-->
സിയാറ്റില്‍: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തില്‍ വന്ന പോലീസ് വാഹനം ഇടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് വന്‍തുക നഷ്‌ടപരിഹാരം. 2023-ല്‍ നടന്ന അപകടത്തില്‍ മരിച്ച ജാന്‍വി കണ്ടുലയുടെ (23) കുടുംബത്തിന്, സിയാറ്റില്‍ നഗരസഭ 29 ദശലക്ഷം ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്‌ടപരിഹാരം നല്‍കും.
വാഷിങ്‌ടനിലെ സിയാറ്റിലിലാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ജാന്‍വി പോലീസ് വാഹനമിടിച്ച് മരിച്ചത്. പോലീസ് ഓഫിസര്‍ കെവിന്‍ ഡേവ് ഓടിച്ച മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞുവന്ന വാഹനമാണ് ജാന്‍വിയെ ഇടിച്ചത്. 40 കിലോമീറ്റര്‍ ആയിരുന്നു ഇവിടെ വേഗപരിധി.
സിയാറ്റില്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്‌റ്റത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു കണ്ടുല. അപകടത്തിനുശേഷം മറ്റൊരു പോലീസ് ഉദ്യോഗസ്‌ഥനായ ഡാനിയല്‍ ഓഡറര്‍, ജാന്‍വിയുടെ മരണത്തെ പരിഹസിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. അവള്‍ക്ക് പരിമിതമായ മൂല്യമേയുള്ളൂവെന്നും ഒരു ചെക്ക് എഴുതി നല്‍കിയാല്‍ പ്രശ്‌നം തീരുമെന്നുമായിരുന്നു പരിഹാസം. നഗരത്തിലെ സിവിലിയന്‍ ഓഫീസറായ ഡാനിയേല്‍ ഔഡററുടെ അഭിപ്രായങ്ങള്‍ വകുപ്പിന്റെ അന്തസിന് കോട്ടം വരുത്തുകയും പൊതുജനവിശ്വാസം തകര്‍ക്കുകയും ചെയ്‌തെന്ന് കണ്ടെത്തി.
അശ്രദ്ധമായി വാഹനമോടിച്ചതിന് കെവിന്‍ ഡേവിനെ പോലീസ് വകുപ്പ് പുറത്താക്കുകയും 5,000 ഡോളര്‍ പിഴ അടയ്‌ക്കാന്‍ ഉത്തരവിടുകയും ചെയ്‌തു. അതേസമയം, ജാന്‍വിയെ വാഹനം ഇടിച്ചപ്പോള്‍ ഡേവ് മനഃപൂര്‍വം സുരക്ഷ അവഗണിച്ചുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് കിങ് കൗണ്ടി പ്രോസിക്യൂട്ടര്‍മാര്‍ അദ്ദേഹത്തിനെതിരേ കുറ്റം ചുമത്താന്‍ വിസമ്മതിച്ചു. ജാന്‍വിയുടെ കുടുംബം നല്‍കിയ സിവില്‍ കേസിനെത്തുടര്‍ന്നാണ് വന്‍തുക നഷ്‌ടപരിഹാരമായി നല്‍കാന്‍ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ ധാരണയിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കിംഗ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ ഒത്തുതീര്‍പ്പ് നോട്ടീസ് ഫയല്‍ ചെയ്‌തത്.
'ജാന്‍വി കണ്ടുലയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. ഈ നഷ്‌ടപരിഹാരം ജാന്‍വിയുടെ കുടുംബത്തിന് ആശ്വാസവും സമാധാനവും നല്‍കുമെന്ന് പ്രത്യാശിക്കുന്നു. ജാന്‍വിയുടെ ജീവിതം അവള്‍ക്കു മാത്രമല്ല, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നമ്മുടെ സമൂഹത്തിനും പ്രധാനപ്പെട്ടതായിരുന്നു' സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.