Saturday, March 14, 2026 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Feb 2026 11.33 PM

'എടാ... ഞങ്ങളെ നിനക്ക്‌ അറിയാമോടാ...' പോലീസുകാരനെ എസ്‌.എഫ്‌.ഐക്കാര്‍ ക്രൂരമായി തല്ലി ; പക്ഷേ കേസ്‌ പോലീസുകാരനെതിരേ , സേനയില്‍ അമര്‍ഷം

തലസ്‌ഥാനത്ത്‌ പോലീസ്‌ അസോസിയേഷന്റെ സിറ്റി ജില്ലാ സമ്മേളനം നടക്കുന്നതിനിടെയാണ്‌ അക്രമം അരങ്ങേറിയത്‌. ഒരു പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ആരും പ്രതികരിക്കാന്‍ തയാറായില്ല എന്നത്‌ വിരോധാഭാസമായി.
uploads/news/2026/02/825488/SFI-Police.jpg

തിരുവനന്തപുരം: തലസ്‌ഥാനത്തെ പ്രമുഖ ഷോപ്പിങ്‌ മാളില്‍ പോലീസ്‌ ഉദ്യോഗസ്‌ഥനെ വളഞ്ഞിട്ട്‌ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ സംരക്ഷിച്ച്‌ പോലീസ്‌!.ഡ്യൂട്ടി തടസപ്പെടുത്തിയത്‌ ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ മിഥുന്‍ റോയിയെയാണ്‌ ഒരു സംഘം എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്‌.

എന്നാല്‍, പ്രതികള്‍ക്ക്‌ എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചുമത്തി കേസ്‌ ഒതുക്കിത്തീര്‍ക്കാനാണ്‌ വഞ്ചിയൂര്‍ പോലീസ്‌ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്‌തം. മാള്‍ ഓഫ്‌ ട്രാവന്‍കൂറിലാണ്‌ സംഭവം. പിന്നാലെ പോലീസുകാരനെതിരേയും കേസെടുത്തു. കൗണ്ടര്‍ കേസാണ്‌ എടുത്തത്‌. പുറത്തുവന്ന സി.സി.ടിവി ദൃശ്യങ്ങളില്‍ എസ്‌. എഫ്‌.ഐക്കാരാണ്‌ മര്‍ദ്ദിച്ചതെന്നു വ്യക്‌തമായി കാണാം. കഴിഞ്ഞ ഡിസംബര്‍ 31-ന്‌ ശംഖുമുഖം ബീച്ചില്‍ പുതുവത്സര ഡ്യൂട്ടിക്കിടെ പ്രശ്‌നങ്ങളുണ്ടാക്കിയ പ്രതികളെ മിഥുന്‍ വിലക്കിയിരുന്നു. ഇതിന്റെ വിരോധം മനസില്‍വച്ചാണ്‌ ഇന്നലെ ഉച്ചയ്‌ക്ക് 3 ഓടെ ചാക്കയിലെ മാള്‍ ഓഫ്‌ ട്രാവന്‍കൂറില്‍ എത്തിയ മിഥുനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തിയത്‌.

'എടാ... ഞങ്ങളെ നിനക്ക്‌ അറിയാമോടാ...' എന്നു തുടങ്ങിയ അസഭ്യവര്‍ഷം ചൊരിഞ്ഞ്‌ ഒന്നാം പ്രതി രേവന്തും സംഘവും മഥുനെ നേരിട്ടത്‌. മിഥുനെ ഓടിവന്ന്‌ ചാടി ചവിട്ടിയ പ്രതികള്‍ പരസ്യമായി വധഭീഷണി മുഴക്കുകയും ചെയ്‌തു. ഇതെല്ലാം വീഡിയോയില്‍ വ്യക്‌തം. അക്രമികളെ സെക്യൂരിറ്റി തടയുന്നതും കാണാം. എസ്‌.എഫ. ഐക്കാര്‍ക്കെതിരേ നിസാര വകുപ്പുകളില്‍ കേസെടുത്തത്‌ വിവാദമായി.

സംഭവം അതീവ ഗൗരവമാണെങ്കിലും ഭാരതീയ ന്യായ സംഹിതയിലെ 296(1), 115(2), 351, 3(5) എന്നീ വകുപ്പുകളാണ്‌ വഞ്ചിയൂര്‍ പോലീസ്‌ ചുമത്തിയിരിക്കുന്നത്‌. ഇതില്‍ ഭൂരിഭാഗവും ജാമ്യം ലഭിക്കാവുന്നതും പരമാവധി രണ്ട്‌ വര്‍ഷം മാത്രം ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റങ്ങളാണ്‌. സമനമായി പോലീസുകാരനെതിരേയും കൗണ്ടര്‍ കേസെടുത്തു. ഇതു പോലീസ്‌ സേനയില്‍ വലിയ അമര്‍ഷമായി. തലസ്‌ഥാനത്ത്‌ പോലീസ്‌ അസോസിയേഷന്റെ സിറ്റി ജില്ലാ സമ്മേളനം നടക്കുന്നതിനിടെയാണ്‌ മാളില്‍വച്ച്‌ അക്രമം അരങ്ങേറിയത്‌. സംഘടനയുടെ ഉന്നത നേതാക്കള്‍ സ്‌ഥലത്തുണ്ടായിട്ടും ഒരു പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ആരും പ്രതികരിക്കാന്‍ തയാറായില്ല എന്നത്‌ വിരോധാഭാസമായി.

Ads by Google
Ads by Google
TRENDING NOW