-->
ന്യൂഡല്‍ഹി: യു.കെയില്‍ താമസിച്ച് ഇന്ത്യന്‍ നിയമനടപടികള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന വിവാദ വ്യവസായി വിജയ് മല്യയ്‌ക്കു കടുത്ത നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി. ഇന്ത്യയിലേക്കു തിരിച്ചുവന്നാല്‍ മാത്രമേ മല്യയുടെ ഹര്‍ജി പരിഗണിക്കൂവെന്നു കോടതി വ്യക്‌തമാക്കി.
പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള 2018-ലെ നടപടികള്‍ക്കെതിരേയും ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്‌ട്' (എഫ്.ഇ.ഒ.) ചോദ്യം ചെയ്‌തും വിജയ് മല്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ഹര്‍ജികള്‍ പരിഗണിക്കണമെങ്കില്‍ ഇന്ത്യയിലേക്കു തിരിച്ചുവരണമെന്നാണു മല്യയ്‌ക്കു കോടതി നല്‍കിയ നിര്‍ദേശം.
'നിങ്ങള്‍ തിരികെ വരണം. നിങ്ങള്‍ക്ക് തിരികെ വരാന്‍ കഴിയില്ലെങ്കില്‍, ഈ ഹര്‍ജി കേള്‍ക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ല'- ചീഫ് ജസ്‌റ്റിസ് ചന്ദ്രശേഖര്‍, ജസ്‌റ്റിസ് ഗൗതം അങ്കാദ് എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
എപ്പോള്‍ ഇന്ത്യയിലേക്കു മടങ്ങുമെന്ന് വ്യക്‌തമാക്കുന്ന സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ഡിസംബര്‍ 23-ന് കോടതി മല്യയോട് നിര്‍ദേശിച്ചിരുന്നു. കോടതിയുടെ അധികാരപരിധിക്ക് വിധേയനാകാതെ, നിയമസാധുത സംബന്ധിച്ച മല്യയുടെ ഹര്‍ജി കേള്‍ക്കില്ലെന്നും അന്നു വ്യക്‌തമാക്കിയിരുന്നു. എന്നാല്‍, മല്യ ഈ സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതായി ബെഞ്ച് നിരീക്ഷിച്ചു.
'നിങ്ങള്‍ ഇന്ത്യയിലെയും യു.കെയിലെയും കോടതി നടപടികളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്. അതിനാല്‍ ഈ ഹര്‍ജിയിലൂടെ ആനുകൂല്യം നേടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കോടതി നടപടികള്‍ തുടരണമെങ്കില്‍ മല്യയുടെ നേരിട്ടുള്ള സാന്നിധ്യം അനിവാര്യമാണ്. രാജ്യം വിട്ടുനിന്നുകൊണ്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിലൂടെ നിയമപ്രക്രിയയെ മല്യ ബോധപൂര്‍വം ഒഴിവാക്കുകയാണ്'-ഹൈക്കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ നിയമത്തെ അവിശ്വസിക്കുന്ന ഒരാള്‍ക്ക് കോടതിയില്‍നിന്ന് നീതി തേടാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
മല്യയ്‌ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായി, ഇന്ത്യയില്‍ വരാതെ തന്നെ വാദം കേള്‍ക്കാമെന്ന് വാദിച്ചെങ്കിലും, കോടതി നിര്‍ദേശം അനുസരിക്കാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബെഞ്ച് വ്യക്‌തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 18-നു മുമ്പ് ഇന്ത്യയിലേക്കു മടങ്ങാന്‍ താല്‍പ്പര്യമുണ്ടോയെന്ന കാര്യം മല്യ വ്യക്‌തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.