-->
തിരുവനന്തപുരം: സംസ്‌ഥാന യൂത്ത് അണ്ടര്‍ 20 അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴയും മലപ്പുറവും സെമിയില്‍ കടന്നു. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ തൃശൂരിനെ എതിരില്ലാത്ത ഒരു ഗോളിന് ആലപ്പുഴ പരാജയപ്പെടുത്തിയപ്പോള്‍ പാലക്കാടിനെ ഷൂട്ടൗട്ടില്‍ (7-5) തകര്‍ത്താണ് മലപ്പുറം സെമി ഉറപ്പിച്ചത്.
ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന തൃശൂര്‍ആലപ്പുഴ മൂന്നാം ക്വാര്‍ട്ടര്‍ അക്ഷരാര്‍ഥത്തില്‍ ഒരു യുദ്ധഭൂമിയായി. പ്രതിരോധത്തിന്റെ മതില്‍കോട്ടകള്‍ ഓരോന്നായി തകര്‍ത്ത് ഇരുടീമിന്റെയും മുന്നേറ്റനിര ഇരച്ചുകയറിയതോടെ ഏത് നിമിഷവും വലകുലുങ്ങുമെന്നായി. അധികം കാത്തിരിക്കേണ്ടിവന്നില്ല.
തൃശൂരിന്റെ ആരാധകരെ നിശബ്‌ദരാക്കി 11-ാം മിനിറ്റില്‍ ടി.എച്ച്. ഉസ്‌മാനിലൂടെ ആലപ്പുഴ അക്കൗണ്ട് തുറന്നു. പക്ഷേ ഒരു ഗോളിന് പിന്നിലായിട്ടും വിട്ടുകൊടുക്കാന്‍ തൃശൂര്‍ തയാറായില്ല. കാലിനു പുറമെ കൈയും മെയ്യും കൊണ്ട് ഇരുടീമും 'കളിച്ച'തോടെ മഞ്ഞ ചുവപ്പ് കാര്‍ഡുകളും റഫറിക്ക് മാറി മാറി പുറത്തെടുക്കേണ്ടിവന്നു.
തുടര്‍ച്ചയായി രണ്ടുമഞ്ഞകാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് 54ാം മിനിറ്റില്‍ തൃശൂരിന്റെ പ്രതിരോധതാരം ആല്‍ഫി ജോജോയെയും പെനല്‍റ്റി ബോക്‌സിന് സമീപമെത്ത് ആലപ്പുഴയുടെ റിജോയെ അപകടകരമായി ഫൗള്‍ ചെയ്‌തതിന് 80-ാം മിനിറ്റില്‍ തൃശൂരിന്റെ ക്യാപ്‌റ്റനും ഗോളിയുമായ ഫര്‍ഹാനെയും റഫറി ചുവപ്പ് കാര്‍ഡ് നല്‍കി മൈതാനത്തുനിന്ന് പുറത്താക്കിയത് തൃശൂരിന് തിരിച്ചടിയായി. എന്നാല്‍ എട്ടുപേരായി ചുരുങ്ങിയിട്ടും സമനിലക്കായി അവസാന നിമിഷംവരെ പൊരുതിയാണ് തൃശൂരുകാര്‍ തോല്‍വി സമ്മതിച്ചത്.
മലപ്പുറത്തിന്റെ തിരിച്ചുവരവ്
ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മലപ്പുറം പാലക്കാട് മത്സരത്തിന്റെ ആദ്യപകുതി പാലക്കാടിന്റെ മുന്നേറ്റമായിരുന്നു. കിട്ടിയ അവസരങ്ങള്‍ മുതലാക്കിയതോടെ 11-ാം മിനിറ്റില്‍ ശ്രീകാന്തിലൂടെയും 39-ാം മിനിറ്റില്‍ വിപിലേഷിന്റെയും ഗോളുകളിലൂടെ പാലക്കാട് മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടുഗോളുകള്‍ തിരിച്ചടിച്ച് മലപ്പുറം ഒപ്പം പിടിച്ചു. അന്‍ഷിദ്, ഹാഷിം എന്നിവരാണ് മലപ്പുറത്തിനായി പാലക്കാടിന്റെ ഗോള്‍വല തുളച്ചത്.
നിശ്‌ചിത സമയത്ത് ഇരുടീമും സമനില പിടിച്ചതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. കിട്ടിയ അഞ്ച് കിക്കുകളും മലപ്പുറം വലയിലെത്തിച്ചപ്പോള്‍ പകരക്കാരനായി ഇറങ്ങിയ പ്രതിരോധകാരം മുഹമ്മദ് ഇല്‍ഹാമിന്റെ ഷോട്ട് മലപ്പുറം ഗോളി ഫയാദ് ഫിറോസ് തടഞ്ഞിട്ടതാണ് പാലക്കാടിന്റെ സെമി പ്രതീക്ഷകള്‍ തല്ലിതകര്‍ത്തത്.
വെള്ളിയാഴ്‌ച വൈകീട്ട് നാലിന് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ കോട്ടയം കരുത്തരായ കാസര്‍ഗോഡിനെയും ശനിയാഴ്‌ച മലപ്പുറം ആലപ്പുഴയെയും നേരിടും. ഞായറാഴ്‌ചയാണ് കലാശപ്പോര്‍.
ജി. അരുണ്‍