-->
ന്യൂഡല്‍ഹി: നമീബിയയ്‌ക്കെതിരേ ഇന്നു നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ കളിക്കാന്‍ സാധ്യത. ഓപ്പണര്‍ അഭിഷേക് ശര്‍മയെ വയറ്റിലുണ്ടായ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു.എസിനെതിരായ മത്സരത്തിനു മുന്‍പു തന്നെ അഭിഷേകിന് വയറ്റില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.കളിക്കാനിറങ്ങിയതോടെ ആരോഗ്യനില വഷളായെന്നുമാണു ടീം മാനേജ്‌മെന്റ് നല്‍കുന്ന വിവരം.
ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ ടീമിനൊപ്പം പരിശീലിക്കാന്‍ അഭിഷേകിന് ഇതുവരെ സാധിച്ചില്ല. അഭിഷേകിന് ശാരീരിക ക്ഷമത കൈവരിക്കാന്‍ രണ്ടു ദിവസം കൂടിവേണ്ടിവരുമെന്നു ഇന്ത്യന്‍ ടീം ബാറ്റിങ് കോച്ച് റയാന്‍ ടെന്‍ ദോഷെ പറഞ്ഞു. യു.എസിനെതിരേ നടന്ന ആദ്യ മത്സരത്തില്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു. താരം ഫീല്‍ഡിങ്ങിന് ഇറങ്ങിയുമില്ല. അഭിഷേകിനു പകരം സഞ്‌ജുവാണു ഫീല്‍ഡറായി കളിച്ചത്. നമീബിയയ്‌ക്കെതിരെ അഭിഷേക് ഇറങ്ങുന്ന കാര്യം സംശയമാണെന്ന് ടെന്‍ ദോഷെ പത്ര സമ്മേളനത്തില്‍ വ്യക്‌തമാക്കി. സഞ്‌ജുവും ഇഷാന്‍ കിഷനുമായിരിക്കും ഇന്ന് ഇന്ത്യയുടെ ഓപ്പണിങ് സഖ്യമാകുക.
മത്സരത്തിനു മുന്നോടിയായി ഇഷാനും സഞ്‌ജുവും ഒരുമിച്ച് ബാറ്റിങ് പരിശീലനം നടത്തി. 15 നു പാകിസ്‌താനെതിരേ കൊളംബോയില്‍ നടക്കുന്ന മത്സരത്തിനു മുമ്പ് അഭിഷേക് ശാരീരിക ക്ഷമത വീണ്ടെടുക്കുമെന്നാണു പ്രതീക്ഷ. പരുക്കു ഭേദമായ സ്‌പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്‌ടന്‍ സുന്ദര്‍, സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നു. യു.എസിനെതിരേ ബുംറ കളിച്ചില്ല. ബുംറ വരുന്നതോടെ മുഹമ്മദ് സിറാജ്, അര്‍ഷ്‌ദീപ് സിങ് എന്നിവരിലൊരാള്‍ പുറത്തിരിക്കും.
2021 ലോകകപ്പിലാണ് ഇന്ത്യയും നമീബിയയും തമ്മില്‍ ആദ്യമായി ഏറ്റുമുട്ടിയത്. നവംബര്‍ എട്ടിനു നടന്ന മത്സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിനു ജയിച്ചു. ആദ്യം ബാറ്റ് ചെയ്‌ത നമീബിയ എട്ട് വിക്കറ്റിന് 132 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ 16-ാം ഓവറില്‍ ലക്ഷ്യത്തിലെത്തി.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (നായകന്‍), അക്ഷര്‍ പട്ടേല്‍, അഭിഷേക് ശര്‍മ, സഞ്‌ജു സാംസണ്‍, ജസ്‌പ്രീത് ബുംറ, ശിവം ദുബെ, അര്‍ഷദീപ് സിങ്, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, തിലക് വര്‍മ, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്‌ടണ്‍ സുന്ദര്‍.
നമീബിയ ടീം: ജെറാഡ് ഇറാസ്‌മസ് (നായകന്‍), യാന്‍ ബാള്‍ട്ട്, ജാക്ക് ബ്രാസല്‍, യാന്‍ ഫ്രിലിങ്ക്, സാനെ ഗ്രീന്‍, മാക്‌സ് ഹീങ്കോ, മാലാന്‍ ക്രൂഗര്‍, ഡൈലാന്‍ ലീചര്‍, യാന്‍ നികോള്‍ ലോഫ്‌റ്റി ഈറ്റന്‍, വില്യം മൈബ്രോ, ബെര്‍നാഡ് സ്‌കൂറ്റ്‌സ്, ബെന്‍ ഷികോങോ, ജെജെ സ്‌മിറ്റ്, ലോറന്‍ സ്‌റ്റീന്‍കാമ്പ്, റൂബന്‍ ട്രംപല്‍മാന്‍.