-->
തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കേ പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പസംഗമത്തെക്കുറിച്ച് ബോര്‍ഡ് യോഗത്തിന്റെ മിനിട്‌സുകളില്‍ പരാമര്‍ശമില്ലെന്ന് എസ്.ഐ.ടി. ചൂണ്ടിക്കാട്ടുന്നു. സംഗമത്തിനു സര്‍ക്കാരിന്റെയോ ദേവസ്വം ബോര്‍ഡിന്റെയോ ഫണ്ട് ഉപയോഗിക്കരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്തുമെന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്.
അയ്യപ്പസംഗമത്തിന് എട്ടുകോടി രൂപ ചെലവാകുമെന്ന് മന്ത്രിതലത്തില്‍ പറഞ്ഞിരുന്നെങ്കിലും, സ്‌പോണ്‍സര്‍ഷിപ്പിലൂടെ എത്ര തുക ലഭിച്ചെന്നു വ്യക്‌തമല്ല. ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍നിന്നാണ് സംഗമത്തിനു ചെലവായ 3.4 കോടി രൂപ എടുത്തതെന്നാണ് കണ്ടെത്തല്‍. ഇതോടെ സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം ബോര്‍ഡിലെ സാമ്പത്തികക്രമക്കേടുകളിലേക്കും വ്യാപിക്കുകയാണ്.
കൊടിമരത്തിനു സ്വര്‍ണം സ്വീകരിച്ചതില്‍ ക്രമക്കേട്
അതേസമയം, ശബരിമലയിലെ കൊടിമരം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് എസ്.ഐ.ടിയുടെ പക്കലുള്ള ഫയലുകള്‍ വിജിലന്‍സ് ആവശ്യപ്പെട്ടു. കൊടിമരനിര്‍മാണത്തിനായി ഭക്‌തരില്‍നിന്നു സ്വര്‍ണം സ്വീകരിച്ചതില്‍ മുന്‍ അഡ്വക്കേറ്റ് കമ്മിഷണര്‍ എ.എസ്.പി. കുറുപ്പ് ചട്ടലംഘനം നടത്തിയതായി വിജിലന്‍സ് കണ്ടെത്തി. എക്‌സിക്യൂട്ടീവ് ഓഫീസറെ ഒഴിവാക്കിയാണ് സ്വര്‍ണം നേരിട്ട് സ്വീകരിച്ചത്. സ്വര്‍ണം നല്‍കിയവരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
സുനില്‍ ജെ. സണ്ണി