-->
ന്യൂഡല്‍ഹി: രാജ്യാന്തര കിക്ക്‌ബോക്‌സിങ് റിങ്ങില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി മലയാളി താരം എം.സുഭേഷ്. ന്യൂഡല്‍ഹിയില്‍ നടന്ന വാക്കോ ഇന്ത്യ ഓപ്പണ്‍ രാജ്യാന്തര കിക്ക്‌ബോക്‌സിങ് കപ്പില്‍ സുഭേഷ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി. 74 കിലോഗ്രാം വിഭാഗത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ഇറാഖ് താരത്തെ കീഴടക്കിയാണ് സുഭേഷ് സ്വര്‍ണം നേടിയത്. സാങ്കേതിക തികവും വേഗതയും ഒത്തിണങ്ങിയ പോരാട്ടത്തിലൂടെയാണ് വിദേശ താരത്തിനെതിരേ സുഭേഷിന്റെ വിജയം.
കിക്ക്‌ബോക്‌സിങ് പരിശീലകന്‍ കൂടിയാണ് സുഭേഷ്. ജിംനേഷ്യത്തില്‍ പഴ്‌സനല്‍ ട്രെയിനറായും പ്രവര്‍ത്തിക്കുന്ന സുഭേഷ്, തന്റെ കായികക്ഷമതയും അനുഭവസമ്പത്തും മുതലെടുത്താണ് രാജ്യാന്തര വേദിയില്‍ വിയതീരമണഞ്ഞത്. മുമ്പ് സംസ്‌ഥാന ചാംപ്യനായിട്ടുള്ള സുഭേഷ്, കഠിനമായ പരിശീലനത്തിലൂടെയാണ് ദേശീയ, രാജ്യാന്തര തലത്തിലേക്ക് ഇയര്‍ന്നത്.
വാക്കോ ഇന്ത്യ ഓപ്പണ്‍ കിക്ക്‌ബോക്‌സിങ് കപ്പ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടൂര്‍ണമെന്റുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ കെ.ഡി. ജാദവ് ഇന്‍ഡോര്‍ റെസ്‌ലിങ് ഹാളിലാണ് മത്സരം നടന്നത്. കഴിഞ്ഞ 4 മുതല്‍ 8 വരെ നടന്ന ചാംപ്യന്‍ഷിപ്പില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങളും ഇന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും മാറ്റുരച്ചു.