Saturday, March 14, 2026 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
ബാലഗോപാലൻ പെരളത്ത്
Thursday 12 Feb 2026 02.58 PM

പാഴായത് കോടികൾ; ബേക്കലിൽ ‘ഷോ’ ഇനി ഉണ്ടാവില്ല!

വടക്കൻ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വിപ്ലവകരമായ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് ബേക്കൽ കോട്ടയിൽ സ്ഥാപിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോ പാതിവഴിയിൽ നിലയ്ക്കുന്നു.
uploads/news/2026/02/825158/Bekal-fort.jpg
ബേക്കൽ കോട്ട; ആകാശദൃശ്യം

കാസർഗോഡ് :പ്രവർത്തിക്കാത്ത ജനറേറ്റർ,തുരുമ്പെടുത്ത ഉപകരണങ്ങൾ,ഉപയോഗശൂന്യമായ കസേരകൾ പട്ടിക നീളുന്നു.... വടക്കൻ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വിപ്ലവകരമായ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് ബേക്കൽ കോട്ടയിൽ സ്ഥാപിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോ പാതിവഴിയിൽ നിലയ്ക്കുന്നു. ഏകദേശം നാല് കോടി രൂപ പൊതുമുതൽ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് അധികൃതരുടെ അവഗണനയും പരിപാലനമില്ലായ്മയും കാരണം തുരുമ്പെടുത്ത് നശിക്കുന്നത്. കോടികൾ വെള്ളത്തിലായ ഈ പദ്ധതി ഇനി പുനരാരംഭിക്കുമോ എന്ന കാര്യത്തിൽ ടൂറിസം വകുപ്പിന് പോലും വ്യക്തതയില്ല.

ഉടൻതന്നെ ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് ഒരു യോഗം വിളിച്ചുചേർക്കുമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്.എന്നാൽ യോഗം വിളിച്ചുചേർത്ത് കാര്യമില്ല.നിലവിലെ സാഹചര്യത്തിൽ ഉപകരണങ്ങൾ റിപ്പയർ ചെയ്യാൻ തന്നെ ലക്ഷങ്ങൾ വേണ്ടിവരുന്ന സ്ഥിതിവിശേഷമാണ് ബേക്കൽ ശബ്ദ വെളിച്ച പ്രദർശനത്തിൽ ഉണ്ടായിരിക്കുന്നത്.

ബേക്കൽ കോട്ടയുടെ ചരിത്രവും പ്രാധാന്യവും വിദേശ സഞ്ചാരികൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ ലേസർ പ്രൊജക്ഷൻ മാപ്പിംഗിലൂടെ അവതരിപ്പിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്. 2021-ൽ വലിയ ആഘോഷങ്ങളോടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഷോ, ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കോവിഡ് വന്നതിനെ തുടർന്ന് ഉപകരണങ്ങൾ പൂട്ടിക്കെട്ടി വച്ചു.കോവിഡ് മാറി പ്രദർശിപ്പിക്കാൻ നോക്കിയപ്പോൾ സാങ്കേതിക തകരാറുകൾ മൂലം താളംതെറ്റി. കടൽക്കാറ്റേറ്റ് ഉപകരണങ്ങൾ നശിക്കുമെന്ന പ്രാഥമിക ധാരണ പോലും ഇല്ലാതെയാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന ആക്ഷേപം ശക്തമാണ്.

