-->
കൊച്ചി: കെറ്റാമൈന്‍ രാസലഹരി കള്ളക്കടത്തിലെ മുഖ്യപ്രതി എഡിസനെപ്പറ്റിയുള്ള ആദ്യസൂചന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു നല്‍കിയതു കേരള പോലീസ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതു സംബന്ധിച്ച വിവരം കൈമാറിയത്. കേരള പോലീസിന്റെ ഡാര്‍ക്ക് വെബ് പട്രോളിങ്ങില്‍ 25 മയക്കുമരുന്നു കടത്തുകാരുടെ വിവരങ്ങളാണു കണ്ടെത്തിയത്. മയക്കുമരുന്നു കടത്തുകാര്‍ ഡാര്‍ക്ക് വെബ്‌സൈറ്റുകള്‍വഴി വാങ്ങുന്നവരെ സജീവമായി തെരയുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇടപാടുകാരില്‍ ഏറെയും മലയാളികളാണ്.
സൈബര്‍ മേഖലയില്‍ നിയമവിരുദ്ധ ഇടപാടുകളില്‍ വര്‍ധന കണ്ടെത്തിയതോടെയാണു ഡാര്‍ക്ക് വെബ് വഴി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് കടത്തുകാരെ തിരിച്ചറിയാന്‍ സൈബര്‍ വിഭാഗവും സാങ്കേതിക ഇന്റലിജന്‍സ് വിഭാഗവും നീക്കമാരംഭിച്ചത്. ഇടപാടുകാരായ പുരുഷന്മാരില്‍ ഭൂരിഭാഗവും ഐടി പ്രഫഷണലുകളോ സാങ്കേതിക വിദഗ്ദ്ധരായ യുവാക്കളോ സമ്പന്ന പശ്ചാത്തലങ്ങളില്‍നിന്നുള്ളവരോ ആണെന്നും കണ്ടെത്തി.
ഇവരില്‍ ചിലര്‍ ഇതിനകം വലയിലായിട്ടുണ്ട്. തിരിച്ചറിഞ്ഞ 25 മയക്കുമരുന്ന് കടത്തുകാരില്‍ ഒരാളൊഴികെ മറ്റെല്ലാവരും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടു നടത്തിയത്. ഒരു കേസില്‍മാത്രമാണു ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചത്. ഇതോടെയാണു എഡിസനിലേക്ക് അന്വേഷണം നീണ്ടത്. വില്‍പനക്കാരില്‍ ഭൂരിഭാഗവും പുതിയ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പേമെന്റ് ആപ്പുകള്‍ വഴിയും പണം കൈപ്പറ്റിയിട്ടുണ്ട്.
ഡാര്‍ക്ക് വെബ് വില്‍പ്പനയില്‍ വാങ്ങുന്നവരും വില്‍ക്കുന്നവരും തമ്മില്‍ നേരില്‍ കാണാത്തതിനാല്‍, കടത്തുകാരെ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് അന്വേഷണ സംഘാംഗം പറഞ്ഞു. ഡാര്‍ക്ക് വെബില്‍ വില്‍പ്പനക്കാരും വാങ്ങുന്നവരും മരുന്നുകളുടെ ലഭ്യതയെയും ആവശ്യകതയെയും കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ഇടപാട് ഉറപ്പിച്ചു പണം കൈമാറ്റം ചെയ്തുകഴിഞ്ഞാല്‍, മയക്കുമരുന്ന് കൊറിയര്‍ വഴി വീട്ടുപടിക്കലെത്തിക്കും. വിദേശത്തുനിന്നും ആഭ്യന്തര റാക്കറ്റുകളില്‍നിന്നും ആണു വില്‍പനക്കാര്‍ മയക്കുമരുന്ന് വാങ്ങുന്നത്.
ഇത്തരത്തില്‍ വില്‍പന നടത്തുന്ന മൊത്തക്കച്ചവടക്കാരനാണ് എഡിസന്‍. എന്നിരുന്നാലും ഓണ്‍ലൈന്‍ കച്ചവടക്കാര്‍ അവരുടെ ഇടപാടുകാര്‍ക്കു മിതമായ അളവില്‍മാത്രമേ മയക്കുമരുന്ന് വിതരണം ചെയ്യുന്നുള്ളൂവെന്നാണു കണ്ടെത്തിയത്. സെര്‍ച്ച് എന്‍ജിനുകള്‍ക്കു സൂചികയിലാക്കാന്‍ കഴിയാത്തതും പ്രത്യേക സോഫ്റ്റ്‌വേറും ഉപകരണങ്ങളും ആവശ്യമുള്ളതുമായ ഇന്റര്‍നെറ്റിന്റെ ഒരു എന്‍ക്രിപ്റ്റഡ് ഭാഗമാണ് ഡാര്‍ക്ക്‌വെബ്.