-->
പാലാ: മദ്യപിച്ചശേഷം നിര്‍മാണത്തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് പാലായ്‌ക്കുസമീപം ഒരാള്‍ ചവിട്ടേറ്റു മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പന്നിയോട് നാഗശേരി റോഡരികത്ത് ഷാജി (57) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തിരുവനന്തപുരം പള്ളിച്ചല്‍ നരിമൂട് അമ്മാണിമല (അനില്‍ഭവന്‍) ശ്യാം കുമാറിനെ (29) പാലാ പോലീസ് അറസ്‌റ്റ് ചെയ്‌തു.
പാലാ, മുരിക്കുംപുഴ പാറപ്പള്ളി പമ്പ് ഹൗസിനു സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിലാണു സംഭവം. കോണ്‍ക്രീറ്റ് പണിക്കായി എത്തിയതാണ് തിരുവനന്തപുരം സ്വദേശികളായ ഏഴംഗസംഘം. ഷാജിയും ശ്യാം കുമാറും അകന്ന ബന്ധുക്കളും അടിപിടിയുമായി ബന്ധപ്പെട്ട് മുന്‍വൈരാഗ്യം ഉള്ളവരുമായിരുന്നെന്നു പോലീസ് പറയുന്നു.
കഴിഞ്ഞ 19 ന് വൈകിട്ട് ജോലിക്കുശേഷം തൊഴിലാളികള്‍ മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഷാജിയും ശ്യാമും തമ്മില്‍ വാക്കേറ്റവും അടിപിടിയും ഉണ്ടായി. സുഹൃത്തുക്കള്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. ഇതിനുശേഷം ശ്യാം കുടുംബസമേതം താമസിക്കുന്ന പാറപ്പള്ളിക്കടുത്തുള്ള വീട്ടിലേക്കു പോയി.
രാത്രി പതിനൊന്നോടെ പണിസ്‌ഥലത്തേക്കു തിരിച്ചെത്തിയ ശ്യാം, മയങ്ങിക്കിടക്കുകയായിരുന്ന ഷാജിയുടെ നെഞ്ചില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചു. മറ്റു തൊഴിലാളികള്‍ വിവരം കരാറുകാരനെ അറിയിച്ചു. സംഭവം നടന്ന് ഒരുമണിക്കൂറോളം കഴിഞ്ഞ് ഷാജിയെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചവിട്ടേറ്റു വാരിയെല്ലുകള്‍ ഒടിഞ്ഞു ശ്വാസകോശത്തില്‍ കയറിയാണു മരണമെന്നാണ് പ്രാഥമിക നിഗമനം. കരാറുകാരന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്‌ഥലത്തെത്തി തെളിവെടുപ്പു നടത്തി. ശ്യാം കുമാറിനെ വാടകവീട്ടില്‍നിന്നാണു പിടികൂടിയത്.