-->
തിരുവനന്തപുരം: കോട്ടയത്തെ തോല്‍പ്പിച്ച് കാസര്‍ഗോഡ് സംസ്‌ഥാന യൂത്ത് അണ്ടര്‍ 20 ഇന്റര്‍ ഡിസ്‌ട്രിക്‌ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം സെമി ഫൈനലില്‍ 5-3 നാണു കാസര്‍ഗോഡ് ജയിച്ചത്.
13-ാം മിനിറ്റില്‍ കാസര്‍ഗോഡ് നായകന്‍ ഉമര്‍ അഫാഫ് അക്കൗണ്ട് തുറന്നു. തൊട്ടുപിന്നാലെ കാസര്‍ഗോഡിന്റെ മധ്യനിര താരം മുഹമ്മദ് നിഹാദ് അലി തൊടുത്ത ലോങ് റേഞ്ച് പോസ്‌റ്റിന്റെ ഇടതുമൂലയില്‍ തറച്ചു. 43 ാം മിനിറ്റില്‍ അഫാഫ് വീണ്ടും ഗോളടിച്ചു. 56ാം മിനിട്ടില്‍ അഫാഫിനെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഇഷാം അബ്‌ദുല്‍ ഖാദറിന് തെറ്റിയില്ല. 67-ാം മിനിറ്റില്‍ ഹേമന്ത് സനില്‍കുമാറിന്റെ അഞ്ചാം ഗോളുമെത്തി. കളിയുടെ അവസാന മിനിറ്റുുകളില്‍ കോട്ടയത്തിന്റെ പ്രത്യാക്രമണം. പകരക്കാരായിറങ്ങിയ കൃഷണന്‍ ഡി. മേനോന്‍, നായകന്‍ ആദിത്യന്‍ എന്നിവരാണ് കോട്ടയത്തിനായി ഗോളുകളടിച്ചത്. ഇന്നു വൈകീട്ട് നാലിനു ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ മലപ്പുറം ആലപ്പുഴയെ നേരിടും.