-->
തമിഴകത്തിന്റെ പ്രിയ താരദമ്പതിമാരാണ് ശരത്കുമാറും രാധികയും. മുന്‍ വിവാഹബന്ധങ്ങളിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് രാധികയും ശരത്കുമാറും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസമാണ് രാധിക ശരത് കുമാറും ശരത്കുമാറും തങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. തായ്ക്കിളവി എന്ന രാധികയുടെ പുതിയ സിനിമ റിലീസാകുന്ന സമയത്താണ് സിനിമയിലേക്ക് വന്ന രാധികയുടെ അന്‍പത് വര്‍ഷവും, 25-ാം വിവാഹ വാര്‍ഷികവുമൊക്കെ ആഘോഷിക്കുന്നത്.
ഇപ്പോഴിതാ താനും ശരത്കുമാറും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും വിജയകരമായി തുടരുന്ന തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ചും പറയുകയാണ് രാധിക ശരത്കുമാര്‍. പെട്ടെന്നൊരു ദിവസം വിവാഹം കഴിക്കാമെന്ന് പറഞ്ഞപ്പോള്‍ കളിയാക്കുകയാണോ എന്ന് ചോദിച്ചെന്നും പറയുകയാണ് രാധിക.
‘‘പെട്ടന്നൊരു ദിവസം അദ്ദേഹം നമുക്ക് വിവാഹം കഴിക്കാം എന്ന് ചോദിച്ചപ്പോള്‍, ‘ആര്‍ യൂ ജോക്കിംഗ് മീ ?’ എന്നായിരുന്നു എന്റെ മറുചോദ്യം. പക്ഷേ അതെ, ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും സംസാരിച്ച്, എന്തുകൊണ്ട് നമുക്ക് വിവാഹം ചെയ്തുകൂട എന്ന ഉത്തരത്തിലേക്ക് എത്തി. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു, അതാണ് വിവാഹത്തിലേക്ക് എത്തിച്ചത്. എന്റെ അനുഭവത്തില്‍ നിന്ന് ഞാനൊരു കാര്യം പറയാം, ചിലര്‍ക്ക് അത് ശരിയായിരിക്കണം എന്നില്ല, നല്ല സുഹൃത്തുക്കള്‍ വിവാഹം ചെയ്താല്‍ നല്ല ദാമ്പത്യം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കും.
ശരത്തില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വലിയ മനസ്സ് തന്നെയാണ്, മാസ്‌കുലിന്‍ ശരീരമല്ല. ലുക്ക് ഞാന്‍ കാര്യമാക്കുന്ന ഒന്നേയല്ല. അദ്ദേഹത്തിന്റെ മനസ്സ് ഒരുപാട് നന്മ നിറഞ്ഞതാണ്. ആര്‍ക്കെങ്കിലും ഒരു പ്രശ്‌നം എന്ന് അറിഞ്ഞാല്‍ ആര് വേണമെങ്കിലും ഇല്ലായിരിക്കാം, പക്ഷേ അദ്ദേഹം അവിടെയുണ്ടാവും. അത് അദ്ദേഹത്തിന്റെ ജന്മഗുണം തന്നെയാണ്. നിങ്ങളുടെ ഈ ഗുണത്തിന് കര്‍ണന്‍ പോലും ലജ്ജിക്കുമെന്ന് ഞാന്‍ പറയാറുണ്ട്. അത്രയും സഹായിക്കാനുള്ള മനസ്സുണ്ട്.
അതിനൊക്കെ അപ്പുറം ശരത്കുമാര്‍ നല്ലൊരു അച്ഛനാണ്. ഒരു നല്ല ഭര്‍ത്താവ് എന്ന നിലയിലുള്ള പട്ടം കൊടുക്കുന്നതിനെക്കാള്‍, ഒരു നല്ല അച്ഛന്‍ എന്ന നിലയിലുള്ള പട്ടം നല്‍കും എന്ന് ഞാന്‍ എപ്പോഴും അദ്ദേഹത്തോട് പറയാറുള്ളതാണ്...’’ രാധിക ശരത്കുമാര്‍ പറഞ്ഞു.
നമ്മ അണ്ണാച്ചി, സൂര്യവംസം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ശരത്കുമാറും രാധികയും സുഹൃത്തുക്കളായത്. 2001 ഫെബ്രുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ആ ബന്ധത്തില്‍ ഇവര്‍ക്ക് രാഹുല്‍ ശരത്കുമാര്‍ എന്നൊരു മകനുമുണ്ട്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകയായ സുഹാസിനിയുമായി സംസാരിച്ചപ്പോഴായിരുന്നു രാധിക ശരത്കുമാര്‍ മനസ്സ് തുറന്നത്.
തമിഴ് തെലുങ്ക് സിനിമകൾക്കൊപ്പം മലയാളത്തിലും ഏറെ പ്രേക്ഷക സ്വീകാര്യതയുള്ള താരം നിരവധി മലയാള ചിത്രങ്ങളിൽ താരമഭിനയിച്ചിട്ടുണ്ട്. 90കളിൽ തമിഴ് സിനിമകളിൽ തിരക്കേറിയ നായിക നടിയായിരുന്നു രാധിക. സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ അഭിനയിച്ച രാധിക ഇന്നും സിനിമകളിൽ സജീവമാണ്. അമ്മ വേഷങ്ങളിലാണ് താരം ഇന്ന് കൂടുതലായും അഭിനയിക്കുന്നത്.
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരനായ താരമാണ് ശരത് കുമാർ. മലയാളത്തിലും ശ്രദ്ദേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരു കാലഘട്ടത്തിന്റെ ആക്ഷൻ ഹീറോ ആയിരുന്നു. പഴശ്ശിരാജ എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് ശരത് കുമാർ കൂടുതൽ പരിചിതനായത്. ഇന്നും സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ശരത്കുമാര്‍.
2001 ലാണ് ശരത്‌കുമാറും രാധികയും വിവാഹിതരാകുന്നത്. പ്രതാപ് പോത്തന്‍, റിച്ചാര്‍ ഹാര്‍ഡെ എന്നിവരുമായുള്ള വിവാഹ ബന്ധം അവസാനിച്ചതിന് ശേഷമാണ് രാധികയുടെ ജീവിതത്തിലേക്ക് ശരത്കുമാര്‍ വരുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. രണ്ടാം വിവാഹത്തിൽ രാധികയ്ക്ക് റയാനെ ഹാർഡി എന്ന മകളുണ്ട്. ശരത്കുമാര്‍ ഛായദേവി എന്ന തന്റെ ആദ്യ ഭാര്യയെ പിരിഞ്ഞ ശേഷമാണ് രാധികയെ രണ്ടാമതായി വിവാഹം ചെയ്തത്. തമിഴ്, തെലുങ്ക് സിനിമകളിൽ അറിയപ്പെടുന്ന താരമാണ് വരലക്ഷ്മി ശരത്കുമാറിന്റെ ആദ്യഭാര്യയിലുള്ള മകളാണ്.