-->
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ നീക്കവുമായി തമിഴ്‌നാട്ടിലെ എം.കെ സ്‌റ്റാലിന്‍ സര്‍ക്കാര്‍. 'കലൈഞ്‌ജര്‍ മഗളിര്‍ ഉരിമൈ തൊകൈ' പദ്ധതിയുടെ ഗുണഭോക്‌താക്കളായ സ്‌ത്രീകള്‍ക്ക് അയ്യായിരം രൂപവീതം അക്കൗണ്ടില്‍ നല്‍കി. സാമൂഹികമാധ്യമമായ എക്‌സിലൂടെ സ്‌റ്റാലിന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1.31 കോടി സ്‌ത്രീകളുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്.
ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ എന്നീ മാസങ്ങളിലെ പ്രതിമാസ വിഹിതം ചേര്‍ന്ന മൂവായിരം രൂപയും പ്രത്യേക വേനല്‍ക്കാല സഹായമായ രണ്ടായിരം രൂപയും ഉള്‍പ്പെടെ അയ്യായിരം രൂപയാണ് പദ്ധതിയുടെ ഗുണഭോക്‌താക്കള്‍ക്ക് ലഭിച്ചത്. ഡി.എം.കെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നപക്ഷം 'കലൈഞ്‌ജര്‍ മഗളിര്‍ ഉരിമൈ തൊകൈ' പദ്ധതി പ്രകാരം നല്‍കുന്ന തുക ആയിരത്തില്‍നിന്ന് രണ്ടായിരമാക്കി ഉയര്‍ത്തുമെന്നും സാമൂഹികമാധ്യമക്കുറിപ്പില്‍ മുഖ്യമന്ത്രി സ്‌റ്റാലിന്‍ വ്യക്‌തമാക്കി. 2023 സെപ്‌റ്റംബറിലാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.
തെരഞ്ഞെടുപ്പ് വരുന്നത് ചൂണ്ടിക്കാണിച്ച് മൂന്നുമാസത്തെ ധനസഹായവിതരണം തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സ്‌റ്റാലിന്‍ ആരോപിച്ചു. എന്നാല്‍, ഈ ദ്രവീഡിയന്‍ മോഡല്‍ സര്‍ക്കാര്‍ അതിനെ അതിജീവിച്ചു. ഈ ധനസഹായം, സ്‌റ്റാലിന്‍ തമിഴ്‌നാട്ടിലെ സ്‌ത്രീകള്‍ക്ക് നല്‍കിയ ഉറപ്പാണ്. ആര് തടസ്സം സൃഷ്‌ടിച്ചാലും താന്‍ അതില്‍നിന്ന് പിന്നാക്കംപോകില്ലെന്നും സ്‌റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍, പ്രതിപക്ഷം സ്‌റ്റാലിനെതിരേ ആഞ്ഞടിച്ച് രംഗത്തുവന്നു. തോല്‍വി ഭയന്നാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സ്‌റ്റാലിന്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് പ്രതിപക്ഷ നേതാവും അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി വിമര്‍ശിച്ചു. അണ്ണഡി.എം.കെ അധികാരത്തില്‍ വന്നാല്‍ വീട്ടമ്മമാര്‍ക്ക് മാസം 2,000 രൂപവീതം നല്‍കുമെന്നും എടപ്പാടി പറഞ്ഞു. തമിഴ്‌നാട്ടിലെ വോട്ടിന് പണം നല്‍കുന്ന സംസ്‌കാരം അവസാനിക്കണമെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും സൂപ്പര്‍താരവുമായ വിജയ് പറഞ്ഞു. വോട്ടുകള്‍ വിലയ്‌ക്ക് വാങ്ങാന്‍ ആര്‍ക്കും അവകാശമില്ലെന്നും വോട്ട് എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും സ്‌റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്‌് വിജയ് പറഞ്ഞു. അണ്ണഡി.എം.കെയുടെ സഖ്യകക്ഷിയായ അമ്മ മക്കള്‍ മുന്നേട്ര കഴകവും സ്‌റ്റാലിനെതിരേ രംഗത്തുവന്നു.