-->
ഹൈദരാബാദ്: വോട്ടര്‍മാര്‍ തനിക്ക് വോട്ട് ചെയ്‌തില്ലെന്ന സംശയത്തില്‍ വിതരണം ചെയ്‌ത പണവും പ്രഷര്‍ കുക്കറുകളും തിരികെ ചോദിച്ച് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി. തെലങ്കാനയിലെ അശ്വരാപ്പേട്ട് മുനിസിപ്പാലിറ്റി പത്താം വാര്‍ഡില്‍ നിന്നും മത്സരിച്ച മിന്‍ഡ ഹരിബാബുവാണ് സമ്മാനങ്ങള്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടത്.
വോട്ട് തേടി വീടുകളിലെത്തിയ സമയത്ത് ഹരിബാബു ഓരോ കുടുംബത്തിനും 2,500 രൂപയും ഒരു പ്രഷര്‍ കുക്കറും സ്വമേധയാ വിതരണം ചെയ്‌തതായി വോട്ടര്‍മാര്‍ പറയുന്നു. എന്നാല്‍, ഉപഹാരങ്ങള്‍ സ്വീകരിച്ചിട്ടും വോട്ടര്‍മാര്‍ തനിക്ക് അനുകൂലമായി വോട്ട് ചെയ്‌തില്ലെന്നായിരുന്നു സ്‌ഥാനാര്‍ഥിയുടെ സംശയം. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഹരിബാബു വിജയിച്ചിരുന്നു. തങ്ങളുടെ ആത്മാര്‍ഥതയെയും സത്യസന്ധതയെയും സംശയിച്ച ഹരിബാബുവിനെതിരെ ജനരോഷം അണപൊട്ടി. രോഷാകുലരായ ജനങ്ങള്‍ പ്രഷര്‍ കുക്കറുകള്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ വാര്‍ത്ത പരന്നതോടെ, സംഘര്‍ഷം രൂക്ഷമാകുന്നത് തടയാന്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. ഇത്തരം സമ്മാനങ്ങള്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതീക്ഷിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു. അശ്വരാപ്പേട്ട് നഗരസഭയിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 22 വാര്‍ഡുകളില്‍ 17 എണ്ണം നേടി കോണ്‍ഗ്രസ് വിജയിച്ചു. ബി.ആര്‍.എസ് രണ്ട്, ബി.ജെ.പി ഒന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനാണ് കക്ഷിനില. പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയില്‍ 16,850 വോട്ടര്‍മാരാണുള്ളത്.