സാങ്കേതിക പ്രശ്നങ്ങൾക്ക് പുറമെ, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (ASI) കർശനമായ നിയമങ്ങളാണ് പദ്ധതിയുടെ പുരോഗതിക്ക് മറ്റൊരു വലിയ തടസ്സമായി ടൂറിസം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പുരാവസ്തു പ്രാധാന്യമുള്ള കോട്ടയ്ക്കകത്ത് പ്രദർശിപ്പിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലെ കഥക്ക് പോലും പുരാവസ്തു വകുപ്പ്അംഗീകാരം വാങ്ങണം.ആദ്യഘട്ടത്തിൽ വാങ്ങിയാണ് പ്രദർശനം ആരംഭിച്ചത് എന്നാൽ അത് സാധാരണക്കാർക്ക് വേണ്ട രീതിയിൽ ബേക്കലിന്റെ ബേക്കൽ ചരിത്രം മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന പരാതിയെ തുടർന്ന് പുതിയ കഥ ഉണ്ടാക്കാനാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ചുമതലയുള്ള ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ശ്രമം നടത്തിയത്.എന്നാൽ ഇതിൽ ഇടപെട്ട് പുരാവസ്തു വകുപ്പ് അനുമതി വൈകിപ്പിക്കുന്നത് ഉപകരണങ്ങൾ കേടാവാൻ ഒരു കാരണമായി.കടൽക്കര ആയതിനാൽ ഉപ്പു കാറ്റേറ്റ് ഇരുമ്പ് ഉപകരണങ്ങൾ വേഗത്തിൽ നശിച്ചു പോയതായി ബന്ധപ്പെട്ടവരുടെ പരിശോധനയിൽ കണ്ടെത്തിയെങ്കിലും റിപ്പയർ നടത്തി ചില സാധനങ്ങൾ പുതിയത് എത്തിച്ചാൽ മാത്രമേ വീണ്ടും തുടങ്ങാൻ കഴിയുകയുള്ളൂ എന്ന കാര്യം ബന്ധപ്പെട്ടവർ ടൂറിസം വകുപ്പിനെ അറിയിച്ചു .എന്നാൽ അതിൽ അന്തിമ നടപടിയില്ലാതെ വിനോദസഞ്ചാര വകുപ്പ് കാര്യങ്ങൾ നീട്ടിക്കൊണ്ടു പോവുകയാണെന്ന് പറയുന്നു.

മാറ്റങ്ങൾ വരുത്തുന്നതിനോ പുതിയ സ്ക്രിപ്റ്റുകൾക്കനുസരിച്ച് ക്രമീകരണങ്ങൾ നടത്തുന്നതിനോ എ.എസ്.ഐയുടെ അനുമതി ലഭിക്കുന്നത് വലിയ കടമ്പയാണ്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഷോയുടെ ഉള്ളടക്കം പരിഷ്കരിക്കാനോ ആവശ്യമായ അറ്റകുറ്റപ്പണികൾ വേഗത്തിൽ തീർക്കാനോ സാധിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

തുരുമ്പെടുക്കുന്ന കോടികൾ

ഹൈ-ഡെഫനിഷൻ പ്രൊജക്ടറുകൾ, അത്യാധുനിക സൗണ്ട് സിസ്റ്റങ്ങൾ എന്നിവയാണ് നിലവിൽ കോട്ടയുടെ ഒരു മൂലയിൽ ഉപയോഗശൂന്യമായി കിടക്കുന്നത്. റാണിപുരത്തെ ഡി.ടി.പി.സി കോട്ടേജുകളുടെ ശോച്യാവസ്ഥയ്ക്ക് പിന്നാലെ ബേക്കലിലെ ഈ വലിയ പരാജയം കൂടി പുറത്തുവരുമ്പോൾ കാസർകോട് ജില്ലയിലെ ടൂറിസം മേഖല നേരിടുന്ന കടുത്ത അവഗണനയാണ് വെളിവാകുന്നത്. അടുത്തിടെ 'ബോംബെ' സിനിമയുടെ മുപ്പതാം വാർഷികം ആഘോഷിക്കാൻ ബി.ആർ.ഡി.സിയുടെ നേതൃത്വത്തിൽ ലക്ഷണങ്ങൾ ചെലവഴിച്ചിരുന്നു. ഇത്തരം ആഡംബര ആഘോഷങ്ങൾ നടത്തുമ്പോഴും സ്ഥിരം സംവിധാനങ്ങൾ നശിക്കുന്നത് അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മയ്ക്ക് തെളിവാണ്.

