-->
ധാക്ക: ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പില്‍ ബിഎന്‍പി(ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി) അധികാരത്തിലേക്ക്. കേവലഭൂരിപക്ഷമായ 151 കടന്നതോടെയാണ് ബിഎന്‍പി ജയം ഉറപ്പിച്ചത്. നിലവില്‍ 158 സീറ്റുകളില്‍ ബിഎന്‍പി വിജയിച്ചു. ജമാഅത്തെ മുന്നണി നിലവില്‍ 41 സീറ്റുകളില്‍ വിജയിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയായേക്കും. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
ഇന്നലെ പ്രാദേശിക സമയം രാവിലെ ഏഴര മുതല്‍ വൈകിട്ട് നാലരവരെയാണ് വോട്ടെടുപ്പ് നടന്നത്. രാത്രിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്‌കാരങ്ങളടക്കം ഉറപ്പാക്കുന്ന 'ജൂലായ് ചാര്‍ട്ടര്‍' നടപ്പാക്കണോയെന്ന കാര്യത്തില്‍ ഹിതപരിശോധനയും നടത്തി. ആകെ 12.7 കോടി വോട്ടര്‍മാരില്‍ 44 ശതമാനവും 18നും 37നും ഇടയില്‍ പ്രായമുള്ളവരാണ്. ഷെയ്ഖ് ഹസീന പുറത്തായ ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പാണിത്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന പലരും ഇത്തവണ ആദ്യമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റ് ഇപ്പോഴും പ്രവര്‍ത്തനരഹിതമായി തുടരുകയാണ്. നിരവധി മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി ആരോപിച്ചു.
ബംഗ്ലദേശിന്റെ മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകനാണ് താരിഖ് റഹ്മാന്‍. നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും രാജ്യത്തിന്റെ പ്രസിഡന്റുമായ പിതാവ് സിയാവുര്‍ റഹ്മാന്‍ 1981 ലാണ് സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. അന്ന് താരിഖ് റഹ്മാന് വെറും 16 വയസായിരുന്നു. സിയാവുര്‍ റഹ്മാന്റെ മരണശേഷമാണ് ഭാര്യ ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അമ്മയ്ക്ക് ഒപ്പം എന്നും അധികാരത്തിന്റെ വഴികളില്‍ കരുത്തനായി താരിഖ് റഹ്മാന്‍ ഉണ്ടായിരുന്നു. ഖാലിദ സിയ പ്രധാനമന്ത്രിയായ കാലത്ത് പാര്‍ട്ടിയിലെയും ഭരണത്തിലെയും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി താരിഖ് റഹ്മാന്‍. ഷെയ്ഖ് ഹസീന അധികാരത്തില്‍ വന്നതോടെ അഴിമതി കേസുകളില്‍ താരിഖ് പ്രതിയായി. ചിലതില്‍ ശിക്ഷിക്കപ്പെട്ടു. അങ്ങനെ മാതൃരാജ്യം വിട്ട് ഓടേണ്ടി വന്നു. 2008 മുതല്‍ ലണ്ടനില്‍ ഇരുന്നാണ് പാര്‍ട്ടിയെ നയിച്ചത്. നീണ്ട 17 വര്‍ഷം പ്രവാസ ജീവിതം. 2024 ല്‍ ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്തായി രാജ്യം വിട്ടോടിയതോടെയാണ് താരിഖ് റഹ്മാനെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കപ്പെട്ടത്. അങ്ങനെ കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശില്‍ മടങ്ങിയെത്തി. ഖാലിദ സിയയുടെ മരണത്തോടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായി താരിഖ് ചുമതലയേറ്റു.
ഇന്ത്യയെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ് ബംഗ്ലാദേശിലെ ഈ തെരഞ്ഞെടുപ്പ്. ബിഎന്‍പി നേതാവ് താരിഖ് റഹ്മാനെ പ്രധാനമന്ത്രി ടെലിഫോണില്‍ വിളിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. തീവ്ര ഇന്ത്യ വിരുദ്ധരുടെ പരാജയം നല്ല സൂചനയെന്ന് ഇന്ത്യ കരുതുന്നു. അവാമിലീഗിന്റെ നിരോധനം നീക്കണം എന്ന നയത്തില്‍ ഇന്ത്യ ഉറച്ചു നില്ക്കും.