-->
വലിയ ആവേശത്തോടെ ക്രിക്കറ്റിനെ സ്നേഹിക്കുകയും ക്രിക്കറ്റർമാരെ ആരാധിക്കുകയും ചെയ്യുന്ന ഒരുപാട് കായിക പ്രേമികൾ ഉള്ള രാജ്യമാണ് ഇന്ത്യ. വളരുമ്പോൾ സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുക എന്ന സ്വപ്നവും നെഞ്ചിലേറ്റിയാണ് ഇവിടുത്തെ ഓരോ തലമുറയും വളരുന്നത്.
പല കുട്ടിത്താരങ്ങളുടേയും അതിശയിപ്പിക്കുന്ന ക്രിക്കറ്റ് സ്കില്‍ വിഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു കൊച്ചു ക്രിക്കറ്റരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
വാഹനങ്ങളില്ലാത്ത റോഡില്‍ നിന്ന് ഹെല്‍മറ്റും പാഡുമെല്ലാം അണിഞ്ഞ് ബാറ്റ് ചെയ്യുകയാണ് ഒരു കൊച്ചു മിടുക്കൻ. തന്റെ കുഞ്ഞിക്കൈയിൽ പിടിച്ചിരിക്കുന്ന ബാറ്റിൽ നിന്ന് ഒരു അസാധ്യ നോ ലൂക്ക് ഷോട്ട് ആണ് കൊച്ചു മിടുക്കൻ പറപ്പിക്കുന്നത്. ടൈമിങ്ങും ബാറ്റിംഗ് കണക്ഷനും എല്ലാം ഒത്തിണങ്ങി വന്നപ്പോഴുള്ള ആ ഷോട്ട് കണ്ട് കൈയടിക്കുകയാണ് കാഴ്ച്ചക്കാർ. ജിഷൻ ക്രിക്കറ്റർ ബിശ്വാസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. ‘‘ബിസിസിഐയുടെ പിന്തുണ ഉണ്ടെങ്കിൽ, ഒരു 4 വയസ്സുകാരന് വളരെ വേഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയും. ദയവായി പിന്തുണയ്ക്കുക...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. നാല് വയസാണ് കുട്ടിയുടെ പ്രായം എന്നാണ് ഇൻസ്റ്റഗ്രാം വിഡിയോകളില്‍ പറയുന്നത്. രണ്ട് വയസായപ്പോള്‍ ആരംഭിച്ചതാണ് ഈ കുരുന്നിന്റെ ക്രിക്കറ്റ് യാത്രയെന്നും കുറിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ വിരാട് കോഹ്‌ലി, സച്ചിൻ തെണ്ടുൽക്കർ, രോഹിത് ശർമ്മ, ഇന്ത്യൻ ക്രിക്കറ്റ് ടീം, ആകാശ് ചോപ്ര എന്നിങ്ങനെ ടാഗ് ചെയ്തിട്ടുമുണ്ട്.
ഏകദേശം രണ്ട് കോടിയോളും ആളുകളാണ് ഈ വിഡിയോ കണ്ടത്. ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സജന സജീവനും ഈ കുട്ടിക്കുരുന്നിന് കൈയടിച്ച് കമന്റ് കുറിക്കുന്നുണ്ട്. ‘വൈഭവ് സൂര്യവൻഷിയുടെ സ്ഥാനം ഭീഷണിയില്‍, വൈഭവ് സൂര്യവംശി 14 വയസ്സ്- ജിഷൻ 4 വയസ്സ്, സൂപ്പര്‍ ഷോട്ട്...’ എന്നതടക്കമാണ് കമന്റുകള്‍. എന്നാല്‍ ഒരു കൂട്ടര്‍ ഇത് ഫേക്ക് വീഡിയോയാണെന്നും എഐ വിഡിയോ ആണെന്നും കമന്റുകൾ കുറിക്കുന്നുണ്ട്.