Friday, March 13, 2026 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.19 AM

കൊച്ചിയില്‍ വീണ്ടും ഐ.എസ്‌.എല്‍.

uploads/news/2026/02/825075/sp5.jpg

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ (ഐ.എസ്‌.എല്‍.) ഫുട്‌ബോള്‍ 2025-26 സീസണിനു 14 നു തുടക്കമാകും. കൊല്‍ക്കത്ത സാള്‍ട്ട്‌ ലേയ്‌ക്കു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും ഏറ്റുമുട്ടും.
കൊച്ചി ഇക്കുറിയും ഐ.എസ്‌.എല്‍. മത്സരങ്ങള്‍ക്കു വേദിയാണ്‌. 22 നാണു കൊച്ചിയിലെ ആദ്യ മത്സരം. ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ ആദ്യമത്സരം മുംബൈ സിറ്റിയുമായാണ്‌. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ മെയ്‌ വരെ ആകെ ഒമ്പതു മത്സരങ്ങളാണുള്ളത്‌. നിരവധി ആശങ്കകള്‍ക്കും അനിശ്‌ചിതത്വങ്ങള്‍ക്കും ഒടുവിലാണ്‌ ഇത്തവണ ഐ.എസ്‌.എല്‍. മത്സരങ്ങള്‍ നടക്കുന്നത്‌. സീസണില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരിട്ടാണ്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ സംഘടിപ്പിക്കുക. മത്സരങ്ങള്‍ കൊച്ചിയില്‍ നടത്തണമെന്ന ആവശ്യം ഉന്നയിച്ച്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജി.സി.ഡി.എയ്‌ക്കു കത്ത്‌ നല്‍കിയിരുന്നു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ ജി.സി.ഡി.എ. നേതൃത്വം അഭ്യര്‍ഥന അംഗീകരിച്ചതായി ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്‌പോണ്‍സര്‍മാരുടെ കുറവും സീസണ്‍ കാലാവധി കുറഞ്ഞതും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. മെസിയും അര്‍ജന്റീന ടീമും കൊച്ചിയിലെത്തുമെന്ന പ്രതീക്ഷയില്‍ സ്‌റ്റേഡിയം നവീകരിച്ച ശേഷമുള്ള ആദ്യ മത്സരങ്ങളാണിത്‌. ഫീല്‍ഡ്‌ ഓഫ്‌ പ്ലേയിലെ ടര്‍ഫ്‌ രാജ്യാന്തര നിലവാരത്തില്‍ നവീകരിച്ചു. മെയിന്റനന്‍സ്‌ നിലവില്‍ ജി.സി.ഡി.എ. നേരിട്ടാണ്‌. സ്‌റ്റേഡിയത്തിന്റെ ലോവര്‍ ടിയറിലെ എല്ലാ ചെയറുകളും മാറ്റി പുതിയ ചെയറുകള്‍ സ്‌ഥാപിച്ചു. വി.ഐ.പി. ഏരിയയില്‍ പ്രത്യേകമായി പുതിയ എച്ച്‌.ഡി.പി.ഇ. കസേരകളും സ്‌ഥാപിച്ചു. 48 ടോയ്‌ലറ്റ്‌ ബ്ലോക്കുകളില്‍ മെഡിക്കല്‍ റൂം, ഹോം ടീം റൂം, എവേ ടീം റൂം, ഒന്നാം നിലയിലെ വി.ഐ.പി. ലേഡീസ്‌ ടോയ്‌ലറ്റ്‌, രണ്ടാം നിലയിലെ പുരുഷ ടോയ്‌ലറ്റ്‌ ബ്ലോക്കുകള്‍ എന്നിവയില്‍ ടൈലിങ്‌, സാനിറ്ററി ഫിറ്റിങ്‌ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു.
മാര്‍ച്ചില്‍ കൊച്ചിയില്‍ രാജ്യാന്തര മത്സരം നടക്കുന്നുണ്ട്‌. തായ്‌ലന്‍ഡുമായി ഇന്ത്യന്‍ ടീം മാറ്റുരയ്‌ക്കും. കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കൊച്ചിയില്‍ നടത്താനാണു ശ്രമം. ഫുട്‌ബോള്‍ ഇതര മത്സരങ്ങളും ഇവിടെ ഉദ്ദേശിക്കുന്നു. പങ്കാളികളെ ഉള്‍പ്പെടുത്തി വരുമാനം പങ്കിടുന്ന രീതി നടപ്പാക്കുന്നതും പരിഗണനയിലുണ്ട്‌. സ്‌റ്റേഡിയം നവീകരിച്ച സ്വകാര്യ സ്‌ഥാപനത്തിനു നടത്തിപ്പു കൈമാറില്ല. അവരുടെ വേദനം മുന്‍നിര്‍ത്തി ചില ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരുമെന്നും ചന്ദ്രന്‍ പിള്ള പറഞ്ഞു.

Ads by Google
Thursday 12 Feb 2026 01.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW