-->
കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വളരെ വേഗത്തില്‍ ട്രെന്‍ഡിംഗായി മാറാറുണ്ട്. നിയമങ്ങളെക്കുറിച്ചും നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാന്‍ വളരെ രസകരമായ റീലുകളും മീമുകളുമാണ് പലപ്പോഴും കേരള പോലീസ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കിടാറുള്ളത്. അവയൊക്കെ നിമിഷ നേരം കൊണ്ട് ജനങ്ങള്‍ ഏറ്റെടുത്ത് തരംഗമാക്കാറുണ്ട്.
ഇപ്പോഴിതാ കേരള പോലീസിന്റെ പുത്തന്‍ പോസ്റ്റിന് മറുപടി കമന്റ് നല്‍കുകയാണ് പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. കേരള പോലീസ് അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കിട്ട രസകരമായ ഒരു റീല്‍ വീഡിയോയില്‍ ‘ഹെൽമെറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് ദുൽഖർ സൽമാന് നിങ്ങളോട് പറയാനുള്ളത് എന്താണ്?’ എന്ന ചോദ്യമാണ് കേരള പോലീസ് പങ്കിട്ടത്.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗം പങ്കിട്ടായിരുന്നു കേരള പോലീസിന്റെ ചോദ്യം. ഒപ്പം ‘ദുല്‍ഖര്‍ സല്‍മാന്‍ കമന്റ് ചെയ്യുമോ ?’ എന്ന ചോദ്യവും അവര്‍ ചോദിച്ചു. അതിന് മറുപടിയായി, ‘ഹെൽമെറ്റ് മസ്റ്റ്’ എന്ന് ദുൽഖർ കുറിച്ചു. കേരള പോലീസിന്റെ ചോദ്യവും ദുല്‍ഖറിന്റെ മറുപടി കമന്റും നിമിഷനേരം കൊണ്ട് വൈറലായി.
ഹെൽമെറ്റ് ധരിക്കാൻ ഒട്ടും താല്‍പര്യമില്ലാത്ത കല്യാണി പ്രിയദർശൻ അവതരിപ്പിച്ച കഥാപാത്രത്തോട്, ഹെൽമെറ്റ് മസ്റ്റാണെന്ന് ദുൽഖർ പറയുന്ന ഭാഗം കട്ട് ചെയ്ത് തങ്ങളുടെ ഔദ്യോഗിക പേജിൽ കേരള പോലീസ് പങ്കുവച്ചു. ദുൽഖർ ഈ റീലിൽ പ്രതികരിക്കുമോ എന്നും, ‘ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്കെ’ന്നും പോലീസ് കമന്റ് ബോക്സിൽ കുറിച്ചിരുന്നു. അതിനാണ് ദുല്‍ഖര്‍ മറുപടി നല്‍കിയത്. ദുല്‍ഖറിന് കേരള പൊലീസ് ‘നന്ദി’ പറഞ്ഞും കമന്റിട്ടിട്ടുണ്ട്.
പോസ്റ്റ് വൈറലായതോടെ നിരവധി ആരാധകരും രസകരമായ കമന്റുകളിട്ടു തുടങ്ങി. അതോടെ ‘സ്റ്റോറി നോക്കിയേ പുള്ളി വന്നിട്ടുണ്ട്...’ എന്നായി കേരള പോലീസ്.
പോസ്റ്റിനുള്ളിൽ സുരക്ഷാ സന്ദേശവും ഉണ്ടായിരുന്നു. വാലന്റൈൻസ് ദിനത്തിൽ പങ്കാളികളോടൊപ്പം പുറത്തിറങ്ങുന്നവർ ഹെൽമെറ്റ് ധരിക്കണമെന്നും യുവാക്കൾ റോഡിൽ സുരക്ഷിതരായിരിക്കണമെന്നും പോലീസ് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു രസകരമായ റീല്‍ പോലീസ് പങ്കിട്ടത്.
കരിയറിലും മികച്ച കഥാപാത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് ദുല്‍ഖര്‍. നഹാസ് ഹിദായത്തിന്റെ വരാനിരിക്കുന്ന ‘ഐ എം ഗെയിം’ എന്ന ചിത്രത്തിനായി തയ്യാറെടുക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.