-->
തിരുവനന്തപുരം: അണ്ടര്‍ 23 സി.കെ. നായുഡു ട്രോഫി ക്രിക്കറ്റില്‍ ഝാര്‍ഖണ്ഡിനെ കേരളം ഒതുക്കി. ഝാര്‍ഖണ്ഡിനെ ഒന്നാം ഇന്നിങ്‌സില്‍ 274 റണ്ണിനു പുറത്താക്കാന്‍ കേരളത്തിനായി.
മറുപടി ബാറ്റിങ് തുടങ്ങിയ കേരളം ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ അഞ്ച് റണ്ണെന്ന നിലയിലാണ്. അഞ്ച് വിക്കറ്റെടുത്ത ജെ.എസ്. അനുരാജിന്റെ പ്രകടനമാണ് കേരളത്തിന് മുതല്‍ക്കൂട്ടായത്. 171 റണ്ണെടുത്ത ഓപ്പണര്‍ ശിഖര്‍ മോഹനാണ് ബാറ്റര്‍മാരില്‍ തിളങ്ങിയത്. ടോസ് നേടി ആദ്യ ബാറ്റ് ചെയ്‌ത ഝാര്‍ഖണ്ഡിന് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കി. ശിഖര്‍ മോഹനും ശരണ്‍ദീപ് സിങ്ങും (20) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 56 റണ്‍ കൂട്ടിച്ചേര്‍ത്തു. ശരണ്‍ദീപിനെ പുറത്താക്കി അനുരാജ് തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടു. തൊട്ടടുത്ത ഓവറില്‍ അനുരാജ് തന്നെ ബിശേഷ് ദത്തയെയും പുറത്താക്കി. തുടര്‍ന്നെത്തിയ ബാറ്റര്‍മാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ഒരറ്റത്ത് ഉറച്ചുനിന്ന ശിഖര്‍ മോഹന്‍ വാലറ്റക്കാര്‍ക്കൊപ്പം നടത്തിയ ചെറുത്തുനില്‍പ്പാണ് ഝാര്‍ഖണ്ഡിന്റെ സ്‌കോര്‍ 274 ലെത്തിച്ചത്. എട്ടാം വിക്കറ്റില്‍ തനീഷിനൊപ്പം (31) 108 റണ്ണാണ് ശിഖര്‍ കൂട്ടിച്ചേര്‍ത്തത്. തനീഷിനെ പുറത്താക്കി അനുരാജാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. ശിഖറിനെ പുറത്താക്കി അനുരാജ് അഞ്ച് വിക്കറ്റ് നേട്ടവും തികച്ചു. കേരളത്തിന് വേണ്ടി കൈലാസ് ബി. നായര്‍ മൂന്ന് വിക്കറ്റും ഷോണ്‍ റോജര്‍ രണ്ട് വിക്കറ്റുമെടുത്തു. കേരളത്തിന് വേണ്ടി അഭിഷേക് ജെ. നായരും (നാല്) അക്ഷയ് എസ്.എസും (ഒന്ന്) ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്.