Wednesday, March 11, 2026 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.32 PM

ജൂലൈ ചാര്‍ട്ടറിന്‌ 70% പിന്തുണ; ബംഗ്ലാദേശ്‌ തെര. പരിഷ്‌കരണത്തിലേക്ക്‌

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്‌/ഭരണ പരിഷ്‌കാരം ലക്ഷ്യമിടുന്ന ജൂലൈ ചാര്‍ട്ടറിന്‌ ബംഗ്ലാദേശിലെ ഹിത പരിശോധനയില്‍ 70 ശതമാനം പിന്തുണ. ഇതോടെ രാജ്യം തെരഞ്ഞെടുപ്പ്‌ പരിഷ്‌കരണത്തിലേക്കു നീങ്ങും. തെരഞ്ഞെടുപ്പിനൊപ്പം രാജ്യത്ത്‌ പരിഷ്‌കരണ പാക്കേജ്‌ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ദേശീയ ഹിതപരിശോധനയും നടന്നിരുന്നു. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പ്രഖ്യാപിച്ചതനുസരിച്ച്‌, ബംഗ്ലാദേശിലെ വോട്ടര്‍മാരില്‍ 60.26 ശതമാനം പേര്‍ വോട്ട്‌ രേഖപ്പെടുത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, പരിഷ്‌കരണത്തിന്‌ അനുകൂലമായി 4,80,74,429 വോട്ടുകള്‍ ലഭിച്ചു, അതേസമയം 2,25,65,627 വോട്ടര്‍മാര്‍ പരിഷ്‌കരണം ആവശ്യമില്ല എന്ന നിലപാട്‌ സ്വീകരിച്ചു.

ജൂലൈ ചാര്‍ട്ടര്‍

രാജ്യഭരണം പൂര്‍ണമായും മാറ്റാനുള്ള ലക്ഷ്യത്തോടെയുള്ള 2025ലെ ജൂലൈ ദേശീയ ചാര്‍ട്ടര്‍ നടപ്പിലാക്കുന്നതിനുള്ള ജനങ്ങളുടെ സമ്മതമാണ്‌ ഈ ഹിതപരിശോധന തേടിയത്‌. പുനഃസംഘടനയുമായി ബന്ധപ്പെട്ട്‌ മൊത്തം 84 പരിഷ്‌കരണ നിര്‍ദേശങ്ങള്‍ ജൂലൈ ചാര്‍ട്ടര്‍ ഉള്‍ക്കൊള്ളുന്നു. 2024 ജൂലൈയിലെ വിദ്യാര്‍ഥി നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെ പുറത്താക്കിയതിന്‌ ശേഷമാണ്‌ ഇത്‌ തയാറാക്കിയത്‌. ഒരു ഭരണഘടനാ പരിഷ്‌കരണ കൗണ്‍സില്‍ ഈ പരിഷ്‌കാരങ്ങള്‍ 270 പ്രവൃത്തി ദിവസത്തിനുള്ളില്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്‌.
പ്രധാന
നിര്‍ദേശങ്ങള്‍

സര്‍വാധികാരവാഴ്‌ചയുടെയും ഫാസിസ്‌റ്റ് ഭരണത്തിന്റെയും ആവര്‍ത്തനം തടയുന്നതിനായി, ഭരണപരമായ അധികാരങ്ങളുടെ കേന്ദ്രീകരണം ഒഴിവാക്കുക എന്നതാണ്‌ ചാര്‍ട്ടറിന്റെ പ്രധാന ലക്ഷ്യം. പ്രധാനപ്പെട്ട ഭരണസംവിധാനങ്ങളെ അടിസ്‌ഥാനപരമായി പുനഃസംഘടിപ്പിച്ചുകൊണ്ടായിരിക്കും ഇതു നടപ്പിലാക്കുക. 84 പരിഷ്‌കരണ നിര്‍ദേശങ്ങളില്‍ 47 എണ്ണത്തിന്‌ ഭരണഘടനാ ഭേദഗതി ആവശ്യമാണ്‌, ബാക്കിയുള്ള 37 എണ്ണത്തെ നിയമങ്ങളിലൂടെയോ എക്‌സിക്യൂട്ടീവ്‌ ഉത്തരവുകളിലൂടെയോ നടപ്പിലാക്കും.

പ്രധാനമന്ത്രി സ്‌ഥാനത്തേക്കുള്ള കാലാവധി പരിധി: ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സ്വേച്‌ഛാധിപത്യ ഭരണം തടയുന്നതിനായി പ്രധാനമന്ത്രിമാര്‍ക്ക്‌ കര്‍ശനമായ കാലാവധി പരിധികള്‍ നടപ്പിലാക്കും.

ഇരുസഭകളുള്ള പാര്‍ലമെന്റ്‌: 100 സീറ്റുകളുള്ള പുതിയൊരു ഉപരിസഭ രൂപീകരിക്കും. നിയമനിര്‍മാണ അധികാരം സന്തുലിതമാക്കുക എന്ന ലക്ഷ്യത്തോടെ, പാര്‍ട്ടികള്‍ക്ക്‌ ദേശീയ വോട്ട്‌ വിഹിതത്തിന്റെ അടിസ്‌ഥാനത്തില്‍ സീറ്റുകള്‍ അനുവദിക്കും.

ഭരണപരമായ അധികാരം കുറയ്‌ക്കല്‍: പ്രധാനമന്ത്രിയുടെ ഓഫീസിലെ അധികാര കേന്ദ്രീകരണം കുറയ്‌ക്കുന്നതിനായി പ്രസിഡന്റിന്റെ പങ്ക്‌ ശക്‌തിപ്പെടുത്തും.

ന്യായം, സ്‌ഥാപനപരമായ സ്വാതന്ത്ര്യം: രാഷ്‌ട്രീയ സ്വാധീനത്തില്‍നിന്ന്‌ നീതിന്യായവ്യവസ്‌ഥയെയും മറ്റ്‌ പ്രധാനപ്പെട്ട ഭരണസംവിധാനങ്ങളെയും മോചിപ്പിക്കുന്നതിനുള്ള നടപടികള്‍.

പ്രതിപക്ഷ പങ്കാളിത്തം: പ്രധാനപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റികളുടെ നേതൃത്വം ഏറ്റെടുക്കാനും ഡെപ്യൂട്ടി സ്‌പീക്കറായി പ്രവര്‍ത്തിക്കാനും പ്രതിപക്ഷ നേതാക്കള്‍ക്ക്‌ അവസരം നല്‍കും.

ജൂലൈ പോരാളികള്‍ക്ക്‌ സംരക്ഷണം: 'ജൂലൈ പോരാളികള്‍' എന്ന്‌ വിളിക്കപ്പെടുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക്‌ സംരക്ഷണം നല്‍കാനും ഹിത പരിശോധന ആവശ്യപ്പെടുന്നു.

വനിതാ പ്രാതിനിധ്യം: പാര്‍ലമെന്റില്‍ സ്‌ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കും.

ബംഗ്ലാദേശില്‍ പരിഷ്‌കരണ ചാര്‍ട്ടര്‍ അവതരിപ്പിക്കുന്നത്‌ ഇത്‌ മൂന്നാം തവണയാണ്‌.

Ads by Google
Saturday 14 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW