-->
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ നോട്ടീസ്. ബി.ജെ.പി. നേതാവ് നിഷികാന്ത് ദുബെ എം.പിയാണ് രാഹുലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തെക്കുറിച്ച് കരസേനാ മുന്‍മേധാവി ജനറല്‍ എം.എം. നരവനെയുടെ അപ്രകാശിതപുസ്‌തകത്തിലെ പരാമര്‍ശം, എപ്‌സ്‌റ്റീന്‍ ഫയല്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരായ ആരോപണം എന്നീ വിഷയങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധിയും ബി.ജെ.പി. അംഗങ്ങളുമായി ലോക്‌സഭയില്‍ വന്‍വാക്കേറ്റമുണ്ടായിരുന്നു. രാഹുലിനു വിദേശശക്‌തികളുമായി ബന്ധമുണ്ടെന്നു നിഷികാന്ത് ദുബെ ആരോപിച്ചു. രാജ്യത്തെ നശിപ്പിക്കാന്‍ ലക്ഷ്യമിടുന്ന രാഹുല്‍ ഗാന്ധിക്കു സാമ്പത്തികസഹായം നല്‍കുന്നതാരാണ്?, പ്രസിദ്ധീകരിക്കാത്ത പുസ്‌തകം അദ്ദേഹത്തിന് എങ്ങനെ കിട്ടി?, രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കണം- ദുബെ ആവശ്യപ്പെട്ടു.
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ആദ്യമായല്ല ശ്രമിക്കുന്നതെന്നും ദുബെ ആരോപിച്ചു. പ്രതിരോധം, ധനകാര്യം, വാണിജ്യം, വിദേശകാര്യം എന്നീ വിഷയങ്ങളിലെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ രാഹുലിനു ദുഃസാമര്‍ത്ഥ്യമുണ്ട്. അതിനായി അടിസ്‌ഥാനരഹിതവും അധാര്‍മികവുമായ ആരോപണങ്ങള്‍ പാര്‍ലമെന്റിലും പുറത്തും ഉന്നയിക്കുന്നു. വിവിധ രാജ്യങ്ങളെ അസ്‌ഥിരപ്പെടുത്തുന്നതില്‍ കുപ്രസിദ്ധമായ സോറസ് ഫൗണ്ടേഷന്റെ ഇടനിലക്കാരനാണ് രാഹുലെന്നും രാജ്യത്തെ ഉള്ളില്‍നിന്നുതന്നെ തകര്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ദുബെ നോട്ടീസില്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ 2023 മാര്‍ച്ചില്‍ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയിരുന്നു. എപ്‌സ്‌റ്റീന്‍ ഫയല്‍ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരേ ഉന്നയിച്ച ആരോപണവും അപകീര്‍ത്തിക്കേസിന്റെ പരിധിയില്‍ വരാവുന്നതാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
നിഷികാന്ത് ദുബെ കേന്ദ്രമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതിനാലാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ നീക്കം നടത്തുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി എം.പി. ആരോപിച്ചു. പാര്‍ലമെന്റ് വളപ്പില്‍ നായയുമായി എത്തിയതിനു തനിക്കെതിരേ അവകാശലംഘന നോട്ടീസ് നല്‍കാന്‍ നടന്ന നീക്കവും അവര്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ പാര്‍ലമെന്റ് രേഖകളില്‍നിന്നു നീക്കുകയും മന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ സമാനമായ പരാമര്‍ശങ്ങള്‍ നിലനിര്‍ത്തുകയും ചെയ്‌തത് ബി.ജെ.പിയുടെ ഇരട്ടത്താപ്പാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ആരോപിച്ചു. കഴിഞ്ഞതവണ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയശേഷം ജനങ്ങള്‍ മോദിയേക്കാള്‍ ഭൂരിപക്ഷത്തില്‍ അദ്ദേഹത്തെ ജയിപ്പിച്ചതും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരേ രാഹുല്‍ പാര്‍ലമെന്റിനു നിരക്കാത്ത പ്രകടനങ്ങള്‍ നടത്തുകയും അടിസ്‌ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തെന്ന് ബി.ജെ.പി. ചീഫ് വിപ്പ് സഞ്‌ജയ് ജയ്‌സ്വാള്‍ ആരോപിച്ചു.