-->
കാണ്‍പുര്‍: രാജ്യതലസ്‌ഥാനത്ത് ജലവിതരണത്തിനെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ ടെക്കിക്കു ജീവന്‍ നഷ്‌ടമായതിനു സമാനമായ സംഭവം ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും. ഇരുപത്തഞ്ചുവയസുകാരനായ തൊഴിലാളിയാണ് രാത്രിയില്‍ റോഡരികിലെ ചെളി നിറഞ്ഞ കുഴിയില്‍ ബൈക്കുമായിവീണ് 12 മണിക്കൂറിനുശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മരണത്തിനു കീഴടങ്ങിയത്.
കാണ്‍പൂരിലെ പാന്‍കി പവര്‍ ഹൗസില്‍ വെല്‍ഡറായ ധീരേന്ദ്ര കുമാറെന്ന ഭവാനിപുര്‍ സ്വദേശിക്കാണു ദാരുണാന്ത്യം. കഴിഞ്ഞ 10 നു വൈകിട്ട് ആറോടെ വീട്ടിലേക്കു ബൈക്കില്‍ പോകുന്നതിനിടെയാണ് നിയന്ത്രണംവിട്ട് സമീപത്തെ കുഴിയിലേക്ക് കുമാര്‍ വീണത്. തെരുവുവിളക്കുകള്‍ ഇല്ലാത്ത ഈ ഭാഗത്തുകൂടി വഴിയാത്രികര്‍ കുറവാണ്. ചെളിനിറഞ്ഞ കുഴിയില്‍ കിടന്ന് ധീരേന്ദ്ര കുമാര്‍ അലമുറയിട്ടെങ്കിലും ആരും കേട്ടില്ല.
10 ഡിഗ്രി കൊടുംതണുപ്പില്‍ ചെളിയില്‍ വിറങ്ങലിച്ച് കിടക്കാനായിരുന്നു കുമാറിനു വിധി. ഒടുവില്‍ 12 മണിക്കൂറിനുശേഷം കണ്ടെത്തുമ്പോള്‍ കറുത്തപശയ്‌ക്കു സമാനമായ ചെളിയില്‍ പൂണ്ടനിലയിലായിരുന്നു. മുഖത്ത് ഉള്‍പ്പെടെ ഗ്രാമവാസികള്‍ വെള്ളമൊഴിച്ച് ചെളി നീക്കാന്‍ ശ്രമിക്കുമ്പോള്‍ കുമാര്‍ വേദനകൊണ്ടു പുളഞ്ഞു.
ആംബുലന്‍സിനായി കാത്തിരിക്കുന്നതിനിടെ ചുറ്റും തീയിട്ട് തണുപ്പില്‍നിന്നു രക്ഷിക്കാനായി അടുത്ത ശ്രമം. ഒടുവില്‍ സമീപത്തെ ശിവ്‌ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുമാര്‍ മരിച്ചു. കഴിഞ്ഞ ജനുവരി 15 നുശേഷം മൂന്നു വാഹനയാത്രികരുടെ ജീവനാണ് സമാനരീതിയില്‍ റോഡരികളിലെ കുഴികളില്‍ പൊലിഞ്ഞത്. ജനുവരി 17 ന് നോയിഡയില്‍ സോഫ്‌റ്റ്‌വേര്‍ എന്‍ജീനീയറും ഫെബ്രുവരി അഞ്ചിന് ജനക്‌പുരിയില്‍ 25 വയസുകാരനായ ടെക്കിയുമാണ് മരിച്ചത്.