-->
കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ വനിതാ ഡോക്‌ടര്‍ താമസിച്ച മുറിയില്‍ കയറി നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന കേസില്‍ തമിഴ്‌നാട് മധുര സ്വദേശി സതീഷ്‌കുമാറിനെ മൂന്നാറില്‍നിന്നു പിടികൂടി. വിരലടയാളം പിന്തുടര്‍ന്നു നടത്തിയ ശാസ്‌ത്രീയ അന്വേഷണത്തിലാണ് എളമക്കര പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ഡിസംബര്‍ 23ന് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലെ 103-ാം നമ്പര്‍ മുറിയിലായിരുന്നു കവര്‍ച്ച. ആലപ്പുഴ സ്വദേശി ഡോ. ഷഹാനയാണ് ഇവിടെ താമസിച്ചിരുന്നത്. ഡോക്‌ടര്‍ പുറത്തുപോയപ്പോള്‍ വാതില്‍ പൂട്ടാന്‍ മറന്നു. ഈ സമയത്താണ് മോഷണം നടന്നത്. സി.സി. ടിവി ദൃശ്യത്തില്‍നിന്നു മോഷ്‌ടാവ് ഓട്ടോറിക്ഷയില്‍ ചക്കരപ്പറമ്പിലെ ആക്രിക്കടയില്‍ പോകുന്ന ദൃശ്യം പോലീസിനു ലഭിച്ചു.
മൂന്നാറില്‍ ഒളിച്ചുതാമസിച്ച പ്രതിയെ കണ്ടെത്താന്‍ ഹോട്ടല്‍മുറിയിലെ വിരലടയാളം സഹായകമായി. മോഷ്‌ടിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ 5000 രൂപയ്‌ക്കു വിറ്റതായി പോലീസിനോടു സതീഷ് വെളിപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.