൗളിങ് ആക്ഷന്റെ ഉടമ ഓഫ് സ്‌പിന്നര്‍ ഉസ്‌മാന്‍ താരിഖുമാണു പാക് നിരയിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍. പേസര്‍ ജസ്‌പ്രീത് ബുംറയെ നിര്‍ഭയം നേരിടാന്‍ സാഹിബ്‌സാദയ്‌ക്കായിരുന്നു.
സാധ്യതാ ടീം: ഇന്ത്യ- ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (നായകന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുംറ.
സാധ്യതാ ടീം: പാകിസ്‌താന്‍ - സാഹിബ്‌സാദ ഫര്‍ഹാന്‍, സായിം അയൂബ്, സല്‍മാന്‍ ആഗ (നായകന്‍), ബാബര്‍ അസം, ഷാദാബ് ഖാന്‍, ഉസ്‌മാന്‍ ഖാന്‍/ ഫഖര്‍ സമാന്‍, മുഹമ്മദ് നവാസ്, ഫാഹിം അഷ്‌റാഫ്, ഷഹീന്‍ ഷാ അഫ്രീഡി, ഉസ്‌മാന്‍ താരിഖ്, അബ്രാര്‍ അഹമ്മദ്.