Tuesday, March 10, 2026 Last Updated 22 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.33 PM

കൊച്ചിയില്‍ എ.എസ്‌.ഐയെ കാര്‍ ഇടിപ്പിച്ച പ്രതികളെ കൊല്ലത്തുനിന്ന്‌ പിടികൂടി

uploads/news/2026/02/827457/k8c.jpg

കൊച്ചി: നഗരത്തില്‍ വാഹനപരിശോധനയ്‌ക്കിടെ പോലീസ്‌ ഉദ്യോഗസ്‌ഥനെ കാര്‍ ഇടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കൊല്ലത്തുനിന്ന്‌ പിടികൂടി. കൊല്ലം ചവറ പന്മന കോട്ടയില്‍ വീട്ടില്‍ ഷംനാദ്‌ (22), പയ്യലക്കാവ്‌ അമ്പലത്തി ബംാവില്‍ ഇര്‍ഷാദ്‌ (37) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
കഴിഞ്ഞ 25-ന്‌ രാത്രി പതിനൊന്നരയോടെ കലൂര്‍-ദേശാഭിമാനി റോഡില്‍ നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥര്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ്‌ സംഭവം. കൈകാണിച്ചപ്പോള്‍ വേഗത കുറച്ച ബെലേനോ കാര്‍, ഉദ്യോഗസ്‌ഥര്‍ അരികിലെത്തിയതോടെ അമിതവേഗത്തില്‍ മുന്നോട്ടെടുത്ത്‌ എ.എസ്‌.ഐ: പി.എന്‍. സന്തോഷിനെ ഇടിപ്പിച്ചു.
ബോണറ്റിലേക്കു തെറിച്ചുവീണ സന്തോഷുമായി കാര്‍ മീറ്ററുകളോളം പാഞ്ഞു. തുടര്‍ന്ന്‌ സഡന്‍ ബ്രേക്കിട്ട്‌ റോഡിലേക്കു വീഴിച്ചശേഷം അമിതവേഗത്തില്‍ ഓടിച്ചുപോയി.
തലയ്‌ക്കും കാലിനും ഗുരുതരപരുക്കേറ്റ സന്തോഷിനെ സഹപ്രവര്‍ത്തകര്‍ അടുത്തുള്ള സ്വകാര്യാശുപത്രിയിലെത്തിച്ചു. നിലവില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്‌. ഇന്നലെ വൈകിട്ട്‌ കൊല്ലത്തുനിന്ന്‌ പിടികൂടിയ പ്രതികളെ രാത്രി കൊച്ചിയിലെത്തിച്ചു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ്‌ കേസ്‌. നൂറോളം സി.സി. ടിവി ക്യാമറകള്‍ പരിശോധിച്ചാണ്‌ പ്രതികളെ പിന്തുടര്‍ന്ന്‌ കണ്ടെത്തിയത്‌.
എറണാകുളം സെന്‍ട്രല്‍ അസിസ്‌റ്റന്റ്‌ പോലീസ്‌ കമ്മിഷണര്‍ രാജന്‍ കെ. അരമനയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. കാര്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പ്രതികള്‍ക്കു ലഹരി ഇടപാടുണ്ടോയെന്നും പരിശോധിക്കുന്നു.

Ads by Google
Thursday 26 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW