-->
കൊച്ചി: ചോറ്റാനിക്കരയില്‍ പതിനാറുകാരി പാറക്കുളത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കേസന്വേഷണം പ്രത്യേക സംഘത്തിനു കൈമാറി. ലോക്കല്‍ പോലീസിന്റെ അന്വേഷണം പാളിയെന്ന കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്നാണു നടപടി. പോലീസിന്റെ മെല്ലെപ്പോക്കിനെതിരേ സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. പുത്തന്‍കുരിശ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സൈബര്‍ വിദഗ്‌ധരെ ഉള്‍പ്പെടുത്തിയായിരിക്കും ഇനിയുള്ള അന്വേഷണം.
ജനുവരി 27 നാണ് വീടിനടുത്തുള്ള കരിങ്കല്‍ ക്വാറിയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊറിയന്‍ സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് താന്‍ പോകുന്നുവെ ന്നായിരുന്നു ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കം. എന്നാല്‍ കൊറിയന്‍ സൗഹൃദമല്ല കുട്ടിയുടെ മരണത്തിനു പിന്നിലെന്ന് അധ്യാപകര്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പ് മറ്റാരെങ്കിലും എഴുതിപ്പിച്ചതാണോയെന്ന സംശയവും ബലപ്പെടുകയാണ്.
സംഭവം നടന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പോലീസ് തയാറാകാതിരുന്നത് വിവാദമായിരുന്നു. ഒടുവില്‍ ഫോണ്‍ തുറന്നു നോക്കിയപ്പോള്‍ ഇന്‍സ്‌റ്റാഗ്രാം, വാട്‌സാപ്പ് ചാറ്റുകള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്‌തതായാണു കാണപ്പെട്ടത്. കൊറിയന്‍ സുഹൃത്തിനെക്കുറിച്ചുള്ള ഒരു സൂചനയും ഫോണിലില്ല. ഇതോടെയാണ് സൈബര്‍ വിദഗ്‌ധരെ ഉള്‍പ്പെടുത്തി എസ്.ഐ.ടി. രൂപീകരിക്കാന്‍ തീരുമാനിച്ചത്.
ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്. ഫോണ്‍ പരിശോധിക്കാന്‍ വൈകിയതിലൂടെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ക്കു സമയം കിട്ടിയോ എന്ന സംശയം ബാക്കിയാണ്.