കണ്ണൂരിലുംഇതേ രീതിയിലുള്ള ശബ്ദ വിളിച്ച സംവിധാനം ഒരുക്കിയെങ്കിലും ഏതാനും മാസങ്ങൾ മാത്രമാണ് അതും പ്രവർത്തിച്ചത്-അവിടെയുള്ള അതേ അനുഭവം കടൽക്കര ആയതിനാൽ ബേക്കലിലും ഉണ്ടാകുമെന്ന് നന്നായി അറിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പ് ഇതിനു താൽപര്യം കാണിച്ചത് തന്നെ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള വൻ അഴിമതിക്ക് കളമൊരുക്കാൻ ആണെന്ന് ആക്ഷേപമുണ്ട്.
ലക്ഷങ്ങൾ ചെലവഴിച്ച് ജനറേറ്റർ വാങ്ങിയെങ്കിലും അത് സംരക്ഷിക്കുന്നതിന് മഴ ഏൽക്കാത്ത വെക്കാനുള്ള സംവിധാനങ്ങൾ പോലും യഥാസമയം ചെയ്തിട്ടില്ല.

മൈസൂർ വൃന്ദാവൻ മോഡലിൽ ശബ്ദ വിളിച്ച ക്രമീകരണം ഏർപ്പെടുത്തിയാൽ ബേക്കലിൽ സന്ദർശകർ ഒരുപാട് എത്തിച്ചേരും എന്ന് ബന്ധപ്പെട്ടവർക്ക് അറിയാമെങ്കിലും ആ രീതിയിലേക്ക് ഒന്നുംഇതിനെക്കുറിച്ച് ആലോചിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ.
ഷോ ആരംഭിക്കുമ്പോൾ ബേക്കൽ കോട്ടയ്ക്ക് അകത്തേക്ക് നിലവിൽ വൈകിട്ട് 5 വരെ മാത്രമേ പ്രവേശിക്കാൻ അനുമതിയുള്ളൂ.പ്രവേശിച്ച എല്ലാവരും രണ്ടാമത് വീണ്ടും 125 രൂപയുടെ ടിക്കറ്റ് എടുത്ത് ഷോ കാണാൻ ഏഴ് മണിക്ക് വീണ്ടും പ്രവേശിക്കണം എന്നാണ് പുരാവസ്തു വകുപ്പിന്റെ പഴയ നിർദേശം. ഇത് സന്ദർശകരെ ഷോ കാണാതെ പോകുന്നതിന് പ്രേരിപ്പിക്കുകയാണ്.ആദ്യം ഒരു ടിക്കറ്റ് എടുത്ത് അകത്തു കയറിയാൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാൻ വീണ്ടും ടിക്കറ്റ് എടുക്കണം എന്ന് മാത്രമല്ല അസ്തമയത്തിനു മുമ്പ് കോട്ടയുടെ അകത്തുനിന്നും പുറത്തേക്ക് വരണമെന്ന് കർശന നിർദേശവും പുരാവസ്തു വകുപ്പിൻ്റെ ഭാഗത്തുനിന്നും ഉണ്ട്.

സൂര്യാസ്തമയം കാണാൻ ആരെങ്കിലും കോട്ടക്കകത്ത് നിന്നാൽ സെക്യൂരിറ്റി അവരെ അടിച്ചു പുറത്താക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പുരാവസ്തു വകുപ്പിൻ്റെ ഈ സമീപനത്തിൽ മാറ്റം വന്നാൽ മാത്രമേ ബേക്കൽ കോട്ടയ്ക്ക് അകത്ത് വൈകുന്നേരങ്ങളിൽ ആളുകൾ എത്തുകയുള്ളൂവെന്ന നിലപാടാണ് ടൂറിസം വകുപ്പിന്.

തിരുവനന്തപുരത്ത് യോഗം വിളിക്കാൻ ടൂറിസം വകുപ്പ് താല്പര്യമെടുക്കുന്നുണ്ടെങ്കിലും നിലവിലുള്ള ഉപകരണങ്ങൾ നന്നാക്കി ഇനി ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ ബേക്കൽ കോട്ടയിൽ നടത്താൻ കഴിയില്ലെന്ന അഭിപ്രായമാണ് ഇതുമായി ബന്ധപ്പെട്ട ടെക്നീഷ്യന്മാർക്ക് ഉള്ളത്.ചുരുക്കി പറഞ്ഞാൽ ബേക്കൽ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കണ്ണൂർ മോഡലിൽ ഇല്ലാതായിരിക്കുന്നു .

-ബാലഗോപാലൻ പെരളത്ത്

Ads by Google
Ads by Google
TRENDING NOW